ബേക്കിങ് പൗഡറും സോഡാപ്പൊടിയും ചേർക്കാതെ മാമ്പഴ രുചിയിൽ ഒരു കാസ്റ്റെല്ലാ കേക്ക് തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം.
ചേരുവകൾ:
- പാൽ - 5 ടേബിൾസ്പൂൺ
- ഓയിൽ - 3 ടേബിൾസ്പൂൺ
- മുട്ട - 5 എണ്ണം
- പഞ്ചസാര - 80 ഗ്രാം
- കേക്ക് ഫ്ലോർ അല്ലെങ്കിൽ മൈദ - 130 ഗ്രാം
- വാനില പൗഡർ - 20 ഗ്രാം
- ഉപ്പ് - ¼ ടീസ്പൂൺ
- മാംഗോ എസൻസ് - ½ ടീസ്പൂൺ
- മാംഗോ പ്യൂരി - 80 ഗ്രാം
- മാംഗോ ജാം - 1 ടേബിൾസ്പൂൺ
- മഞ്ഞ ഫുഡ് കളർ - 2 തുള്ളി
തയാറാക്കുന്ന വിധം – വിഡിയോ കാണാം
പാൽ ചെറുതായി ചൂടാക്കുക. ഇതിലേക്ക് ഓയിൽ ചേർത്തു യോജിപ്പിക്കുക. ഇത് മാറ്റി വച്ച ശേഷം മുട്ടയുടെ വെള്ളയിലേക്കു പഞ്ചസാര കുറേശ്ശെയായി ചേർത്തു നന്നായി അടിച്ചു പതപ്പിക്കുക (അവസാനത്തെ ഒരു മിനിറ്റ് കുറഞ്ഞ സ്പീഡിൽ അടിക്കാൻ ശ്രദ്ധിക്കുക).
ഇനി മറ്റൊരു പാത്രത്തിൽ മുട്ടയുടെ മഞ്ഞ എടുത്ത് അതിലേക്ക് ഉപ്പ് ചേർത്ത് ഒന്ന് ഇളക്കിയശേഷം നേരത്തെ തയാറാക്കി വച്ച പാൽ, ഓയിൽ എന്നിവയുടെ കൂട്ട് ഇതിലേക്ക് ഒഴിച്ച് പതുക്കെ ഇളക്കി എടുക്കാം. ഇതിലേക്ക് ഇനി മൈദയും വാനില പൗഡറും അരിച്ച് ചേർത്തു യോജിപ്പിച്ച് എടുക്കണം.
മാംഗോ പ്യൂരി, മാംഗോ ജാം, മാംഗോ എസൻസ്, മഞ്ഞ ഫുഡ് കളർ എന്നിവ കൂടി ചേർത്തു കൊടുത്ത് ഇളക്കി എടുക്കാം. അതിനുശേഷം അടച്ചു വച്ച മുട്ടയുടെ വെള്ള കുറേശ്ശെയായി ചേർത്തു യോജിപ്പിച്ച് എടുക്കാം.
7 ഇഞ്ചിന്റെ കേക്ക് ടിൻ എടുത്ത് വെണ്ണ അല്ലെങ്കിൽ ഓയിൽ പുരട്ടി ബട്ടർ പേപ്പർ താഴെയും വശങ്ങളിലും ഇട്ട് ബേക്കിങ് സ്ട്രിപ്സ് കൂടി ഇട്ടു കൊടുത്ത ശേഷം ഇതിലേക്കു ബാറ്റർ ഒഴിച്ചു കൊടുക്കാം. അവ്ൻ 170 ഡിഗ്രി ചൂടിൽ പ്രീഹീറ്റ് ചെയ്തശേഷം 150 ഡിഗ്രി ചൂടിലേക്കു മാറ്റി 45 മിനിറ്റ് കേക്ക് ബേക്ക് ചെയ്തെടുക്കാം.
ഓയിൽ തടവിയ ഒരു ബട്ടർ പേപ്പറിലേക്ക് ഉടൻ തന്നെ കേക്ക് മാറ്റിയശേഷം തണുക്കാനായി അനുവദിക്കാം. കേക്ക് തണുത്ത ശേഷം അതേ ബട്ടർ പേപ്പർ കൊണ്ടു പൊതിഞ്ഞു ഒരു ദിവസം മാറ്റിവയ്ക്കുക. അടുത്ത ദിവസം മുറിച്ച് ഉപയോഗിക്കാം.
Content Summary : Mango castella cake without baking powder.