ADVERTISEMENT

നാടൻ ചായക്കടകളിൽ പഴം പൊരിക്കും പരിപ്പുവടയ്ക്കും സുഖിയനുമൊപ്പം അടുക്കി വച്ചിട്ടുള്ള മടക്ക്  ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാവില്ല. സാധാരണ മൈദ ചേർത്താണ് ഇത് തയാറാക്കുന്നത്. അല്പം ഗോതമ്പുപൊടി കൂടി ചേർത്തു തയാറാക്കിയാൽ രുചിയും ഗുണവും കൂടും. മടക്ക് സാൻ, കാജ എന്നിങ്ങനെ പല പേരുകളിൽ ഇത് അറിയപ്പെടുന്നു.

 

ചേരുവകൾ

  • മൈദ - ഒരു കപ്പ്
  • ഗോതമ്പുപൊടി - അര കപ്പ്
  • ഉപ്പ് - കാൽ ടീസ്പൂൺ
  • നെയ്യ് - ഒരു ടേബിൾസ്പൂൺ+കാൽക്കപ്പ്
  • ഫുഡ് കളർ / മഞ്ഞൾപൊടി - കാൽ ടീസ്പൂൺ
  • അരിപ്പൊടി - 3 ടേബിൾ സ്പൂൺ
  • വെള്ളം - ആവശ്യത്തിന്
  • എണ്ണ - വറുക്കാൻ ആവശ്യത്തിന്
  • പഞ്ചസാര - ഒരു കപ്പ്
  • വെള്ളം - അര കപ്പ്
  • ഏലയ്ക്കാപ്പൊടി - ഒരു ടീസ്പൂൺ

 

തയാറാക്കുന്ന വിധം

ഒരു വലിയ പാത്രത്തിൽ മൈദ, ഗോതമ്പുപൊടി, ഉപ്പ്, ഒരു ടേബിൾ സ്പൂൺ നെയ്യ്  ഇവ ചേർത്ത് കൈകൊണ്ട് നന്നായി തിരുമ്മി യോജിപ്പിക്കുക.

ഇതിലേക്ക് മഞ്ഞ  ഫുഡ് കളറോ, മഞ്ഞൾപൊടിയോ ചേർത്ത് യോജിപ്പിക്കുക.(നിറം ചേർക്കണം എന്ന് നിർബന്ധം ഇല്ല)

വെള്ളം കുറേശ്ശെ ചേർത്തു ചപ്പാത്തി മാവിന്റെ പരുവത്തിൽ കുഴച്ചെടുക്കുക.

അഞ്ചു മിനിറ്റ് നന്നായി കുഴച്ചതിനു ശേഷം അൽപ്പം എണ്ണ തടവി അടച്ചുവച്ച് അര മണിക്കൂർ മാറ്റി വയ്ക്കുക.

കാൽക്കപ്പ് ഉരുക്കിയ നെയ്യിലേക്കു മൂന്ന് ടേബിൾ സ്പൂൺ അരിപ്പൊടി ചേർത്തു നന്നായി യോജിപ്പിച്ച് മാറ്റിവയ്ക്കുക.

തയാറാക്കിയ മാവിനെ ഒരേ വലുപ്പത്തിലുള്ള ആറ് ഉരുളകളാക്കി മാറ്റുക.

അൽപം പൊടി വിതറി 6 ചപ്പാത്തി കനം കുറച്ച് പരത്തുക.

ഒരു ചപ്പാത്തിയുടെ മുകളിലേക്കു  നെയ്യും അരിപ്പൊടിയും ചേർന്ന മിശ്രിതം ഒരു ബ്രഷ് വച്ചു തേച്ചു കൊടുക്കുക. ഇതിനു മുകളിലേക്ക് അടുത്ത ചപ്പാത്തി വയ്ക്കുക. ആറ് ചപ്പാത്തിയും ഈ രീതിയിൽ നെയ്യ് പുരട്ടി അടുക്കി വയ്ക്കുക.

ഏറ്റവും മുകളിലും നെയ് മിശ്രിതം പുരട്ടി ഒന്നിച്ച് നീളത്തിൽ ചുരുട്ടി എടുക്കുക.

വശങ്ങൾ അല്പം മുറിച്ചു മാറ്റിയതിനു ശേഷം ഇതിനെ 10 - 12 കഷണങ്ങളാക്കി മുറിക്കുക.

അല്പം പൊടി വിതറി ഓരോ കഷണങ്ങളും നീളത്തിൽ പരത്തിയെടുക്കുക.

ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കുക. ചൂട് മീഡിയത്തിലും താഴെ ആക്കിയതിനു ശേഷം പരത്തി എടുത്ത മടക്ക് ഇട്ട് വറുത്ത് കോരുക.

ചെറിയ തീയിൽ വേണം വറുത്ത് എടുക്കാൻ. ഒരു സ്പൂണോ തവിയോ ഉപയോഗിച്ചു ചൂട് എണ്ണ മുകളിലേക്ക് ഒഴിച്ചു കൊണ്ടേയിരിക്കണം.

ഉൾഭാഗവും നന്നായി മൊരിഞ്ഞ് നിറം മാറാൻ തുടങ്ങുമ്പോൾ എണ്ണയിൽ നിന്നും കോരി മാറ്റാം. പരത്തിയ മടക്ക് എല്ലാം ഇങ്ങനെ വറുത്തെടുക്കുക.

മറ്റൊരു പാത്രത്തിൽ പഞ്ചസാരയും, അരക്കപ്പ് വെള്ളവും, ഏലയ്ക്കാപ്പൊടിയും ചേർത്ത് തിളപ്പിക്കുക. പഞ്ചസാര നന്നായി ഉരുകി ഒട്ടുന്ന പരുവം ആകുമ്പോൾ തീ ഓഫ് ചെയ്ത് അഞ്ചുമിനിറ്റ് ചൂട് അല്പം മാറാൻ വേണ്ടി മാറ്റി വെയ്ക്കുക.

തയാറാക്കിയ മടക്കു സാൻ ഓരോന്നായി പഞ്ചസാരപ്പാനിയിൽ മുക്കി എടുക്കുക.

ഒരു മണിക്കൂർ കൊണ്ട് പഞ്ചസാര  ഇതിലേക്ക് പിടിച്ച് നല്ല ക്രിസ്പിയായി കിട്ടും.

വായു കടക്കാത്ത പാത്രത്തിലാക്കി അടച്ചു സൂക്ഷിക്കാം.

 

Content Summary : Crispy madakku san recipe by Ganga Srikanth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com