ADVERTISEMENT

എളുപ്പം കേടാകുന്ന ഒന്നാണ് മത്സ്യം. രാസപ്രവര്‍ത്തനം നടന്ന് ഡൈ/ട്രൈമീതെയില്‍ അമോണിയ മത്സ്യത്തില്‍ തനിയെ ഉണ്ടാകുന്നതിനാല്‍ മീനില്‍ എളുപ്പം ബാക്ടീരിയ വളരും. ഇതു മൂലമാണ് മീന്‍ പെട്ടെന്നു കേടാകുന്നത്. അതിനാല്‍ മീന്‍ വാങ്ങുന്നതിനു മുമ്പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. 

  • കടലില്‍ നിന്നു പിടിക്കുന്ന മത്സ്യങ്ങള്‍ ചിലപ്പോള്‍ പത്തുദിവസം കഴിഞ്ഞേ തുറുമുഖത്തെത്താറുള്ളൂ. അതുകൊണ്ടു തന്നെ മാര്‍ക്കറ്റുകളില്‍ എത്തുന്നതിനു മുമ്പേ അതിന്റെ പുതുമ നഷ്ടപ്പെട്ടിട്ടുണ്ടാവും. നല്ല മത്സ്യത്തിന്റെത് ഉറച്ചതും തിളക്കമുള്ളതുമായ മാംസമായിരിക്കും.തൊട്ടുനോക്കിയാല്‍ നല്ല മാര്‍ദവം ഉണ്ടാകും.
  • മീന്‍ ഫ്രഷ് ആണോയെന്നറിയാന്‍ സഹായിക്കുന്ന ഘടകമാണ് ഗന്ധം. ഫ്രഷ് മീനിനു ദുര്‍ഗന്ധമോ അമോണിയയുടെ ഗന്ധമോ അനുഭവപ്പെടുകയില്ല. കടല്‍ മണമാണ് ഉണ്ടാവുക. കടലിലെ കാറ്റടിക്കുമ്പോഴുള്ളതുപോലത്തെ ഗന്ധം.
  • മത്സ്യത്തിന്റെ കണ്ണുകള്‍ പ്രത്യേകം ശ്രദ്ധിക്കുക. പുതിയ മത്സ്യത്തിന്റെ കണ്ണുകള്‍ തിളക്കമുള്ളതായിരിക്കും. മങ്ങല്‍ ഒട്ടും ഉണ്ടാവില്ല. അതിനല്‍പം തുടിപ്പും ഉണ്ടാകും. രാസവസ്തുക്കള്‍ ചേര്‍ത്ത മത്സ്യത്തിന്റെ കണ്ണുകള്‍ക്കു  നീലനിറമായിരിക്കും.
  • ചെകിളപ്പൂക്കള്‍ പരിശോധിക്കുക. ഫ്രഷ് ആണെങ്കില്‍ ചെകിളപൂക്കള്‍ ചുവപ്പു നിറവും നനഞ്ഞ പ്രകൃതവും ഉള്ളവ ആയിരിക്കും.
  • മുറിച്ച മത്സ്യം ഫ്രഷ് ആണോയെന്നറിയാന്‍ ഈര്‍പ്പമുണ്ടോയെന്നു നോക്കുക. ഫ്രഷ് എങ്കില്‍ നിറവ്യത്യാസവും ഉണ്ടായിരിക്കില്ല. 
  • മാംസം തന്നെ അടര്‍ന്നു പോരുന്നെങ്കില്‍ പുതിയ മീന്‍ ആയിരിക്കില്ല.
  • മത്സ്യത്തിന്റെ നിറവ്യത്യാസം ശ്രദ്ധിക്കുക. തവിട്ടു നിറവും അഗ്രഭാഗത്തെ മഞ്ഞനിറവും പതുപതുപ്പും മത്സ്യം പഴകിയതാണെന്ന് ഉള്ളതിന്റെ സൂചനകളാണ്.
  • വലിയ മീനുകള്‍ വാങ്ങുംമുമ്പ് പതിയെ കൈകൊണ്ട് ഒന്നമര്‍ത്തി നോക്കുക. ചെറുതായി താഴ്ന്നുവെങ്കില്‍ മീന്‍ അത്ര  പുതിയതാകണമെന്നില്ല. ഉറപ്പുള്ള മാംസം മീന്‍ പുതിയതാണ് എന്നതിന്റെ സൂചനയാണ്.
  • വലിയ മീനുകള്‍ മുറിക്കുമ്പോള്‍ ഉള്ളില്‍ നീലനിറത്തിലുള്ള  തിളക്കം കണ്ടാല്‍  അതില്‍ രാസപദാര്‍ഥങ്ങള്‍ ചേര്‍ത്തിട്ടുണ്ടെന്ന് ഉറപ്പിക്കാം. ഫ്രഷ് ആയ കക്കയുടെയും കല്ലുമ്മക്കായയുടേയും തോട് അല്‍പം തുറന്ന നിലയിലായിക്കും. പതിയെ കൈകൊണ്ട് തട്ടിയാല്‍ താനെ അടഞ്ഞുപോകും. ഫ്രീസറില്‍ വച്ച മീന്‍ വാങ്ങുമ്പോള്‍ നിറവിത്യാസമോ വെള്ളയോ കറുപ്പോ നിറത്തിലുള്ള പൊട്ടുകളോ ഉണ്ടോയെന്നു പരിശോധിക്കുക.

