ADVERTISEMENT

കോരി ഒഴിക്കുന്ന മാവു കൊണ്ട് ഈ രീതിയിൽ തയാറാക്കുന്ന ഇടിയപ്പം ദിവസം മുഴുവനും സോഫ്റ്റായി ഇരിക്കും. നല്ല പഴുത്ത ഏത്തപ്പഴം ചേർക്കുന്നതു കൊണ്ട് ഈ ഇടിയപ്പത്തിന് മധുരം ഉണ്ടായിരിക്കും. വേറെ കറികൾ ഒന്നും തന്നെ വേണ്ട. വാഴയിലയിൽ വച്ച് ആവിയിൽ പാകം ചെയ്യുന്നതിന്റെ മണവും സ്വാദും ഈ വിഭവത്തിന്റെ രുചി കൂട്ടുന്നു. ഭക്ഷണത്തിലെ വിഷാംശത്തെ വലിച്ചെടുക്കാനും അണുക്കളെ നശിപ്പിക്കാനും വാഴയിലക്കു കഴിയും.

ഫില്ലിങ്ങിനു വേണ്ട  ചേരുവകൾ 

• ശർക്കര - 100 ഗ്രാം
• വെള്ളം - 1/4 കപ്പ് 
• നെയ്യ് - 1 ടേബിൾസ്പൂൺ 
• നേന്ത്രപ്പഴം - 1 
• അണ്ടിപ്പരിപ്പ് - 1 ടേബിൾസ്പൂൺ 
• ഉണക്ക മുന്തിരി - 1 ടേബിൾസ്പൂൺ 
• തേങ്ങ ചിരകിയത് - 1/2 കപ്പ് 
• ഏലക്കാപ്പൊടി - 3/4 ടീസ്പൂൺ 
• ജീരകപ്പൊടി - 3/4 ടീസ്പൂൺ 
• ചുക്കുപൊടി - 3/4 ടീസ്പൂൺ 

മാവ് കുഴയ്ക്കാൻ വേണ്ട ചേരുവകൾ   

•നേന്ത്രപ്പഴം - 2 
•അരിപ്പൊടി - ഒരു  കപ്പ്
•വെള്ളം -  ഒന്നര കപ്പ്
•വെളിച്ചെണ്ണ - ഒരു ടേബിൾസ്പൂൺ
•ഉപ്പ് - കാൽ ടീസ്പൂൺ

തയാറാക്കുന്ന വിധം 

•ഏത്തപ്പഴം ആവിയിൽ വേവിച്ചു മിക്സിയിൽ നല്ല  മയത്തിൽ  അരച്ചെടുക്കുക.  ഇതിലേക്ക് ഒന്നര കപ്പ് വെള്ളവും ഒരു കപ്പ് അരിപ്പൊടിയും ഉപ്പും 1 ടേബിൾസ്പൂൺ വെളിച്ചെണ്ണയും കൂടി ചേർത്ത് ഒന്ന്  കൂടെ നന്നായി അടിച്ചെടുക്കുക. 

•ശേഷം ഇത് അടുപ്പിൽ വച്ച് കുറുക്കി വറ്റിച്ചെടുക്കുക. കൈ  വിടാതെ ഇളക്കാൻ മറക്കരുത്. നന്നായി കുഴഞ്ഞതിനു ശേഷം തീ ഓഫ് ചെയ്യാം. 

• ഫില്ലിങ്ങിനു വേണ്ട നേന്ത്രപ്പഴം ചെറുതായി അരിഞ്ഞെടുക്കുക. ശേഷം ഒരു ഫ്രൈയിങ് പാനിൽ നെയ്യ് ചേർത്തു അണ്ടിപ്പരിപ്പ്, ഉണക്ക മുന്തിരി, അരിഞ്ഞു വച്ച നേന്ത്രപ്പഴം എന്നിവ ചേർത്തു വഴറ്റിയെടുത്തു മാറ്റി വയ്ക്കാം.

• ശർക്കര 1/4 കപ്പ് വെള്ളം ചേർത്ത് ഉരുക്കി അരിച്ചു വയ്ക്കുക. ശേഷം ഒരു ഫ്രൈയിങ് പാനിലേക്കു അരിച്ചു വച്ച ശർക്കര ഒഴിക്കുക. ഇതിലേക്കു തേങ്ങാ ചിരകിയതു ചേർത്തു വെള്ളം വറ്റിച്ചെടുക്കുക. ഏലയ്ക്കാപ്പൊടി, ജീരകപ്പൊടി, ചുക്കുപൊടി എന്നിവ കൂടെ ഇതിലേക്ക് ഇട്ട് ഇളക്കികൊടുക്കുക. നേരത്തെ വഴറ്റി വച്ച പഴം മിശ്രിതം കൂടി ഇട്ട് വഴറ്റി തീ ഓഫ് ചെയ്യാം. 

•ഇനി ഒരു വാഴയിലയിൽ ഇടിയപ്പം ഉണ്ടാക്കി ഫില്ലിങ് ഇട്ടു കൊടുക്കുക. ശേഷം അതിന്റെ മുകളിൽ ഒരു ലയർ കൂടെ ഇടിയപ്പം ചുറ്റിച്ചു ആവിയിൽ 10 മിനിറ്റു വേവിക്കുക. ഇതിനു  വേറെ കറി ഒന്നും വേണ്ട. രുചികരമായ നേന്ത്രപ്പഴം ഇടിയപ്പം തയാർ.

Content Summary :  Easy banana idiyappam recipe by Deepthi.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com