ഏറ്റവും കൂടുതൽ ആസ്വാദ്യകരവും രുചികരവുമായ പാനീയങ്ങളാണ് സ്മൂത്തി പാനീയങ്ങൾ. ചൂടുള്ള വേനൽക്കാല ദിവസങ്ങളിൽ ഇവ വളരെ ഉന്മേഷദായകമാണ്. അവശ്യ പോഷകങ്ങൾ അടങ്ങിയതിനാൽ ഇവ ഒരു നേരത്തെ ഭക്ഷണമായും കഴിക്കാം. കടയിൽ പോയി വാങ്ങി കുടിക്കുന്നതിന് പകരം എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം.
ചേരുവകൾ:
- നേന്ത്രപ്പഴം - 1
- ആപ്പിൾ - 2 എണ്ണം
- ഈന്തപ്പഴം - 15 എണ്ണം
- പാൽ - ¼ കപ്പ് + 2½ കപ്പ്
- കൊക്കോ പൗഡർ - 1 ടേബിൾസ്പൂൺ
- ബിസ്ക്കറ്റ് - 15 എണ്ണം
- കശുവണ്ടിയും ബദാമും - അലങ്കരിക്കുന്നതിന്
തയാറാക്കുന്ന വിധം:
- കുരുകളഞ്ഞ ഈന്തപ്പഴത്തിൽ പാൽ ഒഴിച്ച് 15 മിനിറ്റ് നേരം കുതിർത്തുവയ്ക്കുക, ഇത് മിക്സിയുടെ ജാറിലേക്ക് ഇട്ട് അടിച്ചെടുക്കാം.
- ഇത് ഒരു പാനിലേക്ക് ഒഴിച്ച് കൊക്കോപൗഡർ കൂടി ചേർത്ത് 2 മിനിറ്റ് നേരം ഇടത്തരം തീയിൽ ചൂടാക്കി എടുക്കാം, ഇത് ചൂടാറാൻ മാറ്റിവയ്ക്കാം.
- ഇനി അരിഞ്ഞെടുത്ത പഴവും ആപ്പിളും മിക്സിയുടെ ഒരു ജാറിലേക്ക് ഇട്ടുകൊടുക്കാം, ഇതിലേക്ക് ബിസ്ക്കറ്റ് കൂടി ചേർത്തു കൊടുക്കാം. ഇത് ഒരു ഡയറ്റ് ഫുഡ് ആയി കഴിക്കണം എന്നുള്ളവർ ബിസ്ക്കറ്റ് ചേർക്കേണ്ടതില്ല.
- തിളപ്പിച്ചു ചൂടാറിയ പാലുകുടി ഒഴിച്ചു കൊടുത്തശേഷം നന്നായിട്ട് അടിച്ചെടുക്കുക.
- തയാറാക്കിയ ഈന്തപ്പഴം മിശ്രിതം കൂടി ചേർത്തു ഒന്ന് അടിച്ചെടുക്കാം.
- ഇനി ഇത് ഗ്ലാസിലേക്കു ഒഴിച്ചു കൊടുക്കാം.
- ഡ്രൈ റോസ്റ്റ് ചെയ്ത നട്സ് കഷ്ണങ്ങളാക്കി മുകളിലിട്ട് അലങ്കരിക്കാം.
English Summary : Delicious, Fruits With Chocolate Smoothie.