ADVERTISEMENT

‘ നല്ല വെളവായ ചക്കയുണ്ടോ?’വെളപ്പായ ദേശത്തെ മിടുമിടുക്കന്മാരായ കുട്ടികളുടെ കൂട്ടം വീടുകൾ തോറും കയറിയിറങ്ങി. ഒന്നുണ്ട് പ്ലാവിന്റെ മേളിലാ, പറിച്ചോ. എന്നു കേട്ടാൽ പ്ലാവിൽ കയറി ചക്കയിടും. അങ്ങനെ മൂന്നുദിവസം  ചക്കവേട്ട. ഇഷ്ടം പോലെ ചക്കവാരിക്കൂട്ടി ഇവർ വെളപ്പായ പള്ളിയിലെത്തി. ഈ പിള്ളേർക്കു വല്ല മൊബൈൽ ഗെയിം കളിച്ചോ, ചീത്ത കൂട്ടുകെട്ടുമായി കറങ്ങിയോ നടന്നാൽ പോരേ.. എന്നു വേണേൽ ചോദിക്കാം. ‘ അതിൽ ഒരു ത്രിൽ ഇല്ല’ എന്നാണിവരുടെ പക്ഷം. ഈ ജാക്ക് പിള്ളേർ ശേഖരിക്കുന്ന ചക്ക എന്തായി മാറുമെന്നോ? മെഡിക്കൽ കോളജിൽ ഡയാലിസിസിനും കീമോതെറപ്പിക്കുമായി എത്തുന്ന നൂറുകണക്കിനു രോഗികൾക്കു വണ്ടിക്കൂലിയായി മാറും!

വെളപ്പായയിലെ പിള്ളേരും ആ പരിസരത്തെ അമ്മമാരും ചേർന്ന് 2 ദിവസമായി ആ സ്നേഹവിപ്ലവം ‘ഒരുക്കി’യെടുത്തുകൊണ്ടിരിക്കുകയാണ്.  ഇന്നു വൈകിട്ട് അഞ്ചരമുതൽ വെളപ്പായ പള്ളിമുറ്റത്ത് ഉഗ്രൻ ഫുഡ് ഫെസ്റ്റിവൽ. നല്ല ബിരിയാണിയും ചക്കപ്പായസവും.

chakka
കുട്ടികൾ കൊണ്ടുവന്ന ചക്ക ഒരുക്കി പായസത്തിനുള്ള കൂട്ട് തയ്യാറാക്കുന്ന വെളപ്പായ പള്ളിപ്പരിസരത്തെ വീട്ടമ്മമാർ.

ഒന്നും രണ്ടും ലീറ്റർ അല്ല. 250 – 300ലീറ്റർ ചക്കപ്പായസമുണ്ടാക്കി വിൽക്കുകയാണ് ഇവരുടെ ലക്ഷ്യം. 

കിട്ടുന്ന പൈസ ഒരു തരിപോലും കളയാതെ  മെഡിക്കൽ കോളജിൽ രണ്ടുപതിറ്റാണ്ടായി ഉച്ചഭക്ഷണം നൽകുന്ന ‘കരുണയുടെ ദൂതന്മാർ ’എന്ന സംഘടനയിലൂടെ നേരെ രോഗികൾക്കു സഹായമായി എത്തും. മഴയത്ത് പ്ലാവിലും പറമ്പിലും കിടന്നു ചീഞ്ഞുപോകുന്ന ചക്കയിൽ നിന്നു വലിയ നന്മ മുളയ്ക്കുകയാണിവിടെ.

കരുണയുടെ ദൂതന്മാർ സംഘടനയുടെ സാരഥി ദേവസി ചിറ്റിലപ്പിള്ളിയുടെ ആശയത്തിൽ  പിള്ളേർ ഇറങ്ങിത്തിരിച്ചതോടെ സീൻ മാറി. ചക്ക പറിക്കാൻ കുട്ടികൾ പോയ വഴിയിലെ അമ്മമാർ പലരും 2 ദിവസമായി പള്ളിയിലുണ്ട്. ചക്ക വെട്ടാനും ഒരുക്കാനും പായസമുണ്ടാക്കാനും ഇരുപതിലേറെ അമ്മമാരുണ്ടിവിടെ. നാൽപതോളം കുട്ടികളുമുണ്ട് പലതരത്തിലുള്ള സഹായത്തിന്.

ഫെസ്റ്റിവലിൽ പങ്കെടുക്കണമെങ്കിൽ ഇന്നു വൈകിട്ട് അഞ്ചരയ്ക്കു നേരേ വെളപ്പായപള്ളിയിലേക്കു വിട്ടോ. ശരിയല്ലേ, ഇവരല്ലേ നന്മയുടെ കിരീടം വച്ച ‘ജാക്ക്’ പിള്ളേർ.!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com