ADVERTISEMENT

ഔഷധകാര്യത്തിൽ നാടൻ കരിങ്കോഴി സൂപ്പർ സ്റ്റാറാണ്. തലവേദന മുതൽ ക്ഷയരോഗത്തിനു വരെയുള്ള ഔഷധഗുണം കരിങ്കോഴിക്കുണ്ടെന്നാണ് വിദഗ്‌ധർ സാക്ഷ്യപ്പെടുത്തുന്നത്. സ്‌ത്രീരോഗങ്ങൾക്കും ഉത്തമം. പക്ഷേ മുട്ടയിടുന്ന കാര്യത്തിൽ മഹാ മടിച്ചികളാണു കരിങ്കോഴിപ്പിടകൾ.ഒരു മുട്ടയിട്ടാൽ പിന്നെ ചിലപ്പോൾ ആഴ്‌ചയൊന്നു കഴിയണം. മധ്യപ്രദേശിലെ ആദിവാസികൾ വളർത്തിയിരുന്ന ഔഷധക്കോഴിയായ നാടൻ കരിങ്കോഴി. 10 ഡിഗ്രി സെൽഷ്യസ് മുതൽ 45 ഡിഗ്രി വരെ ചൂടാണു കരിങ്കോഴിയുടെ ഇഷ്‌ട കാലാവസ്‌ഥ. മഴ പെയ്‌തെന്നോർത്തു കക്ഷിക്കു ബോറടിക്കുകയുമില്ല. കരിങ്കോഴിയെ കടക്ക്‌നാഥ് എന്നാണു മധ്യപ്രദേശിലെ വിളിപ്പേര്. കളമശി എന്നും വിളിക്കും. പിറക്കുമ്പോൾ കഴുത്തിനടിയിൽ ഒരു വെള്ള വരയുണ്ടാകും. എന്നാൽ ഇതു തൂവൽ വന്നു മൂടും. കരിങ്കോഴിയ്ക്കിത് ട്രോളിന്റെ സമയമാണ്, എന്നാൽ പിന്നെ രുചികരമായി കരിങ്കോഴിയെ എങ്ങനെ കറി വയ്ക്കാമെന്നു നോക്കാം.

ചേരുവകൾ

  • കരിങ്കോഴി – 1 കിലോഗ്രാം
  • മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
  • മുളകുപൊടി – 1 ടീസ്പൂൺ
  • ഇഞ്ചി പേസ്റ്റ് – അരടീസ്പൂൺ 
  • വെളുത്തുള്ളി പേസ്റ്റ് – അരടീസ്പൂൺ 
  • ഉപ്പ് – ആവശ്യത്തിന്
  • നാരങ്ങ നീര് – പകുതി നാരങ്ങയുടെ

ഒരു കിലോഗ്രാം കരിങ്കോഴി ചെറുതായി മുറിച്ചതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും ഒരു ടീസ്പൂൺ മുളകുപൊടിയും അരടീസ്പൂൺ ഇഞ്ചി അരച്ചത് അരടീസ്പൂൺ വെളുത്തുള്ളി അരച്ചത് ആവശ്യത്തിന് ഉപ്പും പകുതി നാരങ്ങയുടെ നീരും ചേർത്ത് കൈകൊണ്ട് നന്നായി തിരുമ്മി യോജിപ്പിക്കുക. ഇത് അടുപ്പിൽ വച്ച് അടച്ചു വച്ച് വേവിക്കുക.

ഗ്രേവി തയാറാക്കാൻ

സവോള – 4
തക്കാളി – 3
പച്ചമുളക് – 6
ഇഞ്ചി – 1 ടീസ്പൂൺ
വെളുത്തുള്ളി – 1 ടീസ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
മല്ലിപ്പൊടി – 2 ടീസ്പൂൺ
ജീരകം പൊടിച്ചത് – 1 ടീസ്പൂൺ
വൈറ്റ് പെപ്പർപ്പൊടി – അര ടീസ്പൂൺ
ഗരം മസാലപ്പൊടി – അര ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

മറ്റൊരു പാൻ ചൂടാക്കി ആവശ്യത്തിന് എണ്ണയൊഴിച്ച് സവോള വഴറ്റിയെടുക്കുക. ഇതിലേക്കു 1 ടീസ്പൂൺ വീതം ഇഞ്ചി അരച്ചതും വെളുത്തുള്ളി അരച്ചതും ചേർക്കാം. പച്ചമുളകും ഈ കൂട്ടിലേക്കു ചേർ‍ക്കാം. ഇതിലേക്കു 1 ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, 2 ടീസ്പൂൺ മല്ലിപ്പൊടി, 1 ടീസ്പൂൺ ജീരകം പൊടിച്ചത്, അര ടീസ്പൂൺ വൈറ്റ് പെപ്പർപ്പൊടി, അര ടീസ്പൂൺ ഗരം മസാലപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർക്കുക. പച്ചമണം മാറിക്കഴിയുമ്പോൾ അരിഞ്ഞു വച്ചിരിക്കുന്ന തക്കാളി ചേർക്കാം.ഒരു പിടി കറിവേപ്പിലയും ഇതിലേക്കു ചേർക്കാം. 

ഈ മസാലയിലേക്കു വേവിച്ചു വച്ചിരിക്കുന്ന കരിങ്കോഴി ഇട്ട് നന്നായി യോജിപ്പിച്ചെടുക്കാം. ഒരുപിടി മല്ലിയില വിതറി വാങ്ങാം നല്ല അഡാർ കരിങ്കോഴി കറി റെഡി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com