കോഫീഹൗസിലെ ബോംബേ ടോസ്റ്റും ഒരു കപ്പു കാപ്പിയും പിന്നെ, പഴയ പ്രണയവും!

164641142
SHARE

ഉള്ളിൽ പൂമ്പാറ്റ ചിറകുകൊണ്ട് ഇക്കിളിയിടുന്നപോലെ അനുഭൂതി. ഇതാ ഒരു പ്രണയദിനം. പ്രണയത്തിന്റെ ഹൃദ്യതയിൽ രുചിക്കെന്തു കാര്യം എന്നാണോ? മങ്ങിക്കത്തുന്ന മെഴുകുതിരി വെളിച്ചത്തിൽ കോക്ടെയിലുകൾ രുചിച്ച്, ഹൃദയത്തിൽ ഒളിപ്പിച്ചുവച്ച പ്രണയം തുറന്നുപറയുക എന്നതു തന്നെയാണ് അന്നും ഇന്നും എന്നും പ്രണയദിനത്തിന്റെ ആംബിയൻസ്. ഏതു കഠിനഹൃദയനെയും ഹൃദയയെയും തരളിതമാക്കുന്ന പശ്ചാത്തലം. കണ്ണിൽ കണ്ണിൽ നോക്കിയിരുന്ന് പതുക്കെ വിരലുകൊണ്ട് അളന്നുമുറിച്ച് നാവിൽതൊടുമ്പോൾ ഹൃദയത്തിൽ അലയടിക്കണം പ്രണയത്തിന്റെ രുചിക്കൂട്ട്.

വാലന്റൈൻസ് ഡേ വരുമ്പോഴേക്ക് കഫേകോഫിഡേകളിലും ചിക്കിങ്ങുകളിലും കെഎഫ്സികളിലും ചേക്കേറാനാണ് പുതുലമുറയ്ക്ക് ഇഷ്ടം. പ്രണയദിനത്തിനു ചേർന്ന ഭക്ഷണം ലളിതമായിരിക്കണം. ലളിതം സുന്ദരം എന്നാണല്ലോ. അപ്പോൾ വാലന്റൈൻസ് ഡേയ്ക്ക് ഇറ്റാലിയൻ വിഭവങ്ങളോ ഫ്രഞ്ച് വിഭവങ്ങളോ വേണമെന്നുണ്ടോ?

കടൽകടന്ന് പ്രണയദിനം ഇവിടെയെത്തുന്നതിനും മുൻപ് പകലുകളെ പ്രണയനിർഭരവും സന്ധ്യകളെ പ്രണയാർദ്രവുമാക്കിയ തലമുറകൾ ഇവിടുണ്ട്. രണ്ടു കപ്പു കാപ്പിയുടെ ബലത്തിൽ നഗരവിളക്കുകൾ തെളിയുംവരെ ഇവിടെയിരുന്നു പ്രണയിച്ചവർ. അവരുടെ പ്രണയങ്ങൾക്കു ഗുൽമോഹറിന്റെ നിറം നൽകിയത് കോഫീഹൗസിലെ കാപ്പിയും ചെഞ്ചോരച്ചുവപ്പാർന്ന സോസും കട്ലറ്റ്മൊക്കെയായിരുന്നു. മണിക്കുറുകളോളം ഒരു കപ്പു കാപ്പിയുമായി കോഫീഹൗസിൽ എത്ര നേരമിരുന്നാലും ആരും പുറത്തിറക്കിവിടില്ല എന്നതായിരുന്നു പഴയ പ്രണയങ്ങൾ തളിരിടാൻ കാരണം.

കോഫിക്കും കോൾഡ്കോഫിക്കുമൊപ്പം ഇന്ത്യൻ കോഫിഹൗസുകളിൽ മാത്രം കിട്ടുന്ന വിഭവമായിരുന്നു ബോംബേ ടോസ്റ്റ്. എത്രയെത്ര പ്രണയങ്ങൾക്കു ശ്രുതിചേർത്തിട്ടുണ്ട് ബോംബേ ടോസ്റ്റ്. പ്രണയത്തിലേക്കു പെയ്തിറങ്ങുന്ന ഗസലുപോലെ മൃദുവായ രുചി. വായിൽ വെച്ചാൽ പൂ പോലെ മൃദുലം. പാലും മുട്ടയും വെണ്ണയും ബ്രെഡും തമ്മിലുള്ള കോംബിനേഷനാണ് ബോംബെ ടോസ്റ്റ്. ഇവനെ കണ്ടാൽ ഇത്രയും ഐറ്റംസ് ചേർന്നിട്ടുണ്ടെന്നു തോന്നുകയേയില്ല.

സത്യത്തിൽ സ്വീറ്റ് ഫ്രഞ്ച് ടോസ്റ്റ് എന്ന ആംഗ്ലോ ഇന്ത്യൻ വിഭവമാണ് കോഫീഹൗസുകളിലെ ബോംബേ ടോസ്റ്റായി രൂപമെടുത്തത്.

രുചിക്കുറിപ്പ്

(ഏകദേശ സമയം 3 – 5 മിനുറ്റ്)

പാലും മുട്ടയും വെണ്ണയും ബ്രെഡും തമ്മിലുള്ള കോംബിനേഷനാണ് ബോംബെ ടോസ്റ്റ്. ചെറു ചൂടുപാലിൽ മുട്ടയും വെണ്ണയും അടിച്ചു ചേർത്തു മേമ്പൊടിക്ക് അൽപം പഞ്ചസാരയും ചേർത്തെടുത്ത കൂട്ടിൽ ബ്രെഡ് മുക്കിയെടുത്ത് പൊരിച്ചെടുത്താൽ ബോംബെ ടോസ്റ്റ് റെഡി. സോ സിംപിൾ. പ്രണദിനത്തിൽ മാത്രമല്ല, നാലുമണിക്കാപ്പിക്കു വീട്ടിലും പറ്റിയ ലളിത വിഭവം.

ഹെൽത് ടിപ്

മുട്ടയുടെ വെള്ളയിൽ ഒരു ശതമാനവും (.05 ഗ്രാം) മഞ്ഞയിൽ 99 ശതമാനവു (4.5 ഗ്രാം) മാണ് ഫാറ്റ്. ഇതിനൊപ്പം പാലും വെണ്ണയും ചേരുമ്പോഴേക്ക് പ്രൊട്ടീൻ, ഫാറ്റ് അളവുകൾ അധികമാണ്. മേമ്പൊടിക്ക് പഞ്ചസാര കൂടിയാവുമ്പോൾ സംഗതി കാണുന്നത്ര ലളിതമല്ല. പ്രണയാർദ്ര ഹൃദയമുള്ളവർക്കും പഞ്ചാരക്കുഞ്ചുമാർക്കും കഴിക്കാം. പക്ഷേ, ഹൃദയരോഗികളും പ്രമേഹ രോഗികളും ഈ വഴി പോവണ്ട.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
FROM ONMANORAMA