ബീഫ് കട്‌ലറ്റ് കേരളത്തിലെ പ്രശസ്തമായ ഒരു വിഭവമാണ്. കേരള ബീഫ് കട്‌ലറ്റ് വളരെ രുചികരവും പ്രോട്ടീൻ സമ്പുഷ്ടവുമായ ഒരു മികച്ച ലഘുഭക്ഷണമായും വിശപ്പകറ്റാനും ചോറിനൊപ്പം ആസ്വാദ്യകരമായ ഒരു സൈഡ് വിഭവമായും കഴിക്കാം. കേരളത്തിലെ ക്രിസ്ത്യൻ കുടുംബങ്ങളിൽ പെരുന്നാളുകളിലും മറ്റും ഈ കട്‌ലറ്റ് ഒരു പ്രധാന വിഭവമാണ്. ബ്രെഡ് പൊടി ഉപയോഗിക്കാതെയുള്ള രീതിയിലാണ് തയാറാക്കുന്നത്.
ചേരുവകൾ:
- ബീഫ് - 250 ഗ്രാം
- മഞ്ഞള്‍പ്പൊടി - ½ ടീസ്പൂൺ
- ഉപ്പ് - പാകത്തിന്
- മുളകുപൊടി - 1 ടീസ്പൂൺ
- വെള്ളം - ആവശ്യത്തിന്
- ഉരുളക്കിഴങ്ങ് - 200 ഗ്രാം
- വെളിച്ചെണ്ണ - ആവശ്യത്തിന്
- സവാള അരിഞ്ഞത് - 1 എണ്ണം
- ഇഞ്ചി അരിഞ്ഞത് - 1 ടീസ്പൂൺ
- വെളുത്തുള്ളി അരിഞ്ഞത് - 1 ടീസ്പൂൺ
- പച്ചമുളക് അരിഞ്ഞത് - 2 എണ്ണം
- കുരുമുളകുപൊടി - ½ ടീസ്പൂൺ
- ഗരം മസാല - 1 ടീസ്പൂൺ
- കറിവേപ്പില - 2 തണ്ട്
- മുട്ട - 2 എണ്ണം
ബീഫ് കട്‌ലറ്റ് തയാറാക്കുന്ന വിധം വിഡിയോ കാണാം
നെയ്യ് ഇല്ലാത്ത ബീഫ് ആണ് കട്‌ലറ്റ് ഉണ്ടാക്കാൻ നമുക്ക് വേണ്ടത്. ആദ്യം ബീഫ് ചെറുതായി നുറുക്കി നന്നായി കഴുകി വെള്ളം വാർത്ത് ഒരു കുക്കറിലേക്ക് ഇട്ട് കൊടുക്കാം, ഇനി അതിലേക്കു ആവശ്യത്തിന് ഉപ്പ്, മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവ ചേർത്തു കൈകൊണ്ട് ഒന്നു കൂട്ടി യോജിപ്പിച്ച ശേഷം ഇറച്ചി വേവാൻ ആവശ്യമായ വെള്ളം കൂടി ഒഴിച്ചു രണ്ട് വിസിൽ വരുന്നതു വരെ വേവിക്കുക.
ആവി മുഴുവൻ പോയി കഴിയുമ്പോൾ കുക്കർ തുറക്കാം. ഇറച്ചിയിൽ ഇനിയും വെള്ളം ഉണ്ടെങ്കിൽ തുറന്നു വച്ച് വേവിച്ച് വെള്ളം വറ്റിച്ചെടുക്കണം. ഇത് ചൂടാറാൻ വയ്ക്കാം. ഇത് മിക്സിയുടെ ജാറിൽ ഇട്ട് ഒന്ന് പൊടിച്ചെടുക്കണം, നല്ലതുപോലെ പൊടിച്ചെടുക്കേണ്ടതില്ല.
ഇനി ഇത് മാറ്റിവച്ചിട്ട് തൊലികളഞ്ഞ് കഷ്ണങ്ങളാക്കിയ ഉരുളക്കിഴങ്ങ് ഒരു കുക്കറിലേക്ക് ഇട്ട് ആവശ്യത്തിന് ഉപ്പും വെള്ളവും ഒഴിച്ച് നന്നായി വേവിച്ചെടുക്കണം. ചൂടാറിയശേഷം ഇത് നന്നായി ഉടച്ചെടുക്കുക.
ഇനി ഒരു ഫ്രൈയിങ് പാനിൽ വെളിച്ചെണ്ണയൊഴിച്ച് ചൂടാക്കിയ ശേഷം ചെറുതായി അരിഞ്ഞ സവാളയിട്ട് വഴറ്റുക, ഇതിലേക്ക് ചെറുതായി അരിഞ്ഞ പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്തു ചെറിയ തീയിൽ വഴറ്റി കൊടുക്കാം.
ഇനി ഇതിലേക്ക് ആവശ്യത്തിന് ഉപ്പും കുരുമുളകുപൊടിയും ഗരംമസാലപ്പൊടിയും ചേർത്തു കൊടുത്തു എല്ലാം നല്ലതുപോലെ വഴറ്റിയെടുക്കാം, കുറച്ചു കറിവേപ്പില കൂടി ചേർത്തുകൊടുക്കാം. ഇനി പൊടിച്ച ഇറച്ചി ചേർത്തു നല്ലതുപോലെ വഴറ്റി ഡ്രൈയാക്കി എടുക്കാം. എന്നിട്ട് തീ ഓഫ് ചെയ്ത് ഉടച്ചു വച്ച ഉരുളക്കിഴങ്ങ് ചേർത്തു കൊടുത്തു നന്നായി യോജിപ്പിച്ച് എടുക്കണം. ചൂടാറിക്കഴിഞ്ഞാൽ കൈകൊണ്ട് ഒന്നുകൂടി നന്നായി കുഴച്ചെടുക്കുക.
മറ്റൊരു പാത്രത്തിൽ മുട്ട ഒരു വിസ്‌ക് അല്ലെങ്കിൽ സ്പൂൺ വച്ച് ചെറുതായൊന്ന് അടിച്ചെടുത്തു മാറ്റിവയ്ക്കാം.
കട്‌ലറ്റ് ഷേപ്പ് കിട്ടാൻ
ഒരു ചെറിയ കഷ്ണം ഓല എടുത്ത് നന്നായി കഴുകി തുടച്ച് ഒരു പാത്രത്തിനു മുകളിൽ വച്ച് കട്‌ലറ്റ് ആകൃതിയിലാക്കി പിടിക്കുക. ഇനി കട്ട്ലറ്റ് മിക്സിൽ നിന്നു കുറച്ചെടുത്ത് ഇതിനുള്ളിൽ നിറച്ചു കൊടുക്കണം, അതിനുശേഷം ഓല കഷ്ണം പതുക്കെ എടുത്തുമാറ്റാം. ഇതുപോലെ എല്ലാം ചെയ്തെടുക്കാം.
ഇനി ഓരോ കട്‌ലറ്റും അടിച്ചു വച്ച മുട്ടയിൽ മുക്കിയെടുത്തു ചൂടായി കിടക്കുന്ന വെളിച്ചെണ്ണയിലിട്ട് ഫ്രൈ ചെയ്തെടുക്കാം. ബീഫ് കട്‌ലറ്റ് തയാറായിക്കഴിഞ്ഞു.
Content Summary : Beef cutlet without bread crumbs recipe by Nimmy.