കൂർഗിൽ നിന്ന് ഒരു കിടിലം വിഭവം. തയാറാക്കാൻ വളരെ എളുപ്പമാണ്. ഒരെണ്ണം കഴിച്ചാൽ വീണ്ടും കഴിച്ചു കൊണ്ടേയിരിക്കുന്ന നല്ലൊരു കടും പുട്ട് തയാറാക്കി നോക്കാം.
ചേരുവകൾ
- പൊടിയരി - 4 സ്പൂൺ
- റവ - 2 കപ്പ്
- പഞ്ചസാര - 3 സ്പൂൺ
- ഉപ്പ് - ഒരു നുള്ള്
- നാളികേരം - 1 കപ്പ്
- ഏലക്ക - 3 എണ്ണം
- വെള്ളം - 4 കപ്പ്
തയാറാക്കുന്ന വിധം
ആദ്യമേ ചെയ്യേണ്ടത് കുറച്ച് വെള്ളം തിളയ്ക്കാൻ വയ്ക്കുക. അതിലേക്കു പഞ്ചസാര ചേർത്ത് ഒന്ന് അലിയിച്ചെടുക്കുക, ശേഷം ഉപ്പും പൊടിയരി കുതിർത്തതും അരച്ചെടുത്തു ചേർക്കണം, തരിയോടു കൂടി അരയ്ക്കണം.
അരച്ചെടുത്ത പൊടിയരി 4 സ്പൂൺ ചേർത്തു കൊടുക്കാം. അതിനു ശേഷം അതിലേക്കു ചേർക്കേണ്ടതു റവയാണ്.
റവ ചേർത്തു കഴിഞ്ഞാൽ പിന്നെ തേങ്ങയും ഏലക്കയും നന്നായി ചതച്ചെടുത്തതും കൂടി ഒപ്പം ചേർത്തു നന്നായി തിളപ്പിച്ച് വേവിച്ചെടുക്കുക. വെന്തുകഴിഞ്ഞാൽ ഇതൊന്നു തണുക്കാൻ വയ്ക്കണം. തണുത്തു കഴിഞ്ഞാൽ ചെറിയ ഉരുളകളാക്കി എടുത്തതിനുശേഷം, ഇഡ്ഡലി പാത്രത്തിൽ വെള്ളം വച്ച് ഇഡ്ഡലി തട്ടുവച്ച് അതിലേക്കു ഓരോ ഉരുളകളും വച്ചുകൊടുത്ത് ആവിയിൽ ഒരു 15 മിനിറ്റ് വേവിച്ചെടുക്കാം. വളരെ രുചികരവും മൃദുവുമാണ് കടും പുട്ട്.
English Summary : Kadumbuttu is a popular recipe from coorg, steamed dumplings made using rice rava.