കട്ടി തൈര് വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. നല്ല കട്ടിയുള്ള പാൽ (350 മില്ലി ലിറ്റർ) ഒരു പാത്രത്തിൽ ഒഴിച്ച് മീഡിയം തീയിൽ തിളപ്പിക്കുക. നന്നായി തിളച്ചു പൊങ്ങി വരുമ്പോൾ തീ കുറച്ച് 5 മിനിറ്റ് പാൽ നന്നായി വേവിച്ച് എടുക്കുക. ഇടയ്ക്ക് ഇളക്കി കൊടുക്കണം. അതിനുശേഷം പാൽ തണുക്കുന്നതിനായി മാറ്റി വയ്ക്കുക. ഒരു ഇളം ചൂട് ആകുമ്പോൾ തൈര് തയാറാക്കാൻ ഉപയോഗിക്കുന്ന പാത്രത്തിലേക്കു മാറ്റുക.
അതിലേക്കു ഒരു 2 ടേബിൾ സ്പൂൺ കട്ടി തൈര് ഒഴിച്ച് നന്നായി ഇളക്കുക. ഒരു പ്രഷർ കുക്കറിലേക്കു നല്ല തിളയ്ക്കുന്ന ചൂട് വെള്ളം ഒഴിക്കുക. തൈര് യോജിപ്പിച്ച പാത്രം ഇറക്കി വക്കാൻ പാകത്തിന് മതി വെള്ളം. അതിനുശേഷം പാത്രം ഒരു തട്ട് വച്ചു മൂടുക. ഒരു പാട് മുറുക്കുന്ന പോലെ ആകരുത്. അതിനുശേഷം പ്രഷർ കുക്കറിന്റെ അടപ്പു വച്ചു മൂടുക. ഒരു അര മണിക്കൂർ മാറ്റി വയ്ക്കുക. നല്ല ചൂട് ഉള്ള സ്ഥലം ആണെങ്കിൽ അര മണിക്കൂറിൽ തയാറാക്കാം. മഴയോ, തണുപ്പോ ഉള്ള സ്ഥലം ആണെങ്കിൽ ഒരു മണിക്കൂർ വരെ എങ്കിലും മാറ്റി വക്കണം. ഈ രീതിയിൽ നല്ല കട്ട തൈര് തയാറാക്കാം.
English Summary : Curd, obtained by coagulating milk, is super easy to make at home.