ഒരുപാട് ഗുണങ്ങൾ അടങ്ങിയ പച്ചപപ്പായ. ആസ്മ, ഓസ്റ്റിയോ ആർത്രൈറ്റിസ്, സന്ധിവാതം, റൂമറ്റോയ്ഡ് ആർത്രൈറ്റിസ് ഇവക്കെല്ലാം പച്ചപപ്പായ നല്ല ഔഷധമാണ്. പുകവലിക്കാരിൽ ശ്വാസകോശത്തിന്റെ വീക്കം കുറക്കാൻ സഹായിക്കുന്ന വിറ്റാമിൻ എയും ഇതിലുണ്ട്. പച്ചപപ്പായ നീര് ടോൺസിലുകൾ ചികിത്സിക്കാൻ കഴിയും. നമ്മളിൽ പലരും പച്ച പപ്പായ അധികം കറി വയ്ക്കാറില്ല. എന്നാൽ പപ്പായ ഇതുപോലെ കറി വയ്ക്കുകയാണെങ്കിൽ ഇഷ്ടമില്ലാത്തവരും കഴിച്ചു പോകും.
പുരട്ടി വയ്ക്കാൻ ആവശ്യമായ ചേരുവകൾ
•പപ്പായ - 500 ഗ്രാം
•മുളകുപൊടി - 1/2 ടീസ്പൂൺ
•മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
•ഉപ്പ് - പാകത്തിന്
•വെളിച്ചെണ്ണ - 1 ടീസ്പൂൺ
•കറിവേപ്പില
വഴറ്റാൻ ആവശ്യമായ ചേരുവകൾ
•വെളിച്ചെണ്ണ - 4 ടേബിൾസ്പൂൺ
•കറുവപ്പട്ട - 2 ചെറുത്
•ചെറിയ ഉള്ളി - 25 മുതൽ 30 വരെ
•ഇഞ്ചി അരിഞ്ഞത് - 1/4 കപ്പ്
•വെളുത്തുള്ളി അരിഞ്ഞത് - 1/4 കപ്പ്
•പച്ചമുളക് - 2
•കറിവേപ്പില
•മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
•മല്ലിപ്പൊടി - 2 ടേബിൾസ്പൂൺ
•കശ്മീരി മുളകുപൊടി - ഒന്നര ടീസ്പൂൺ
•തക്കാളി - 2 ഇടത്തരം
അരപ്പിന് ആവശ്യമായ ചേരുവകൾ
•തേങ്ങ ചിരകിയത് - 1 കപ്പ്
•ചെറിയ ഉള്ളി - 4
•ഉപ്പ് - പാകത്തിന്
•ജീരകം - 1/4 ടീസ്പൂൺ
താളിക്കാൻ ആവശ്യമായ ചേരുവകൾ
•വെളിച്ചെണ്ണ - 3 ടേബിൾസ്പൂൺ
•കടുക് - 1 ടീസ്പൂൺ
•ഉണക്കമുളക് - 3
•ചെറിയ ഉള്ളി അരിഞ്ഞത് - 1/2 കപ്പ്
•കറിവേപ്പില
തയ്യാറാക്കുന്ന വിധം
•ആദ്യം പപ്പായ ഇടത്തരം കഷ്ണങ്ങളാക്കി മുറിച്ചതിന് ശേഷം 1/2 ടീസ്പൂൺ മുളകുപൊടി, 1/2 ടീസ്പൂൺ മഞ്ഞൾപ്പൊടി, ഉപ്പ്, 1 ടീസ്പൂൺ വെളിച്ചെണ്ണ, കുറച്ച് കറിവേപ്പില എന്നിവ ചേർത്ത് പുരട്ടി വയ്ക്കുക.
•ഒരു ഫ്രൈയിങ് പാനിലേക്ക് 4 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്തു ചൂടാക്കുക, ഇതിലേക്ക് ഒരു കഷണം കറുവപ്പട്ട, ചെറിയ ഉള്ളി (രണ്ട് സവാള) അരിഞ്ഞത്, പച്ചമുളക് രണ്ടെണ്ണം, 1/4 കപ്പ് ഇഞ്ചി അരിഞ്ഞത്, 1/4 കപ്പ് വെളുത്തുള്ളി അരിഞ്ഞത് എന്നിവ ചേർത്തു കൊടുത്തു നല്ല ഗോൾഡൻ നിറമാകുന്നത് വരെ വഴറ്റിയെടുക്കുക, അടുത്തതായി പൊടികൾ ചേർക്കാം, രണ്ട് ടേബിൾസ്പൂൺ മല്ലിപ്പൊടിയും ഒന്നര ടീസ്പൂൺ കാശ്മീരി ചില്ലി മുളക് പൊടിയും അര ടീസ്പൂൺ മഞ്ഞൾ പൊടിയും ചേർത്തു യോജിപ്പിച്ചതിനു ശേഷം രണ്ട് തക്കാളി അരിഞ്ഞതു ചേർക്കാം, തക്കാളി നല്ല സോഫ്റ്റ് ആയി വന്നാൽ നേരത്തെ പുരട്ടി വച്ചിരിക്കുന്ന പപ്പായ ചേർക്കാം, എല്ലാം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് അര കപ്പ് വെള്ളം ഒഴിച്ച് നന്നായി വേവിക്കുക.
•ശേഷം മിക്സിയുടെ ചെറിയ ജാറിലേക്കു 1 കപ്പ് തേങ്ങ ചിരകിയത്, 4 ചെറിയ ഉള്ളി, പാകത്തിന് ഉപ്പ്, 1/4 ടീസ്പൂൺ ജീരകം, ആവശ്യത്തിന് വെള്ളം എന്നിവ ചേർത്തു നന്നായി അരച്ചെടുക്കുക.
•പപ്പായ നന്നായി വെന്ത ശേഷം ഈ തേങ്ങാ അരപ്പ് കൂടി ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ചു തിളപ്പിക്കുക. ശേഷം തീ ഓഫ് ചെയ്യാം.
•ഒരു ചെറിയ ഫ്രൈയിങ് പാനിൽ എണ്ണ ചൂടാക്കിയതിനുശേഷം കടുകും ചെറിയുള്ളിയും പൊടിയായി അരിഞ്ഞതും കറിവേപ്പില, ഉണക്കമുളക് എന്നിവയും ചേർത്തു നന്നായി മൂപ്പിച്ച് കറിയിലേക്കു ചേർക്കുക.
Content Summary : Pappaya curry recipe by Deepthi.