എളുപ്പത്തിലൊരു ചെറുപയർ പരിപ്പ് പായസം തയാറാക്കാം

Mail This Article
രുചിയും പോഷകസമൃദ്ധിയും ചേരുന്നൊരു ചെറുപയർ പായസം വളരെ എളുപ്പത്തിൽ വീട്ടിൽ ഒരുക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
- ചെറുപയർ പരിപ്പ് - അരക്കപ്പ്
- ശർക്കര - 100 ഗ്രാം
- തേങ്ങയുടെ ഒന്നാം പാൽ - അരക്കപ്പ്
- രണ്ടാം പാൽ - 1 കപ്പ്
- ഏലയ്ക്കാപ്പൊടി - അര ടീസ്പൂൺ
- ജീരകപ്പൊടി - അര ടീസ്പൂൺ
- തേങ്ങാക്കൊത്ത് - 2 ടേബിൾസ്പൂൺ
- അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി - 2 ടേബിൾസ്പൂൺ
- നെയ്യ് - 2 ടീസ്പൂൺ
തയാറാക്കുന്ന വിധം
ഫ്രൈയിങ് പാനിലേക്കു നെയ്യൊഴിച്ചു ചൂടാക്കുമ്പോൾ തേങ്ങാക്കൊത്ത്, അണ്ടിപരിപ്പ്, മുന്തിരി എന്നിവ വറുത്തു മാറ്റുക. ഇതേ നെയ്യിലേക്ക്, കഴുകി ഊറ്റി വെള്ളം കളഞ്ഞ പരിപ്പ് ചേർത്തു വറുത്തെടുക്കുക. ഇത് ഒരു കുക്കറിലേക്കിട്ടു വെള്ളം ഒഴിച്ച് 2 വിസിൽ വരുന്നതുവരെ വേവിക്കുക. ശർക്കര, വെള്ളം എന്നിവ ചേർത്ത് ഉരുക്കി എടുക്കുക. വെന്ത പരിപ്പിലേക്കു ശർക്കര ഒഴിച്ച് നന്നായി ഇളക്കി കുറുക്കിയെടുക്കുക. ഇതിലേക്കു രണ്ടാം പാൽ ഒഴിച്ച് വീണ്ടും കുറുക്കിയെടുക്കുക. ഇനി ഒന്നാം പാലൊഴിച്ചു ഇളക്കുക. ജീരകപ്പൊടി, ഏലയ്ക്കാപ്പൊടി എന്നിവ ചേർത്തിളക്കുക. വറുത്ത അണ്ടിപ്പരിപ്പ്, മുന്തിരി, തേങ്ങാക്കൊത്ത് എന്നിവ ചേർത്തിളക്കി ചൂടോടെ വിളമ്പാം.
Content Summary : Moong daal payasam recipe by Faisal.