ADVERTISEMENT

പ്രഭാത ഭക്ഷണമായി ദോശയും ഇഡ്​ലിയും കഴിച്ചു മടുത്തവർക്ക് ഇടയ്ക്ക് പരീക്ഷിക്കാവുന്ന വിഭവമാണ് പനിയാരം. ദോശയ്ക്ക് തയാറാക്കുന്ന അതേ മാവുകൊണ്ടു തന്നെ പനിയാരം തയാറാക്കാം. പച്ചക്കറികൾ കഴിക്കാൻ മടിയുള്ള കുട്ടികൾ വീട്ടിലുണ്ടെങ്കിൽ പനിയാരം തയാറാക്കുന്ന മാവിൽ ചെറുതായി അരിഞ്ഞ കാരറ്റും ബീൻസുമൊക്കെ ചേർത്ത് വെജിറ്റബിൾ പനിയാരം ഉണ്ടാക്കാം. ആരോഗ്യദായകവും അതോടൊപ്പം രുചികരവുമാണ് പച്ചക്കറികൾ ചേർത്ത പനിയാരം. ഇതെങ്ങനെയാണ് തയാറാക്കുന്നതെന്നു നോക്കാം.

ആവശ്യമായ ചേരുവകൾ 

  • ദോശമാവ് - ഒരു ലിറ്റർ/ കപ്പ് 
  • കാരറ്റ് - ഒരെണ്ണം 
  • ബീൻസ് - 5 എണ്ണം 
  • സവാള - വലുത്, ഒരെണ്ണം 
  • പച്ചമുളക് - 2 എണ്ണം 
  • ഇഞ്ചി - ഒരു ചെറിയ കഷ്ണം 
  • കറിവേപ്പില - ഒരു തണ്ട് 
  • മല്ലിയില - ചെറുതായി അരിഞ്ഞത് 
  • കടുക് - ഒരു ടീസ്പൂൺ 
  • ഉഴുന്നുപരിപ്പ് - ഒരു ടീസ്പൂൺ 
  • കടലപ്പരിപ്പ് - ഒരു ടീസ്പൂൺ 
  • ജീരകം - ഒരു ടീസ്പൂൺ 
  • കായം - ഒരു നുള്ള് 
  • വെളിച്ചെണ്ണ - ആവശ്യത്തിന് 
  • ഉപ്പ് - ആവശ്യത്തിന് 

തയാറാക്കുന്ന വിധം 

ഒരു പാൻ ചൂടാക്കിയതിനു ശേഷം വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. തുടർന്ന്, ഉഴുന്നുപരിപ്പ്, കടലപ്പരിപ്പ്, ജീരകം എന്നിവ ചേർത്തു നല്ലതുപോലെ മൂപ്പിക്കുക. ഉഴുന്നുപരിപ്പിന്റെയും കടലപരിപ്പിന്റെയും നിറം ഗോൾഡൻ ബ്രൗൺ ആകുമ്പോൾ കായപ്പൊടി ചേർക്കുക. അതിനുശേഷം പൊടിയായി അരിഞ്ഞുവെച്ചിരിക്കുന്ന സവാള ചേർത്ത് നല്ലതുപോലെ വഴറ്റുക, ഇവ വഴന്നുവരുമ്പോൾ ചെറുതായി അരിഞ്ഞു വെച്ചിരിക്കുന്ന ഇഞ്ചി, പച്ചമുളക് എന്നിവ ഇടുക. തുടർന്ന് അരിഞ്ഞുവെച്ചിരിക്കുന്ന ബീൻസ് ചേർക്കുക. ബീൻസ് വഴറ്റിയതിനുശേഷം ഗ്രേറ്റ് ചെയ്തുവെച്ചിരിക്കുന്ന കാരറ്റും ചേർക്കുക. ആവശ്യത്തിന് ഉപ്പിട്ടു കൊടുക്കാൻ മറക്കരുത്. കറിവേപ്പിലയും മല്ലിയിലയും ചേർത്ത് ഇളക്കിയതിനുശേഷം അടുപ്പിൽ നിന്നും മാറ്റി, ഈ കൂട്ട് തണുക്കാൻ വെയ്ക്കാം. 

തണുത്തതിനു ശേഷം ദോശമാവിൽ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. മാവിന് കട്ടി കൂടിപ്പോയാൽ കുറച്ചു വെള്ളംകൂടി ചേർക്കുക. ഉണ്ണിയപ്പം ഉണ്ടാക്കാനായി ഉപയോഗിക്കുന്ന പാത്രം അടുപ്പിൽ വെച്ച് ചൂടാക്കി, ഓരോ കുഴികളിലും കുറച്ചു എണ്ണ ഒഴിച്ചുകൊടുക്കുക. ശേഷം ഓരോ കുഴികളിലും മാവ് കോരിയൊഴിക്കുക. മുകൾഭാഗം കുറച്ചൊന്നു ഉറച്ചതിനുശേഷം മറിച്ചിട്ടു മൊരിച്ചെടുത്തു ഉപയോഗിക്കാം . പനിയാരത്തിനൊപ്പം ഉള്ളിച്ചമ്മന്തിയും തേങ്ങ ചട്ണിയും സാമ്പാറുമുണ്ടെങ്കിൽ പ്രഭാതഭക്ഷണം സുഭിക്ഷമാകുമെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com