വാരിവലിച്ചു തിന്നല്ലേ, ആയുസ്സ് കുറയും!

best-diet
SHARE

ദീർഘായുസ്സിന്റെ രഹസ്യം മറ്റെങ്ങും തേടിപ്പോകണ്ട, അതു നിങ്ങളുടെ ഭക്ഷണത്തിൽത്തന്നെയാണ്. ആരോഗ്യകരമായ ഭക്ഷണവും ജീവിതശൈലിയും ദീർഘായുസ്സു നൽകും. 

നല്ല ഭക്ഷണം കഴിച്ചാൽ കൂടുതൽ കാലം ജീവിക്കാം

പോഷകഗുണങ്ങൾ നിറഞ്ഞ ഭക്ഷണം ഏതൊക്കെയാണ്, ഏതൊക്കെ നോൺ വെജ് വിഭവങ്ങൾ കഴിക്കണം, എപ്പോൾ കഴിക്കണം എന്നതൊക്കെ പ്രധാനമാണ്. ആരോഗ്യകരമായ ചില ഭക്ഷണ ശീലങ്ങളിലേക്ക്:

ആരോഗ്യകരമായ ഭക്ഷണശീലത്തിൽ ആദ്യം വരുന്നത് മീൻ വിഭവങ്ങളാണ്. ഇറച്ചിക്കു പകരം മീൻ ഉപയോഗിക്കുന്നവരാണ് ആയുസ്സിന്റെ കാര്യത്തിൽ മുൻപിലെന്നാണ് പഠനങ്ങൾ പറയുന്നത്. ഇറച്ചി ഉപയോഗം കുറച്ച് മീൻ കൂട്ടുന്നത് ആയുസ്സു കൂട്ടും. പ്രോസസ്ഡ് മീറ്റും റെഡ് മീറ്റും ഉപയോഗിക്കുന്ന വരെക്കാൾ ആരോഗ്യപ്രശ്നങ്ങൾ ഇവർക്കു കുറവായിരിക്കും. കടൽ – കായൽ മത്സ്യങ്ങൾ നിസ്സാരക്കാരല്ല!... ഒമേഗ 3 ഫാറ്റ് നിറഞ്ഞ മത്സ്യങ്ങൾ മറ്റു മാംസങ്ങളെക്കാൾ ആരോഗ്യകരമാണ്. ലോകത്ത് ഏറ്റവും അധികം ആയുർദൈർഘ്യമുള്ള ‘ബ്ലൂസോണുകൾ’ ദ്വീപുകളിലോ കടൽത്തീരങ്ങളിലോ ആണെന്നാണ് പഠനങ്ങൾ പറയുന്നത്. ജപ്പാനിലെ ഒക്കിനാവ ദ്വീപിൽ ആളുകളുടെ ശരാശരി പ്രായം 84 ആണ്.

ഒക്കിനാവൻ മെനു 

ആഹാരം വിളമ്പുന്നതു തന്നെ ചെറിയ പാത്രങ്ങളിൽ. വാരിവലിച്ചു തിന്നു വയർ നിറയ്ക്കില്ല. നിറഞ്ഞെന്ന തോന്നലിനും മുൻപേ കഴിക്കുന്നതു നിർത്തും. ദിവസവും പഴങ്ങളും പച്ചക്കറിയും പലവട്ടം കഴിക്കും. ആഴ്ചയിൽ മൂന്നുദിവസമെങ്കിലും ചൂര പോലുള്ള മീനുകളുടെ കറി. മധുരക്കിഴങ്ങും സോയാ മിൽക്കിൽനിന്നുണ്ടാക്കുന്ന ടൊഫുവും പതിവ്. കടുത്ത പഞ്ചസാര വിരോധികൾ. കഴിയുന്നതും പഞ്ചസാര ഉപയോഗിക്കാതെ നോക്കും. ഉപ്പും കുറവ്. പഞ്ചസാരയുടെയും ഉപ്പിന്റെയും ദോഷങ്ങളെക്കുറിച്ചു പുറത്തുവരുന്ന ഗവേഷണഫലങ്ങൾ ഒക്കിനാവയുടെ ആയുർദൈർഘ്യത്തിലേക്കു കൂടിയാണു വിരൽ ചൂണ്ടുന്നത്. നാരങ്ങ പോലുള്ള ഷികുവസയെന്ന മാന്ത്രികഫലം ആയുസ്സു കൂട്ടുന്നെന്നും ഒക്കിനാവക്കാർ കരുതുന്നു. തീൻമേശയിലെ പലതരത്തിലുള്ള വിഭവങ്ങളാണ് മറ്റൊരു പ്രത്യേകത. 206 ഇനങ്ങളിൽപ്പെട്ട ആഹാര പദാർഥങ്ങളാണിവിടെ ഉപയോഗിക്കുന്നത്. ദിവസവും കുറഞ്ഞതു 18 തരത്തിലുള്ള ഇനങ്ങൾ പതിവ്. കോശങ്ങളുടെ പ്രായം കൂട്ടുന്ന ഫ്രീ റാഡിക്കലുകൾ കുറവാണ് ഒക്കിനാവ ഡയറ്റിൽ.  

മെഡിറ്ററേനിയൻ ഭക്ഷണരീതി

തക്കാളി, അവക്കോഡ, മുന്തിരി, ബീൻസ്, ലെന്റിൽ, ചിക്ക്പീസ്, ഓയിൽ ഫിഷ്, ഷെൽഫിഷ്, നട്ട്സ്, ഒലിവ് ഓയിൽ, ഹെർബ്സ്, വെളുത്തുള്ളി, പഴങ്ങൾ, പച്ചക്കറികൾ എന്നിവ നിറഞ്ഞ മെഡിറ്ററേനിയൻ  ഭക്ഷണം ഏറെ ആരോഗ്യകരമാണ്. പച്ചക്കറികളും ഇലകളും നിറഞ്ഞ മെഡിറ്ററേനിയൻ ഭക്ഷണരീതി എളുപ്പത്തിൽ അനുകരിക്കാവുന്ന ആരോഗ്യകരമായ ഭക്ഷണശൈലിയാണ്. രക്തസമ്മർദ്ദം കുറയ്ക്കുന്ന ഭക്ഷണശൈലിയാണിത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
FROM ONMANORAMA