ഈ മീൻ കറി ഉണ്ടെങ്കില്‍ വയറ് നിറച്ച് ചോറു കഴിക്കാം. ഏതു തരം മീനും ഇത്തരത്തില്‍ വറുത്തരച്ചു വയ്ക്കാവുന്നതാണ്. വറത്തരച്ച് വയ്ക്കുന്ന വിഭവങ്ങൾക്കെല്ലാം തന്നെ പ്രത്യേക രുചിയാണ്. മീൻകറിയെങ്കിൽ പറയുകയും വേണ്ട. ഇൗ ടേസ്റ്റി മീന്‍കറി തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ചേരുവകള്‍
•കഴുകി വൃത്തിയാക്കിയ മീന്‍ കഷണങ്ങള്‍ - ½ കിലോ
•ചെറിയ ഉള്ളി - 1 കപ്പ്
•പച്ചമുളക് രണ്ടായി കീറിയത് - 2 എണ്ണം
•പുളി - നെല്ലിയ്ക്ക വലുപ്പത്തില്‍
•ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് - 1 ടേബിള്‍ സ്പൂണ്‍
•തേങ്ങ ചിരകിയത് - 3/4 കപ്പ്
•ഉലുവ - 1/4 ടീസ്പൂൺ
•മുളകുപൊടി - 1 & 1/2 ടേബിള്‍ സ്പൂണ്‍
•മല്ലിപൊടി - 1 ടേബിള്‍ സ്പൂണ്‍
•മഞ്ഞള്‍പൊടി - 3/4 ടീസ്പൂൺ
•കുരുമുളക്പൊടി - 1/2 ടീസ്പൂൺ
•ഉപ്പ് വെള്ളം ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
•മീൻ നന്നായി കഴുകിയതിന് ശേഷം അര ടീസ്പൂൺ മഞ്ഞൾ പൊടിയും ഒരു ടീസ്പൂൺ മുളക് പൊടിയും ചേർത്ത് പുരട്ടി വയ്ക്കുക.
•മറ്റൊരു പാൻ അടുപ്പിൽ വച്ച് അതിലേക്കു കുറച്ചു വെളിച്ചെണ്ണ ഒഴിച്ചതിനു ശേഷം ഒരു കപ്പ് ചെറിയ ഉള്ളി ഇട്ട് ചെറുതായി വഴറ്റുക. ശേഷം കാൽ ടീസ്പൂൺ ഉലുവയും മുക്കാൽ കപ്പ് തേങ്ങ ചിരവിയതും ഇട്ടു വീണ്ടും വഴറ്റുക, കരിഞ്ഞു പോകരുത്.
•തേങ്ങ ഏതാണ്ട് ബ്രൗൺ കളർ ആകുമ്പോൾ ഒരു ടേബിൾസ്പൂൺ മല്ലിപൊടിയും, കാൽ ടീസ്‌പൂൺ മഞ്ഞൾ പൊടിയും, അര ടീസ്പൂൺ കുരുമുളക് പൊടിയും, ഒരു ടേബിൾസ്പൂൺ കശ്മീരി മുളക് പൊടിയും ചേർത്ത് നന്നയി വഴറ്റി തീ ഓഫ് ചെയ്യാം. തണുക്കുമ്പോൾ കുറച്ചു വെള്ളം ചേർത്ത് ഇത് നന്നായി അരച്ചെടുക്കുക.
•ഒരു മൺചട്ടിയിലേക്കു അരച്ചെടുത്ത തേങ്ങയും, ഒരു ടേബിൾസ്പൂൺ ചെറിയ ഉള്ളി അരിഞ്ഞതും, പുളിവെള്ളവും, കുറച്ചു കറിവേപ്പിലയും, രണ്ട് പച്ചമുളകും, ആവശ്യത്തിന് ഉപ്പും, വെള്ളവും ചേർത്ത് തിളക്കാനായി അടുപ്പിൽ വെക്കാം.
•തിളച്ചു വരുമ്പോൾ നേരത്തെ പുരട്ടി വച്ച മീൻ കഷ്ണങ്ങൾ കൂടെ ഇട്ട് വീണ്ടും 10 മിനിറ്റ് തിളപ്പിക്കുക. മീൻ വെന്തു കഴിഞ്ഞാൽ തീ ഓഫ് ചെയ്ത് കുറച്ചു കറിവേപ്പില കൂടെ ഇട്ട് അടച്ചു വെക്കാം. ചൂട് ചോറിനും കപ്പയ്ക്കും അടിപൊളി കോമ്പിനേഷൻ ആണ്.
English Summary: Tasty Varutharacha Fish Curry