ചൂടുകൂടിയാൽ തണുത്ത നാരങ്ങാവെള്ളം കുടിച്ചാൽ കിട്ടുന്ന ആശ്വാസം ഒന്നുവേറെയാണ്. ക്ഷീണം അകറ്റാനും ദാഹം തീർക്കാനും അടിപൊളിയാണ്. ഇപ്പോൾ കടകളിൽ ലൈം ജ്യൂസ് ഒാർഡർ ചെയ്താൽ നീല നിറത്തിലും ചുവന്ന കളറിലുമൊക്കെ ടേബിളിലെത്തും. കൃത്രിമ കളർ ചേർത്തുള്ള ഭക്ഷണം അത്ര നല്ലതല്ല. നിറം ചേർക്കാതെ ചുവന്ന നിറത്തിൽ ജ്യൂസ് തയാറാക്കിയാലോ?
കളർ ചേർക്കാത്ത കളർഫുൾ ജ്യൂസ്
ചേരുവകൾ
∙ചെറുനാരങ്ങ നീര് – ആവശ്യത്തിന്
∙പഞ്ചസാര ആവശ്യത്തിന്
∙തണുത്ത വെള്ളം - രണ്ട് കപ്പ്
∙ചുവന്ന ചീര - കാൽ കപ്പ്
∙വെള്ളം - അര കപ്പ്
∙കസ്കസ് - ഒരു ടീസ്പൂൺ
തയാറാക്കുന്ന വിധം
ആദ്യം ഒരു ടീസ്പൂൺ കസ്കസ് കുറച്ചു വെള്ളം ഒഴിച്ച് കുതിർക്കാൻ വയ്ക്കണം. ശേഷം ഒരു മിക്സി ജാറിലേക്കു നാരങ്ങാ നീരും പഞ്ചസാരയും രണ്ടു കപ്പ് തണുത്ത വെള്ളവും ചേർത്ത് അടിച്ചെടുക്കുക .അപ്പോൾ നാരങ്ങാ വെള്ളം തയാർർ .ഇനി കളർ ഐസ് ഉണ്ടാക്കാം അതിനായി അര കപ്പ് വെള്ളം തിളപ്പിച്ചതിലേക്കു കാൽ കപ്പ് ചുവന്ന ചീര അരിഞ്ഞത് ചേർത്ത് ഒരു മിനിറ്റ് തിളപ്പിക്കുക .ശേഷം ചീര തിളപ്പിച്ചത് തണുക്കാൻ വയ്ക്കാം.
ശേഷം ചീരയുടെ ജ്യൂസ് അരിച്ചെടുക്കാം .ഈ ജ്യൂസിലേക്കു ഒരു ടീസ്പൂൺ നാരങ്ങാ നീരും ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് മിക്സ് ചെയ്ത ശേഷം ഐസ് ട്രേയിൽ ഒഴിച്ച് ഫ്രീസറിൽ വയ്ക്കാം. കളർ ഐസ്ക്യൂബ് റെഡിയാക്കാം. ശേഷം ഗ്ലാസ്സിലേക്കു കളർ ഐസ് ക്യൂബ്സ് ചേർക്കുക ഇനി നാരങ്ങാ വെള്ളം ഒഴിക്കുക. ഒന്ന് ഇളക്കി കൊടുക്കാം നല്ല കളർ ഫുൾ ജ്യൂസ് റെഡി. ജ്യൂസിന് മുകളിൽ കസ്കസ് കുതിർത്തിയതും ചേർക്കാം.
English Summary: Colourful Magic Lime Juice