ADVERTISEMENT

മിക്ക ആളുകളും ഉരുളക്കിഴങ്ങിന്റെ തൊലി വെറുതെ കളയാറാണ് പതിവ്. ധാരാളം ആൻറി ഓക്സിഡന്റുകളും നാരുകളും പ്രോട്ടീനുകളും ധാതുക്കളും വിറ്റാമിനുകളും ഉരുളക്കിഴങ്ങിന്റെ തൊലിയിൽ അടങ്ങിയിരിക്കുന്നു. തൊലി കളയാതെ രുചികരമായ ഉരുളക്കിഴങ്ങ് പൊരിയൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

 

ചേരുവകൾ

  • ഉരുളക്കിഴങ്ങ് - അരക്കിലോഗ്രാം
  • സവാള - 3 ഇടത്തരം
  • പച്ചമുളക് - 6 എണ്ണം
  • വെളിച്ചെണ്ണ - 3 ടേബിൾ സ്പൂൺ
  • കറിവേപ്പില - ആവശ്യത്തിന്
  • മഞ്ഞൾ പൊടി - അര ടീസ്പൂൺ
  • മുളകുപൊടി - ഒരു ടീസ്പൂൺ
  • കായപ്പൊടി - കാൽ ടീസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്

 

തയാറാക്കുന്ന വിധം

ഉരുളക്കിഴങ്ങിന്റെ തൊലിയിൽ ധാരാളം മണ്ണും അഴുക്കും ഉണ്ടാവും. അത് കളയാനായി ഒരു സ്ക്രബർ ഉപയോഗിച്ച് ഉരച്ച് നന്നായി കഴുകിയെടുക്കുക. 

ഉരുളക്കിഴങ്ങ് തൊലിയോടു കൂടി ചെറിയ ചതുരക്കഷണങ്ങളായി അരിഞ്ഞെടുക്കുക. അരിഞ്ഞെടുത്ത ഉടനെ തന്നെ തണുത്ത വെള്ളത്തിൽ മുക്കി വയ്ക്കണം.

വെള്ളം തെളിയുന്നതു വരെ നന്നായി കഴുകിയെടുത്തു വെള്ളം ഊറ്റി കളയുക.

ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി ചെറുതായി അരിഞ്ഞ സവാളയും പച്ചമുളകും വഴറ്റുക.

സവാളയുടെ നിറം മാറി തുടങ്ങുമ്പോൾ മഞ്ഞൾപൊടി, മുളകുപൊടി, കായപ്പൊടി ഇവ ചേർക്കുക.

പൊടികളുടെ പച്ചമണം മാറുമ്പോൾ ചെറുതായി അരിഞ്ഞ ഉരുളക്കിഴങ്ങ് കഷ്ണങ്ങളും ആവശ്യത്തിന് ഉപ്പും ചേർത്തു നന്നായി ഇളക്കുക.

അടച്ചുവച്ച് 5 മിനിറ്റ് വേവിക്കുക.

ചെറിയ തീയിൽ നന്നായി മൊരിഞ്ഞു വരുന്നതു വരെ മൂപ്പിച്ച് എടുക്കുക. ഏകദേശം 20 മിനിറ്റോളം എടുക്കും.

ചോറിന്റെയും ചപ്പാത്തിയുടെയും കൂടെ കഴിക്കാം.

 

Content Summary : Potato poriyal recipe by Ganga.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com