പോഷകസമൃദ്ധമാണ് ഏത്തപ്പഴം. ശാരീരികാരോഗ്യം നിലനിർത്താൻ ഏത്തപ്പഴം ഭക്ഷണശീലത്തിൽ ഉൾപ്പെടുത്താം. അമിത രക്‌തസമ്മർദം കുറയ്‌ക്കാൻ സഹായിക്കുന്ന ഘടകങ്ങൾ ഏത്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. പഴംപൊരി മാത്രമല്ല വ്യത്യസ്ത രുചിയിലുള്ള നിരവധി പലഹാരങ്ങൾ ഏത്തപ്പഴം ചേർത്തു തയാറാക്കാം. രണ്ട് ഏത്തപ്പഴം ചേർത്ത് ഒരു കിടിലൻ 4 മണി പലഹാരം, വളരെ സ്വാദോടെ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
- ഏത്തപ്പഴം - 2 ഇടത്തരം വലുപ്പം
- നെയ്യ് - 1 ടീസ്പൂൺ + 1 ടീസ്പൂൺ
- കശുവണ്ടി - 10
- ഉണക്കമുന്തിരി - 1 ടീസ്പൂൺ
- തേങ്ങ - 3 ടേബിൾസ്പൂൺ
- പഞ്ചസാര - 1 ടേബിൾസ്പൂൺ + 5 ടേബിൾസ്പൂൺ
- മൈദ -1& 1/2 കപ്പ്
- വെള്ളം - 1 &1/2 കപ്പ്
- കടലമാവ് - 2 ടേബിൾസ്പൂൺ നിറച്ച്
- അരിപ്പൊടി- 1 ടേബിൾസ്പൂൺ നിറച്ചു
- ഏലയ്ക്ക – 2
- എണ്ണ - വറുക്കാൻ
തയാറാക്കുന്ന വിധം
ഒരു ഫ്രൈയിങ് പാൻ ചൂടാക്കി 1 ടീസ്പൂൺ നെയ്യ് ചേർക്കുക. കശുവണ്ടിയും ഉണക്കമുന്തിരിയും വഴറ്റുക. ഇതിലേക്കു തേങ്ങയും 1 ടേബിൾസ്പൂൺ പഞ്ചസാരയും ചേർത്ത് ഇടത്തരം തീയിൽ 3 മിനിറ്റു വഴറ്റുക. ശേഷം ഇത് ഒരു പ്ലേറ്റിലേക്കു മാറ്റാം. അതേ ഫ്രൈയിങ് പാനിൽ 1 ടീസ്പൂൺ നെയ്യ് ചേർത്ത് അരിഞ്ഞ ഏത്തപ്പഴം ചേർക്കുക. പഴത്തിന്റെ നിറം ഒന്നു മാറി വരുന്നതു വരെ വഴറ്റുക, പാത്രത്തിൽ നിന്ന് നീക്കം ചെയ്യുക. ഒരു മിക്സിയിൽ ഒന്നര കപ്പ് വെള്ളം, മൈദ, 5 ടേബിൾസ്പൂൺ പഞ്ചസാര, കടലമാവ്, അരിപ്പൊടി, ഏലയ്ക്ക എന്നിവ ചേർത്ത് എല്ലാം നന്നായി ചേരുന്നതുവരെ അടിച്ചെടുക്കുക.
ഇത് ഒരു പാത്രത്തിൽ ഒഴിക്കുക, അര ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്തു നന്നായി യോജിപ്പിക്കുക. ഇതിലേക്കു വഴറ്റിയ തേങ്ങാ മിശ്രിതവും വാഴപ്പഴവും ചേർക്കുക. നന്നായി ഇളക്കി യോജിപ്പിക്കുക. ബേക്കിങ് സോഡ ചേർത്തു നന്നായി ചേരുന്നതുവരെ ഇളക്കുക. ഒരു കഡായിയിൽ എണ്ണ ചൂടാക്കി ചൂടുള്ള എണ്ണയിൽ ഒരു സ്പൂൺ വീതം മിശ്രിതം ചേർക്കുക. ഇരുവശത്തും സ്വർണ്ണ നിറമാകുന്നതുവരെ വഴറ്റുക. രുചികരമായ 4 മണി പലഹാരം വിളമ്പാം.
Content Summary : Sweet banana, Quick and easy snack with tea.