ആരോഗ്യകരവും രുചികരവുമായ ഒരു പലഹാരം. റാഗിയുടെ ആരോഗ്യ ഗുണങ്ങൾ നമുക്കെല്ലാവർക്കും അറിയാം. ധാരാളം പോഷകങ്ങളുള്ള ആരോഗ്യകരമായ ഒരു ധാന്യമാണിത്. ദഹനം വർദ്ധിപ്പിക്കുക, ഹൃദ്രോഗ സാധ്യത കുറയ്ക്കുക, വാർദ്ധക്യം കുറയ്ക്കുക, പ്രമേഹം നിയന്ത്രിക്കുക തുടങ്ങിയ വിലപ്പെട്ട ആരോഗ്യ ഗുണങ്ങൾ റാഗി നൽകുന്നു. അതുകൊണ്ടു തന്നെ ഈ റാഗി ഇലയട വളരെ ആരോഗ്യകരവും രുചികരവുമായ ലഘുഭക്ഷണമാണെന്നതിൽ സംശയമില്ല.

ആവശ്യമായ ചേരുവകൾ
ഫില്ലിങ്ങിന്
- വെളിച്ചെണ്ണ - 3 ടേബിൾസ്പൂൺ
- ചെറുതായി അരിഞ്ഞ ഇഞ്ചി - 1 ടീസ്പൂൺ
- വെളുത്തുള്ളി അരിഞ്ഞത് - 1 ടീസ്പൂൺ
- സവാള - 2 എണ്ണം
- ഉപ്പ് - ആവശ്യത്തിന്
- തക്കാളി - 1
- ഉരുളക്കിഴങ്ങ് - 2 എണ്ണം
- കറിവേപ്പില - ആവശ്യത്തിന്
- മഞ്ഞൾപ്പൊടി - ½ ടീസ്പൂൺ
- മല്ലിപ്പൊടി - 1 ടീസ്പൂൺ
- ഗരം മസാല - 1 ടീസ്പൂൺ
- മുളകുപൊടി - 3 ടീസ്പൂൺ
- മുട്ട - 2 എണ്ണം
- മല്ലിയില - കുറച്ച്
അട തയാറാക്കാൻ
- റാഗിപ്പൊടി - 3 കപ്പ്
- ഉപ്പ് - ആവശ്യത്തിന്
- വെള്ളം - 1¾ കപ്പ്
തയാറാക്കുന്ന വിധം വിഡിയോ കാണാം

ഫില്ലിങ് തയാറാക്കാൻ ഒരു ഫ്രൈയിങ് പാൻ ചൂടാക്കി വെളിച്ചെണ്ണ ഒഴിക്കുക. ചെറുതായി അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞത് എന്നിവ ചേർത്തു വഴറ്റുക. ചെറുതായി അരിഞ്ഞ സവാള ചേർത്തു നന്നായി വഴറ്റുക.
ഉപ്പു ചേർത്തു വഴറ്റിയാൽ സവാള പെട്ടെന്ന് വാടികിട്ടും. ചെറുതായി അരിഞ്ഞ തക്കാളി ചേർക്കുക. ഇനി ഗ്രേറ്റ് ചെയ്തെടുത്ത ഉരുളക്കിഴങ്ങു ചേർത്തു കൊടുക്കാം, ഇതിനി അടച്ചു വച്ച് വേവിച്ചെടുക്കാം. കുറച്ച് കറിവേപ്പില ചേർക്കുക.
ഇനി മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ഗരംമസാല, മുളകുപൊടി എന്നിവ ചേർക്കാം. മുട്ട ചെറുതായി അടിച്ചു ഇതിലേക്കൊഴിച്ചു കൊടുക്കാം. ഇടത്തരം തീയിൽ കുറച്ചു നേരം വേവിക്കുക.
കുറച്ച് മല്ലിയിലയും ചേർത്തു മാറ്റിവയ്ക്കുക. ഇപ്പോൾ എഗ് മസാല ഫില്ലിങ് തയാറായി കഴിഞ്ഞു. അട തയാറാക്കാനായിട്ട് റാഗിപ്പൊടി രണ്ട് മിനിറ്റ് വറക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്തു നന്നായി ഇളക്കിയശേഷം വെള്ളം ഒഴിച്ചു കുഴച്ചെടുക്കാം. ഇനി ഇലയട ഉണ്ടാക്കി തുടങ്ങാം.
മാവിൽ നിന്നും കുറച്ചെടുത്തു വാഴയിലയുടെ ഒരു കഷ്ണത്തിൽ നന്നായി കനം കുറച്ചു പരത്തിയെടുക്കാം. ഇനി ഫില്ലിങ് ഒരു വശത്ത് മാത്രം പരത്തുക. ഇനി ഇല മടക്കിയെടുക്കാം. ബാക്കിയുള്ളതും ഇതുപോലെ ചെയ്തെടുത്തശേഷം 10 മുതൽ 15 മിനിറ്റ് വരെ ആവിയിൽ വേവിച്ചെടുക്കാം.
Content Summary : Ragi masala ilayada, healthy snack recipe.