പ്രണയത്തോടെ വിളമ്പാൻ ചോക്കലേറ്റ് രുചികൾ

chocolate
SHARE

പ്രണയത്തിന്റെ മാഞ്ഞുപോകാത്ത രുചിയനുഭവങ്ങളിൽ അന്നുമിന്നും മുന്നിലുണ്ട് ചോക്ക‌ലേറ്റ്. വർഷങ്ങൾ പോയതറിയാതെ പ്രണയത്തിനും സൗഹൃദത്തിനും ഊടുംപാവും നെയ്തുകൊണ്ടിരിക്കുന്ന മധുരക്കൂട്ട്. പ്രണയികളുടെ മാസമായി ലോകം കൊണ്ടാടുന്ന ഫെബ്രുവരിയിൽ പിന്നെയും മാധുര്യമേറും ചോക്കലേറ്റിന്.

ഡാർക് ചോക്കലേറ്റ്, വൈറ്റ് ചോക്കലേറ്റ്, മിൽക് ചോക്കലേറ്റ്, പ്ലെയിൻ ചോക്കലേറ്റ് ... എന്നിങ്ങനെ കൊക്കോയുടെ അളവും മധുരവും അനുസരിച്ചാണു ചോക്ക‌ലേറ്റുകളുടെ വ്യത്യസ്തത നിർണയിക്കുന്നത്. 15 ശതമാനം വരെ പാലിന്റെ അംശമുള്ള, കൂടുതൽ മധുരമുള്ള ചോക്ക‌ലേറ്റാണ് മിൽക് ചോക്കലേറ്റ്. വൈറ്റ് ചോക്കലേറ്റ‌ിൽ കോക്കോ ബട്ടറാണ് കൂടിയ അളവിൽ ഉണ്ടാവുക. പക്ഷേ കൊക്കോയുടെ അളവ് കൂടുതലുള്ള ഡാർക് ചോക്കലേറ്റ‌ിനോടാണു ലോകമെങ്ങും കൂടുതൽ പ്രിയം.

ചെറിയ അളവിൽ ഡാർക് ചോക്കലേറ്റ് കഴിക്കുന്നതു പ്രമേഹം തടയാനും ഹൃദയാരോഗ്യത്തിനും നല്ലതാണെന്ന് അവകാശപ്പെടുന്ന ശാസ്ത്രീയ പഠനങ്ങൾ പലതുണ്ട്. ഇത‌‌ിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ പ്രമേഹം, പക്ഷാഘാതം, ഹൃദയാഘാതം എന്നിവ പ്രതിരോധിക്കുമെന്നാണു കണ്ടെത്തൽ.

‘മോർ ഹെൽത്തി’ ഓപ്ഷനുകളിലേക്കു ലോകം തിരിഞ്ഞതോടെ ലോ ഷുഗർ, ഗ്ലൂട്ടൻ ഫ്രീ, ഓർഗാനിക് സ്പെഷലുകളും എത്തിക്കഴിഞ്ഞു. എന്തൊക്കെ ഫ്ലേവറുകൾ വന്നാലും പ്ലെയിൻ ചോക്കലേറ്റ് രുചിയാണ് ചോക്കലേറ്റ് രുചികളിൽ കൂടുതൽ സ്വീകാര്യത നേടിയിട്ടുള്ളത്. ഹേസൽ നട്ട്സ്, കാരമൽ, ആൽമണ്ട്, ഓറഞ്ച് രുചികൾ ചേർന്ന ഫ്ലേവറുകൾക്കും ആരാധകരേറെ.

മധുരപ്രിയർക്കായി ഏറ്റവുമധികം പരീക്ഷണങ്ങൾ നടത്തുന്നതു ചോക്കലേറ്റ് കമ്പനികളാണ്. സൂപ്പർ ഫുഡായ കെയിൽ മുതൽ നമ്മുടെ മഞ്ഞൾ, ഏലയ്ക്കാ രുചികളും വരെ ചേർത്ത് ചോക്കലേറ്റ‌ുകൾ ഇറങ്ങിക്കഴിഞ്ഞു. ഇനിയും പരിചിതമല്ലാത്ത പുതുരുചികൾക്കായി പരീക്ഷണശാലകൾ ഉണർന്നിരിക്കുന്നു.

പ്രണയത്തോടെ വിളമ്പാൻ ലളിതമായ രണ്ടു ചോക്കലേറ്റ് രുചികൾ

ചോക്കലേറ്റ് മൂസ്

200 ഗ്രാം ഡാർക് ചോക്കലേറ്റ് ചെറിയ കഷണങ്ങളാക്കി തിളച്ച വെള്ളത്തിൽ പാത്രം വച്ച് ഡബിൾ ബോയിലിങ് രീതിയിൽ ഉരുക്കിയെടുക്കുക. ഇതിലേക്കു രണ്ടു ടേബിൾ സ്പൂൺ ബട്ടർ ഉരുക്കിയതും ചേർത്ത് അടിക്കുക. രണ്ടു മുട്ടയുടെ മഞ്ഞകൂടി ചേർത്ത് നന്നായി അടിച്ച് മാറ്റിവയ്ക്കുക. ഒന്നരക്കപ്പ് ഹെവി ക്രീം നന്നായി അടിച്ചുപതപ്പിക്കുക. ഇതിലേക്കു രണ്ടു ടേബിൾസ്പൂൺ പൊടിച്ച പഞ്ചസാരയും ഒരു ടീസ്പൂൺ വാനില എസൻസും ചേർത്ത് വീണ്ടും അടിക്കുക. ചോക്കലേറ്റ് കൂട്ടിലേക്കു ക്രീം മിശ്രിതം തവി കൊണ്ടു പതുക്കെ ഇളക്കി യോജിപ്പിക്കുക. ഗ്ലാസുകളിലോ കപ്പുകളിലോ ആക്കി തണുപ്പിച്ച് ഉപയോഗിക്കാം.

ഹോട്ട് ചോക്കലേറ്റ് ഡ്രിങ്ക്

ഡാർക് കൊക്കോ പൗഡർ – രണ്ടു വലിയ സ്പൂൺ, പാൽ – ഒരു കപ്പ്, പഞ്ചസാര – രണ്ടു വലിയ സ്പൂൺ (ആവശ്യത്തിന്), വാനില എസൻസ് – കാൽ ചെറിയ സ്പൂൺ, ഫ്രഷ് ക്രീം– ഒരു ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം: പഞ്ചസാര, ഡാർക് കൊക്കോ പൗഡർ, വാനില എസൻസ് എന്നിവ യോജിപ്പിക്കുക. ഇതിലേക്കു തിളപ്പിച്ച പാൽ ചേർത്ത് നന്നായി അലിയും വരെ ഇളക്കുക. കപ്പിലേക്കു പകർന്ന് മുകളിൽ ഫ്രഷ്ക്രീം കൊണ്ട് അലങ്കരിച്ച് ചൂടോടെ കുടിക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
FROM ONMANORAMA