ADVERTISEMENT

ബട്ടർ ചിക്കനും ബിരിയാണിയും ഇഷ്ടമല്ലാത്തവരായി ആരും ഉണ്ടാവില്ല. ഇതു രണ്ടും കൂടി ഒന്നിച്ചു ചേർന്നാലുള്ള രുചി പറഞ്ഞറിയിക്കാൻ കഴിയില്ല. സാധാരണ ബിരിയാണി തയാറാക്കുന്നതിലും എളുപ്പമാണ് ഈ ബിരിയാണി തയാറാക്കാൻ.

ചിക്കൻ മാരിനേറ്റ് ചെയ്യാൻ ആവശ്യമുള്ള ചേരുവകൾ

  • ചിക്കൻ - ഒരു കിലോഗ്രാം
  • തൈര് - കാൽകപ്പ്
  • മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ
  • മുളകുപൊടി - ഒരു ടേബിൾ സ്പൂൺ
  • മല്ലിപ്പൊടി - ഒരു ടീസ്പൂൺ
  • ജീരകപ്പൊടി - അര ടീസ്പൂൺ
  • ഗരം മസാല - അര ടീസ്പൂൺ
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - ഒരു ടേബിൾ സ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്

 

ബട്ടർ ചിക്കൻ മസാല തയാറാക്കാൻ ആവശ്യമുള്ള ചേരുവകൾ

  • റിഫൈൻഡ് ഓയിൽ - അരക്കപ്പ്
  • സവാള - 5 എണ്ണം
  • കശുവണ്ടി പരിപ്പ് - 15 എണ്ണം
  • ബട്ടർ - ഒരു ടേബിൾ സ്പൂൺ
  • ഏലയ്ക്ക - 6
  • ഗ്രാമ്പു - 6
  • വഴനയില - 2
  • കറുവപ്പട്ട - ഒരു ചെറിയ കഷ്ണം
  • കുരുമുളക് - ഒരു ടീസ്പൂൺ
  • വെളുത്തുള്ളി ചതച്ചത് - ഒരു ടീസ്പൂൺ
  • കാശ്മീരി മുളകുപൊടി - ഒരു ടീസ്പൂൺ
  • തക്കാളി - 2 വലുത്
  • പച്ചമുളക് - 5 എണ്ണം
  • കസൂരി മേത്തി - ഒരു ടേബിൾ സ്പൂൺ
  • മല്ലിയിലയും പുതിനയിലയും അരിഞ്ഞത് - ഒരു ടേബിൾ സ്പൂൺ
  • ഫ്രഷ് ക്രീം - 100 ഗ്രാം
  • ഉപ്പ് - ആവശ്യത്തിന്

 

അരി വേവിക്കാൻ ആവശ്യമുള്ള ചേരുവകൾ

  • ബസ്മതി അരി - രണ്ട് കപ്പ്
  • ബട്ടർ - 3 ടേബിൾസ്പൂൺ
  • ഏലയ്ക്ക - 4
  • ഗ്രാമ്പു - 4
  • കറുവപ്പട്ട - 1
  • സാജീരകം - ഒരു ടീസ്പൂൺ
  • മല്ലിയിലയും പുതിനയിലയും അരിഞ്ഞത് - ഒരു പിടി 
  • ഉപ്പ് - ആവശ്യത്തിന്
  • കശുവണ്ടി പരിപ്പ് - 15
  • ഉണക്കമുന്തിരി - 2 ടേബിൾ സ്പൂൺ
  • മഞ്ഞ ഫുഡ് കളർ - ഒരു നുള്ള്

 

തയാറാക്കുന്ന വിധം

  • തൈരിലെ വെള്ളം പോവാനായി ഒരു അരിപ്പയിൽ വയ്ക്കുക. അരിച്ചെടുത്ത തൈരും ബാക്കി ചേരുവകളും കൂടി ചിക്കനിൽ പുരട്ടി കുറഞ്ഞത് ഒരു മണിക്കൂർ മാരിനേറ്റ് ചെയ്യാനായി വയ്ക്കുക. തലേദിവസം തന്നെ ഫ്രിജിൽ വച്ചിരുന്നാൽ രുചി കൂടും.
  • അരി നന്നായി കഴുകി അരമണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക. 15 കശുവണ്ടി പരിപ്പും വെള്ളത്തിൽ കുതിർത്തു വയ്ക്കുക.
  • ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ റിഫൈൻഡ് ഓയിൽ ചൂടാക്കി മൂന്ന് സവാള കനം കുറച്ച് നീളത്തിൽ അരിഞ്ഞത് ബ്രൗൺ നിറത്തിൽ വറുത്തു കോരുക. ഇതേ എണ്ണയിൽ തന്നെ അലങ്കരിക്കാനുള്ള അണ്ടിപരിപ്പും ഉണക്കമുന്തിരിയും വറത്തു കോരുക.
  • ബാക്കിയുള്ള എണ്ണയിലേക്കു മാരിനേറ്റു ചെയ്ത ചിക്കൻ കഷ്ണങ്ങൾ നിരത്തി രണ്ടു വശവും ബ്രൗൺ നിറത്തിൽ മൊരിച്ചെടുക്കുക.
  • ചിക്കൻ കഷ്ണങ്ങൾ മുഴുവൻ വറത്തു കോരി മാറ്റിയതിനുശേഷം ഇതേ പാത്രത്തിലേക്ക് ഒരു ടേബിൾ സ്പൂൺ ബട്ടർ ചേർക്കുക.
  • ഏലയ്ക്ക, ഗ്രാമ്പൂ, കറുവാപ്പട്ട, വഴനയില, കുരുമുളക് എന്നിവ ചേർത്തു മൂപ്പിക്കുക. മസാലകൾ മൂത്തു തുടങ്ങുമ്പോൾ രണ്ട് സവാള മിക്സിയിൽ ചതച്ചത് ചേർക്കുക.
  • വെളുത്തുള്ളി ചതച്ചതും കൂടി ചേർത്ത് എണ്ണ തെളിയുന്നതുവരെ നന്നായി വഴറ്റുക. ഇതിലേക്ക് ഒരു ടീസ്പൂൺ കാശ്മീരി മുളകുപൊടി ചേർത്തു വഴറ്റുക.

