നല്ല മയമുള്ള, മൃദുവായ മൊരിഞ്ഞ ദോശ ഇഷ്ടമില്ലാത്തവർ ആരുമുണ്ടാവില്ല. സാധാരണ രീതിയിൽ അരിയും ഉഴുന്നും അരയ്ക്കുമ്പോൾ കൂടെ ഒരല്പം തേങ്ങ കൂടി ചേർത്ത് അരച്ചാൽ സൂപ്പർ രുചിയിൽ തേങ്ങാ ദോശ തയാർ.
ചേരുവകൾ
- ഉഴുന്ന് - അര കപ്പ്
- പച്ചരി - ഒരു കപ്പ്
- തേങ്ങ ചിരകിയത് - ഒരു കപ്പ്
- ചോറ് - കാൽ കപ്പ്
- ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
- അരിയും ഉഴുന്നും നന്നായി കഴുകി വേറെ വേറെ കുതിർത്തുവയ്ക്കുക. രണ്ടു മുതൽ മൂന്നു മണിക്കൂർ വരെ കുതിർക്കണം.
- ഒരു മിക്സിയുടെ ജാറിൽ ആദ്യം ഉഴുന്നും ചോറും കൂടി ആവശ്യത്തിന് വെള്ളം ചേർത്ത് അരച്ചെടുക്കുക.
- ഈ മാവ് ഒരു പാത്രത്തിലേക്കു മാറ്റിയ ശേഷം പച്ചരിയും തേങ്ങയും കൂടി നല്ല മയത്തിൽ അരച്ചെടുക്കുക.
- അരിമാവും ഉഴുന്നു മാവും കൂടി നന്നായി യോജിപ്പിച്ചു 8 മണിക്കൂർ പുളിച്ചു പൊങ്ങാൻ വയ്ക്കുക.
- പുളിച്ച മാവിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് യോജിപ്പിക്കുക.
- ഒരു ദോശക്കല്ലിൽ മാവ് പരത്തി അടച്ചുവച്ച് ഒരു മിനിറ്റ് വേവിക്കുക. ഈ ദോശ മറിച്ചു ഇടേണ്ട ആവശ്യമില്ല.
- അൽപം നെയ്യ് കൂടി പുരട്ടി എടുത്താൽ രുചികരമായ തേങ്ങാ ദോശ തയാർ.
- തേങ്ങാ ചമ്മന്തി കൂട്ടി കഴിക്കാനാണ് കൂടുതൽ രുചി.
English Summary : A soft and fluffy coconut dosa for breakfast with coconut chutney.