വിറ്റാമിൻ ബി യും നാരും ധാരാളം അടങ്ങിയിട്ടുള്ള ചക്കക്കുരു കൊണ്ട് തയാറാക്കുന്ന മസാല കറി അപ്പം, ദോശ, ചപ്പാത്തി എന്നിവയുടെ കൂടെ കഴിക്കാൻ ഏറെ രുചികരമാണ്. അടിപൊളി രുചിയിൽ മസാലക്കറി ഉണ്ടാക്കാം.
ചേരുവകൾ
ചക്കകുരു- 25- 30 എണ്ണം
തേങ്ങാപ്പാൽ - ഒരു തേങ്ങയുടെ
സവാള - 2 എണ്ണം
തക്കാളി - 1 എണ്ണം
ഇഞ്ചി - 1/4 ഇഞ്ച്
വെളുത്തുള്ളി 3-4 എണ്ണം
ഉപ്പ് ആവശ്യത്തിന്
മഞ്ഞൾപൊടി -1/4 ടീസ്പൂൺ
ഗരം മസാല - 1 സ്പൂൺ
വെള്ളം
വറവിന്:
വെളിച്ചെണ്ണ
കടുക്
കറിവേപ്പില
തയാറാക്കുന്ന വിധം
ചക്കക്കുരു ഒന്ന് ചതച്ച് തോല് കളഞ്ഞ് കഴുകി വൃത്തിയാക്കി കുക്കറിൽ ഉപ്പും മഞ്ഞൾപ്പൊടിയും ആവശ്യത്തിന് വെള്ളവും ചേർത്ത് വേവിക്കുക. ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുകും കറിവേപ്പിലയും താളിച്ച്, ഇഞ്ചി പച്ചമുളക് അരിഞ്ഞത് ചേർത്ത് വഴറ്റുക. ശേഷം സവാള അരിഞ്ഞതും അല്പം ഉപ്പും ഇതിലേക്ക് ചേർത്ത് വഴറ്റുക.
ഇനി തക്കാളി ചേർത്ത് രണ്ട് മിനിറ്റ് അടച്ചുവച്ച് വേവിക്കാം എരുവിന് കാന്താരിയും ചേർക്കാം. ശേഷം ഗരം മസാല ചേർത്ത് നന്നായി ഇളക്കുക. ഇനി വേവിച്ചുവെച്ച ചക്കക്കുരു ചേർക്കുക. ഇനി മൂന്നാം പാലും രണ്ടാം പാലും ചേർത്ത് നന്നായി തിളപ്പിക്കുക. ഒന്നു കുറുകിയ ശേഷം ഒന്നാം പാൽ ഒഴിച്ച് തീ ഓഫ് ചെയ്യുക. സ്വാദിഷ്ടമായ ചക്കക്കുരു മസാലക്കറി തയാർ.
English Summary: Jackfruit Seed Masala Curry