 

  • മുളകുപൊടിയുടെ പച്ചമണം മാറുമ്പോൾ രണ്ടു വലിയ തക്കാളി മിക്സിയിൽ അരച്ചതു ചേർത്തു വഴറ്റുക. പച്ചമുളക് നീളത്തിൽ അരിഞ്ഞതും കസൂരി മേത്തിയും ചേർക്കുക.
  • എണ്ണ തെളിഞ്ഞു തുടങ്ങുമ്പോൾ ഒരു കപ്പ് തിളച്ച വെള്ളവും വറുത്ത സവാളയുടെ പകുതിയും വറത്തുവച്ച ചിക്കൻ കഷ്ണങ്ങളും ചേർത്തു നന്നായി യോജിപ്പിക്കുക. അടച്ചുവച്ച് ചെറിയ തീയിൽ 10 മിനിറ്റു വേവിക്കുക.
  • ചിക്കൻ വേവുന്ന സമയം കൊണ്ട് അരി വേവിച്ചെടുക്കാം. ഒരു വലിയ പാത്രത്തിൽ 10 കപ്പ് വെള്ളം തിളപ്പിക്കുക.
  • ഇതിലേക്ക് ഏലയ്ക്ക, ഗ്രാമ്പൂ, കറുവാപ്പട്ട, മല്ലിയിലയും പുതിനയിലയും ചെറുതായി അരിഞ്ഞത്, ഒരു ടീസ്പൂൺ ബട്ടർ, ആവശ്യത്തിന് ഉപ്പ്, സാജീരകം ഇവ ചേർക്കുക.
  • വെള്ളം നന്നായി വെട്ടി തിളയ്ക്കുമ്പോൾ കുതിർത്തു വാരി വച്ച അരി ഇട്ട് 80 ശതമാനം വേവിക്കുക.
  • വെള്ളം ഊറ്റി കളഞ്ഞ ശേഷം ചോറ് മാറ്റി വയ്ക്കാം.
  • വെന്ത ചിക്കനിലേക്കു കശുവണ്ടി പരിപ്പ് അരച്ചത്, ഒരു ടേബിൾ സ്പൂൺ മല്ലിയിലയും പുതിനയിലയും അരിഞ്ഞത് ആവശ്യത്തിന് ഉപ്പ് ഇവ ചേർക്കുക. ഗ്രേവി നന്നായി കുറുകിക്കഴിയുമ്പോൾ ഫ്രഷ് ക്രീം ചേർത്ത് ഇളക്കുക.
  • ഈ ചിക്കനിൽ നിന്നും പകുതി ഒരു പാത്രത്തിലേക്കു കോരി മാറ്റുക.
  • ബാക്കിയുള്ള ചിക്കനു മുകളിൽ തയാറാക്കിയ ചോറിന്റെ പകുതി നിരത്തുക.
  • ഒരു ടേബിൾ സ്പൂൺ ബട്ടർ, മല്ലിയിലയും പുതിനയിലയും അരിഞ്ഞത്, വറുത്ത സവാള, അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി ഇവ വിതറുക.
  • ഇതിനു മുകളിലേക്കു മാറ്റിവച്ച ചിക്കൻ നിരത്തുക. ഏറ്റവും മുകളിലായി അധികമുള്ള ചോറ് നിരത്തുക. 
  • വീണ്ടും മല്ലിയില, പുതിനയില, അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, വറുത്ത സവാള, ബട്ടർ ഇവ വിതറുക. 
  • അടച്ചുവച്ച് ചെറിയ തീയിൽ 15 മിനിറ്റ് ദം ചെയ്യുക. രുചികരമായ ബട്ടർ ചിക്കൻ ബിരിയാണി തയാർ.

 

English Summary : Butter Chicken Biryani Recipe for Lunch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com