മീൻ കൊണ്ടാട്ടം ഇതുപോലെ നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല, മീനുകൊണ്ട് പലതരം വെറൈറ്റികൾ തയാറാക്കാറുണ്ട്. പക്ഷേ ഇതുപോലെ ഒരു വെറൈറ്റി ആദ്യമായിട്ടായിരിക്കും തയാറാക്കി നോക്കുന്നത്. എന്തായാലും കഴിക്കണം കഴിച്ചില്ലെങ്കിൽ നഷ്ടം തന്നെയാണ് എന്ന് പറഞ്ഞു പോകും അത്രയും സൂപ്പറാണ്.
മാരിനേറ്റ് ചെയ്യാൻ ആവശ്യമായ ചേരുവകൾ
•മീൻ മുള്ളില്ലാത്ത കഷ്ണങ്ങൾ - 500 ഗ്രാം (വൃത്തിയാക്കിയ ശേഷം)
•മുളകുപൊടി - 2 ടീസ്പൂൺ
•മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
•കുരുമുളകു പൊടി - 1 ടീസ്പൂൺ
•ഉപ്പ് – പാകത്തിന്
•ചതച്ച മുളകുപൊടി - 1 ടീസ്പൂൺ
•നാരങ്ങാ നീര് - 1 – 2 ടീസ്പൂൺ വരെ
•വെളിച്ചെണ്ണ - 1 ടേബിൾസ്പൂൺ
•കറിവേപ്പില – ആവശ്യത്തിന്
ഗ്രേവിക്ക് ആവശ്യമായ ചേരുവകൾ
•വെളിച്ചെണ്ണ - 1/4 കപ്പ്
•ഉണക്ക മുളക് - 3
•ചെറിയ ഉള്ളി - 20
•ഇഞ്ചി ചതച്ചത് - 2 ടേബിൾസ്പൂൺ
•വെളുത്തുള്ളി ചതച്ചത് - 2 ടേബിൾസ്പൂൺ
•കറിവേപ്പില - 1 പിടി
•ഉപ്പ് – പാകത്തിന്
•ഗരം മസാല - 1/2 ടീസ്പൂൺ
•മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
•ചതച്ച മുളകുപൊടി - 1 ടീസ്പൂൺ
•കാശ്മീരി മുളകുപൊടി - 1 ടീസ്പൂൺ
•തക്കാളി സോസ് - 1/4 കപ്പ്
•വെള്ളം - 1/4 കപ്പ്
തയാറാക്കുന്ന വിധം
•നന്നായി കഴുകിയ മീനിലേക്കു മാരിനേറ്റ് ചെയ്യാൻ ആവശ്യമായ ചേരുവകൾ എല്ലാം ചേർത്ത് എല്ലാ ഭാഗത്തേക്കും ആകുന്ന രീതിയിൽ പുരട്ടി ഒരു മണിക്കൂർ മാറ്റി വയ്ക്കുക.
•ഒരു മണിക്കൂറിനു ശേഷം ഈ മീൻ ചെറുതായി വറുത്തെടുക്കുക.
•ശേഷം ഈ എണ്ണ ഒന്ന് അരിച്ചെടുത്തു വീണ്ടും അടുപ്പിൽ വച്ച് അതിലേക്ക് ഉണക്കമുളക്, ചതച്ച ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക. ഇനി ചെറിയ ഉള്ളി അരിഞ്ഞതും കൂടി ചേർത്തു വഴറ്റി ബാക്കി പൊടികൾ കൂടി ഇട്ടു കൊടുക്കാം. ശേഷം ടൊമാറ്റോ സോസും വെള്ളവും കൂടി ഒഴിച്ച് തിളക്കുമ്പോൾ നേരത്തെ വറത്തു വച്ച മീൻ ചേർത്തു പൊടിഞ്ഞു പോകാതെ ഇളക്കി യോജിപ്പിച്ചു തീ ഓഫ് ചെയ്യാം. സ്വാദിഷ്ടമായ മീൻ കൊണ്ടാട്ടം റെഡി.
Content Summary : Fish kondattam recipe by Deepthi.