സുരക്ഷിതം മത്തി

ഭക്ഷ്യശൃംഖലയുടെ താഴെ തട്ടിലുള്ള ചെറിയ മത്സ്യമായതിനാല്‍ മത്തിയില്‍ മലിനീകരണത്തിനു സാധ്യത തീരെ കുറവാണ്. വില കുറവാണ്. എന്നാല്‍, പോഷകനിലവാരത്തില്‍ ഏറെ മുന്നിലാണ് താനും. ഇതെല്ലാം മത്തിയെ സാധാരണക്കാരന്റെ പ്രിയ മത്സ്യമാക്കുന്നു. ഒമേഗ-3 കൊഴുപ്പും കാത്സ്യവും മത്തിയില്‍ നിന്നു ധാരാളമായി ലഭിക്കും. മത്തി വറുത്തു കഴിക്കുന്നതിലും നല്ലത് മുളകരച്ച്  കറിവച്ചു കൂട്ടുന്നതാണ്. നെത്തോലി  പോലുള്ള ചെറിയ മത്സ്യങ്ങളും താരതമ്യേന സുരക്ഷിതമാണ്. ഇത്തരം മീനുകള്‍  പാചകം  ചെയ്യും മുമ്പ് ഉപ്പു ചേര്‍ത്ത് ഉരച്ചു  കഴുകിയിട്ടേ ഉപയോഗിക്കാവൂ. 

മലയാളിക്ക് ഏറെ ഇഷ്ട്ടപ്പെട്ട രുചിക്കൂട്ടാണ് ഷാപ്പിലെ മത്തിക്കറിയും കപ്പയും, വളരെ എളുപ്പത്തിൽ ഉള്ളി വഴറ്റാതെ നമുക്കിത് തയാറാക്കാം. റെസിപ്പി – ദീപ്തി, തൃശൂർ.

ചേരുവകൾ 

•മത്തി - ഒരു കിലോഗ്രാം
•ചെറിയ ഉള്ളി - 20-25
•ഇടത്തരം തക്കാളി - 1
•പച്ചമുളക് - 3
•വെളുത്തുള്ളി - 5
•ഇഞ്ചി - 2
•വാളൻ പുളി - നാരങ്ങാ വലുപ്പത്തിൽ
•കറിവേപ്പില
•മഞ്ഞൾപ്പൊടി - 1 ടീസ്പൂൺ
•ഉലുവാപ്പൊടി - 1/2 ടീസ്പൂൺ
•കാശ്മീരി മുളകുപൊടി - 3 1/2 ടേബിൾസ്പൂൺ
•വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
•ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം 

മീൻ കഴുകി വൃത്തിയാക്കി വയ്ക്കുക.
തക്കാളി ചെറുതായി അരിഞ്ഞെടുക്കുക. ചെറിയ ഉള്ളി, പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി, കറിവേപ്പില എന്നിവ കല്ലിൽ ചതച്ചെടുക്കുക.
പുളി കുറച്ചു ചൂടു വെള്ളത്തിൽ കുതിരാൻ ഇടുക. ശേഷം ഒരു മൺചട്ടിയിലേക്കു തക്കാളിയും ചതച്ചെടുത്ത മിശ്രിതവും ബാക്കി എല്ലാ ചേരുവകളും ചേർത്ത് നന്നായി കുഴച്ചെടുക്കുക. ആവശ്യമെങ്കിൽ കുറച്ചു കൂടി പുളി വെള്ളം ചേർക്കാം.
ശേഷം ഇത് തിളയ്ക്കുമ്പോൾ കഴുകി വൃത്തിയാക്കിയ മീൻ ഇട്ട് അടച്ചു വച്ച് വേവിക്കുക. ഇടയ്ക്കിടെ ചട്ടി ഒന്ന് ചുറ്റിച്ചു കൊടുക്കണം.
മീൻ നന്നായി വെന്തു കഴിഞ്ഞാൽ തീ ഓഫ് ചെയ്തു കുറച്ചു കറിവേപ്പിലയും പച്ചമുളകും കൂടി ചതച്ചത് ഇട്ടു അര  മണിക്കൂർ അടച്ചു വയ്ക്കുക.
സ്വാദിഷ്ടമായ മീൻ  കറി തയാർ.

English Summary : Kerala style fish curry that is served with kappa.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com