പഴങ്ങളിലെ രാജാവാണ് മാമ്പഴം. രുചിയിൽ മാത്രമല്ല ആരോഗ്യ ഗുണങ്ങളിലും മാമ്പഴം ഏറെ മുന്നിലാണ്. വിറ്റാമിൻ എ, വിറ്റാമിൻ ബി തുടങ്ങിയ പോഷകങ്ങൾ മാമ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ദഹനവും എളുപ്പമാക്കുന്നു.
മാമ്പഴം കൊണ്ട് തയാറാക്കാൻ പറ്റുന്ന ഏറെ ആരോഗ്യഗുണങ്ങൾ നിറഞ്ഞ ഒരു പാനീയമാണ് മാമ്പഴ രസായനം. തേങ്ങാപ്പാൽ കൂടി ചേർക്കുന്നതുകൊണ്ട് ഗുണങ്ങൾ ഇരട്ടിയാകുന്നു.
ചേരുവകൾ
- മാമ്പഴം - 2 വലുത്
- തേങ്ങ ചിരകിയത് - ഒരു മുറി
- വെള്ളം - ഒന്നര കപ്പ്
- ശർക്കരപ്പാനി - ആവശ്യത്തിന്
- ഏലയ്ക്കാപ്പൊടി - അരടീസ്പൂൺ
തയാറാക്കുന്ന വിധം
- തേങ്ങ ചിരകിയതിലേക്ക് ഒന്നര കപ്പ് വെള്ളം ഒഴിച്ച് മിക്സിയിൽ നന്നായി അരച്ച് അരിച്ചെടുക്കുക.
- മാമ്പഴം വലിയ കഷ്ണങ്ങളാക്കി ഒരു സ്പൂൺ കൊണ്ട് ചുരണ്ടി എടുക്കുക.
- ഈ മാമ്പഴം ഒരു ഫോർക്ക് കൊണ്ട് ഉടച്ചെടുക്കുക.
- ശർക്കര അല്പം വെള്ളം ചേർത്ത് ഉരുക്കി അരിച്ചെടുക്കുക.
- ഉടച്ചെടുത്ത മാമ്പഴത്തിൽ തേങ്ങാപ്പാലും ഏലയ്ക്കാപ്പൊടിയും മധുരത്തിന് അനുസരിച്ചുള്ള ശർക്കര പാനിയും ചേർത്തു നന്നായി യോജിപ്പിക്കുക.
- രുചികരമായ മാമ്പഴ രസായനം തയാർ.
English Summary : Mango Rasayana is a traditional dessert of Karnataka.