അതീവ രുചിയിൽ തയാറാക്കാം കാരറ്റ് ഈന്തപ്പഴം പുഡ്ഡിങ് കേക്ക്

HIGHLIGHTS
 • ഓരോ കേക്കിന്റെയും ചേരുവകൾ വ്യത്യസ്‌തമാണെങ്കിലും ബേക്കിങ് എല്ലാം ഒരുപോലെ
carrot-dates-cake-pudding
SHARE

മൈദ, വെണ്ണ, പഞ്ചസാര, മുട്ട തുടങ്ങി എവിടെയും കിട്ടുന്ന ചേരുവകൾ. ഓരോ കേക്കിന്റെയും ചേരുവകൾ വ്യത്യസ്‌തമാണെങ്കിലും ബേക്കിങ് എല്ലാം ഒരുപോലെ. അതുകൊണ്ടു തന്നെ ഒരു കേക്കുണ്ടാക്കാൻ പഠിച്ചാൽ വ്യത്യസ്‌ത സ്വാദുകളുള്ള മറ്റു കേക്കുകളും തനിയെ പഠിച്ചെടുക്കാം. ചേരുവകളിലെ വ്യത്യാസം അറിഞ്ഞിരിക്കണമെന്നു മാത്രം. കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് കേക്ക്, അതും പുഡ്ഡിങ് കേക്ക് ആയാൽ മുതിർന്നവർക്കും ഏറെ പ്രിയം. വളരെ കുറച്ച് പഞ്ചസാര മാത്രമാണ് ഇതിൽ ചേർക്കുന്നത്. ഈന്തപ്പഴവും കാരറ്റും ചേർത്താണ് ഈ കേക്ക് തയാറാക്കുന്നത്.

ചേരുവകൾ

 • മൈദ - 200 ഗ്രാം
 • കൊക്കോ പൗഡർ - ½ ടീസ്പൂൺ
 • ബേക്കിങ് പൗഡർ - 2 ടീസ്പൂൺ
 • ഉപ്പ് - ¼ ടീസ്പൂൺ
 • കറുവപ്പട്ട, ഗ്രാമ്പൂ, ഏലക്കായ, ജാതിക്ക എല്ലാംകൂടി പൊടിച്ചത് - 1 ടേബിൾസ്പൂൺ
 • വെണ്ണ - 150 ഗ്രാം 
 • ബ്രൗൺ ഷുഗർ - 150 ഗ്രാം
 • മുട്ട - 3 എണ്ണം
 • വാനില എസൻസ് - 1 ടീസ്പൂൺ
 • ഈന്തപ്പഴം അരിഞ്ഞത് - 150 ഗ്രാം
 • ചൂടുവെള്ളം - ¼ കപ്പ്
 • കാരറ്റ് ഗ്രേറ്റ് ചെയ്തത് - 150 ഗ്രാം
 • ഡേറ്റ് സിറപ്പ് - 2 ടേബിൾസ്പൂൺ
 • കാൻഡിഡ് ജിഞ്ചർ - 1 ടീസ്പൂൺ
 • കശുവണ്ടി നുറുക്കിയത്  - 20 ഗ്രാം
 • മൈദ - 2 ടേബിൾസ്പൂൺ

സ്പൈസസ്:

 • കറുവപ്പട്ട - ചെറിയ കഷ്ണം
 • ഗ്രാമ്പൂ - 2 എണ്ണം
 • ഏലക്കായ - 2 എണ്ണം
 • ജാതിക്ക - ചെറിയ കഷ്ണം

കാരമൽ സിറപ്പ് :

 • പഞ്ചസാര - 150 ഗ്രാം
 • വെള്ളം - 1 ടേബിൾസ്പൂൺ
 • ചൂടുവെള്ളം - ½   കപ്പ്

തയാറാക്കുന്ന വിധം:

ഈന്തപ്പഴം (കുരു കളഞ്ഞത്) ചൂടുവെള്ളത്തിൽ 10 മിനിറ്റ് കുതിർക്കുക.

