ADVERTISEMENT

വേറിട്ട ചിന്തകൾ വരുമാനമാക്കുന്ന വീട്ടമ്മ ഇതിൽ കുറഞ്ഞൊരു വിശേഷണം മലപ്പുറം സ്വദേശിനിയായ റജീന ഷെരീഫിനു യോജിക്കില്ല. നല്ല ഭക്ഷണമുണ്ടാക്കാനും അത് മനസ്സു നിറഞ്ഞു വിളമ്പാനും എന്നും സന്തോഷം കണ്ടിരുന്ന അവർ സ്വന്തമായി ഒരു വരുമാനമാർഗത്തെക്കുറിച്ച് ആലോചിച്ചപ്പോൾ ഇഷ്ടമേഖല തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. അങ്ങനെ കേക്കുകളും ചോക് ലേറ്റുകളുമുണ്ടാക്കി വിപണനം നടത്താനുള്ള ആ തീരുമാനം ഇന്ന് മാസം തോറും ശരാശരി 20,000ത്തോളം രൂപ റജീനയ്‌ക്കു വരുമാനമായി നേടിക്കൊടുക്കുന്നു. ചെറുതോതിൽ ആരംഭിച്ച വിൽപന തുടക്കത്തിൽ പ്രതിസന്ധികൾ നേരിട്ടതോടെ ആകെ വിഷമത്തിലായ റജീനയ്‌ക്ക് 2015 മുതൽ കുടുംബശ്രീ തണലായി. ആ വർഷം കുടുംബശ്രീയിൽ ചേർന്ന റജീന 2016 ൽ ‘ചോക്കോ ഫൺ ഹോംമെയ്ഡ് ചോക് ലേറ്റ്സ് ആൻഡ് കേക്‌സ്’ എന്ന വ്യക്തിഗത സംരംഭവും റജിസ്റ്റർ ചെയ്‌തു. 

മൈക്രോഅവ്ൻ ഇല്ലാതെ ബിരിയാണിച്ചെമ്പിൽ കേക്കുണ്ടാക്കണോ, അതും റെഡ് വെൽവറ്റ് കേക്ക്. എങ്കിൽ റജീനയുടെ പാചകക്കുറിപ്പ് വായിക്കൂ...

ആവശ്യമുള്ള സാധനങ്ങൾ:

  • മൈദ – 260 ഗ്രാം (രണ്ടു കപ്പ്) 
  • പഞ്ചസാരപ്പൊടി – 325 ഗ്രാം (രണ്ടര കപ്പ്)
  • ബേക്കിങ് സോഡ–അര സ്‌പൂൺ
  • ഉപ്പ്– ഒരു നുള്ള്
  • കോക്കോ പൗഡർ –ഒരു ടീസ്‌പൂൺ
  • മുട്ട–3 
  • ബട്ടർ–125 ഗ്രാം
  • ചുവന്ന ഫുഡ് കളർ – ഒന്നര ടീ സ്‌പൂൺ
  • തൈര്–100 മില്ലി ലിറ്റർ
  • വിനാഗിരി– അര ടീസ്‌പൂൺ
  • വാനില എസൻസ് – ഒരു ടീ സ്‌പൂൺ
  • രണ്ടു ലീറ്ററിന്റെ ബിരിയാണിച്ചെമ്പ് – ഒന്ന്
  • 8 ഇഞ്ച് പാൻ– ഒന്ന്.

ക്രീം ചീസ് ഫ്രോസ്‌റ്റിങ്ങിന് ആവശ്യമുള്ള സാധനങ്ങൾ

1. ക്രീം ചീസ് (സാദാ ഊഷ്‌മാവിലുള്ളത് ) –500 ഗ്രാം, 2. ഹെവി വൈപ്പിങ് ക്രീം – 300 ഗ്രാം, 3. ഐസിങ് ഷുഗർ – 156 ഗ്രാം.

തയാറാക്കുന്ന വിധം:

1. ഒരു പാത്രത്തിൽ മൈദ, കൊക്കോ പൗഡർ, ബേക്കിങ് സോഡ, ഉപ്പ് എന്നിവ ചേർത്തു നന്നായി യോജിപ്പിക്കുക 

2. മറ്റൊരു പാത്രത്തിൽ ബട്ടർ ,പഞ്ചസാരപ്പൊടി എന്നിവ നന്നായി യോജിപ്പിക്കുക. ഇതിലേക്ക് മുട്ട പൊട്ടിച്ച് ഓരോന്നായി ചേർക്കുക. വിനാഗിരി, വാനില എസൻസ്, തൈര്, ചുവന്ന ഫുഡ് കളർ എന്നിവയും ഇതിലേക്കു ചേർത്തു നന്നായി കൂട്ടിയോജിപ്പിക്കുക. 

3. നേരത്തേ മിക്‌സ് ചെയ്‌ത് വച്ചിരിക്കുന്ന മൈദ മിക്‌സ് രണ്ടാം മിക്‌സിലേക്കു ചേർത്തു യോജിപ്പിക്കുക. 

4. തീ കത്തിച്ച് അതിലേക്കു ബിരിയാണിച്ചെമ്പ് വയ്‌ക്കുക. ബിരിയാണിച്ചെമ്പിൽ ഉപ്പുപൊടി വിതറുക. അതിനു മുകളിൽ പാത്രം വയ്‌ക്കുന്ന തിരിക (ചെറു വളയം) വയ്‌ക്കുക. അതിനു മുകളിലേക്കു പാൻ ഇറക്കി വയ്‌ക്കുക. 

5. പാനിലേക്കു തയാറാക്കി വച്ചിരിക്കുന്ന കേക്ക് മിക്‌സ് ഒഴിക്കുക. ബിരിയാണിച്ചെമ്പ് നല്ലൊരു മൂടി കൊണ്ട് അടച്ചുവയ്‌ക്കുക. ചെറുതീയിൽ 30 മിനിറ്റോളം വേവിക്കുക.

6. ഒരു ഈർക്കിൽ കൊണ്ട ് കേക്ക് തയാറായോ എന്നു പരിശോധിക്കുക. ഈർക്കിലിൽ കേക്ക് മിശ്രിതം പറ്റിച്ചേർന്നിട്ടില്ലെങ്കിൽ കേക്ക് പാകമായി എന്നാണു സൂചന.

7. തയാറായ കേക്ക് തണുത്ത ശേഷം മൂന്നു ലെയറുകളായി മുറിക്കുക. 

8. ഒരു ലെയർ കേക്ക് എടുത്ത് അതിനു മുകളിൽ  ചീസ് ഫ്രോസ്‌റ്റിങ് പുരട്ടുക, അതിനു മുകളിലേക്കു രണ്ടാമത്തെ ലെയർ വയ്‌ക്കുക. അതിനു മുകളിലും ചീസ് ഫ്രോസ്‌റ്റിങ് ക്രീം നന്നായി പുരട്ടുക. അതിനു മുകളിലേക്കു മൂന്നാം ലെയറും വച്ച ശേഷം ക്രീം പുരട്ടി അതിനു മുകളിൽ കേക്ക് മുറിക്കുമ്പോൾ പൊടിഞ്ഞുപോയ ഭാഗങ്ങൾ നേർത്ത പൊടിയാക്കി വിതറി അലങ്കരിക്കാം.

(ചീസ് ഫ്രോസ്‌റ്റിങ് ക്രീം തയാറാക്കുന്ന വിധം – ചീസ് ഫ്രോസ്‌റ്റിങ് ക്രീമിനായുള്ള അവശ്യസാധനങ്ങളെല്ലാം നന്നായി മിക്‌സ് ചെയ്യുക)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com