ഇനി മൈദ, കൊക്കോ പൗഡർ, ബേക്കിങ് പൗഡർ, ഉപ്പ് എന്നിവ അരിപ്പയില്‍ അരിച്ചെടുത്തു മാറ്റി വയ്ക്കാം.

ഒരു പാത്രത്തിൽ വെണ്ണ ഇട്ട്  മയപ്പെടുത്തിയ ശേഷം ബ്രൗൺ ഷുഗർ കുറേശ്ശെ ചേർത്തു സോഫ്റ്റ് ആകുന്നതുവരെ അടിച്ചെടുക്കാം. പഞ്ചസാര പൂർണമായി അലിഞ്ഞ ശേഷം മുട്ട ഓരോന്നായി ചേർത്ത് അടിക്കുക.

എസൻസ് ചേർത്ത് അടിച്ചശേഷം കാരമൽ സിറപ്പ് ഒഴിച്ചു കൊടുക്കാം (കാരമൽ സിറപ്പ് ഉണ്ടാക്കാൻ, ഇടത്തരം തീയിൽ 150 ഗ്രാം പഞ്ചസാര 1 ടേബിൾസ്പൂൺ വെള്ളത്തിൽ അലിയിക്കുക. പഞ്ചസാര ഉരുകി ബ്രൗൺ  നിറത്തിലേക്കു മാറിയ ശേഷം, ചൂടുവെള്ളം ശ്രദ്ധാപൂർവ്വം ചേർക്കുക. ഇനി ചെറിയ തീയിൽ ഒരു മിനിറ്റ് കൂടി തിളപ്പിക്കുക. അതിനുശേഷം ചൂടാറാൻ മാറ്റിവയ്ക്കാം.)

ഈന്തപ്പഴം കുതിർത്ത വെള്ളത്തിൽ തന്നെ അരച്ചെടുത്തശേഷം ബാറ്ററിലേക്കു ചേർത്തു കൊടുക്കാം. ഇനി ഈന്തപ്പഴം സിറപ്പ് ചേർത്ത് ഇളക്കി എടുക്കാം. അതിനുശേഷം കാൻഡിഡ് ജിഞ്ചർ ചേർത്തു നന്നായി യോജിപ്പിക്കുക.

അരിച്ചെടുത്ത ഡ്രൈ ഇൻഗ്രീഡിയൻസ് ചേർത്തു കട്ടകളില്ലാതെ യോജിപ്പിക്കുക. 

ഗ്രേറ്റ് ചെയ്തുവച്ച കാരറ്റിലേക്കു കശുവണ്ടി ചേർത്തു മൈദ കൊണ്ടു കോട്ട് ചെയ്തെടുക്കാം. ഈ കാരറ്റ് മിക്സ് ബാറ്ററിൽ ചേർത്ത് ഇളക്കി എടുക്കാം. കേക്ക് ടിന്നിൽ വെണ്ണ തടവി ബട്ടർ പേപ്പർ ഇട്ടശേഷം ബാറ്റർ ഒഴിച്ചു കൊടുക്കാം. ഒരു സ്ക്യൂവർ കൊണ്ട് ബാറ്ററിൽ വരഞ്ഞ ശേഷം ടിൻ രണ്ട് മൂന്ന് പ്രാവശ്യം നിലത്തു തട്ടി കൊടുക്കാം.  160℃ 50 മിനിറ്റ് ബേക്ക് ചെയ്യുക. കേക്ക് ചൂടാറാൻ മാറ്റിവയ്ക്കാം. കേക്ക് സോഫ്റ്റ് ആയതു കാരണം  മുകൾഭാഗം ഒട്ടിപ്പിടിക്കാതിരിക്കാൻ വെണ്ണ തടവിയ ഒരു ബട്ടർ പേപ്പറിലേക്കു കേക്ക് മാറ്റാം. കാരറ്റ് – ഈന്തപ്പഴം – പുഡ്ഡിങ് കേക്ക് തയാറായി കഴിഞ്ഞു.

Content Summary : Tasty carrot and dates pudding cake recipe.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS