sections
MORE

കൊടും ചൂടിനെയും വരുതിയിലാക്കുന്ന ‘പുതിനയില മാജിക്’

morning green mint tea at garden
SHARE

ബിരിയാണിയിലും കറികളിലും മറ്റും മേമ്പൊടിയായി മാത്രം ഉപയോഗിച്ചു ശീലിച്ച പുതിന അവിടെ മാത്രം ഒതുക്കപ്പെടേണ്ട ആളല്ല. ആന്റി സെപ്റ്റിക് ഗുണങ്ങളോടു കൂടിയ പുതിന വയറിന്റെ അസ്വസ്ഥതകൾക്കു പേരുകേട്ട ഒൗഷധമാണ്. ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായ പുതിനയ്ക്ക് കാൻസർ ഉൾപ്പെടെ പല രോഗങ്ങളെയും ചെറുക്കാനുള്ള കഴിവുണ്ട്. അടുക്കളയ്ക്കു പുറത്ത് ഒരു ചെടിച്ചട്ടിയിൽ നട്ടുപിടിപ്പിക്കാവുന്നതേയുള്ളൂ. നല്ല വെയിലും വെള്ളവും ഉറപ്പാക്കിയാൽ തഴച്ചു വളരും. കടകളിൽനിന്നു വാങ്ങുമ്പോൾ ചെറുതും ഫ്രഷ് ആയതുമായ ഇളം ഇലകൾ തിരഞ്ഞെടുക്കുക. വെള്ളത്തിലിട്ട് ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ മൂന്നു ദിവസം വരെ ഫ്രഷ്നസ് നിലനിൽക്കും. ഉണങ്ങിയ പുതിനയിലയും മിന്റ് എക്സ്ട്രാക്റ്റും കടകളിലും ലഭ്യമാണ്.

ഐസ്ക്യൂബുകൾ ഉണ്ടാക്കുന്നതിനായി വയ്ക്കുന്ന വെള്ളത്തിൽ പുതിന ചെറുതായി അരിഞ്ഞതു ചേർക്കുക. നാരങ്ങാ വെള്ളമോ ജ്യൂസുകളോ തയാറാക്കുമ്പോൾ ഇൗ ഐസ്ക്യൂബുകൾ ചേർക്കാം. പഞ്ചസാരയും പുതിന ഇലയും അൽപം വെള്ളം ചേർത്തു തിളപ്പിച്ച് മിന്റ് സിറപ്പും തയാറാക്കാം. ജ്യൂസ്, സോഡ എന്നിവയ്ക്കെല്ലാം ഇൗ സിറപ്പ് പ്രത്യേക രുചിയേകും.

മിന്റ് ഓറഞ്ച് ജ്യൂസ്

 • വെള്ളം ചേർക്കാതെ പിഴിഞ്ഞെടുത്ത ഓറഞ്ച് നീര്–ഒരുകപ്പ്
 • നാരങ്ങാ നീര്– രണ്ട് ടേബിൾ സ്പൂൺ
 • പുതിന– അരക്കപ്പ്
 • പഞ്ചസാര– രണ്ട് ടേബിൾ സ്പൂൺ
 • സോഡ– ഒന്നരക്കപ്പ്

∙ രണ്ട് ടേബിൾ സ്പൂൺ വെള്ളം ചേർത്തു പുതിന അരച്ചെടുക്കുക. പുതിന അരച്ചത് കുഴിവുള്ള പാത്രത്തിലേക്കു മാറ്റി നാരങ്ങാനീരും ഓറഞ്ച് നീരും പഞ്ചസാരയും ഓരോന്നായി ചേർത്തു യോജിപ്പിക്കുക. വിളമ്പുന്നതിനു തൊട്ടുമുൻപ് സോഡ ചേർക്കുക.

മിന്റ് ഐസ് ക്രീം

 • ഹെവി ക്രീം– ഒരു കപ്പ്
 • കൊഴുപ്പുള്ള പാൽ– അരക്കപ്പ്
 • പൊടിച്ച പഞ്ചസാര– അരക്കപ്പ്
 • വാനില എസൻസ്– കാൽ ടീസ്പൂൺ
 • പെപ്പർ മിന്റ് എക്സ്ട്രാക്റ്റ്– അര ടീസ്പൂൺ
 • ചോക്ലേറ്റ് ചിപ്സ്– രണ്ട് ടേബിൾ സ്പൂൺ
 • പച്ച ഫുഡ് കളർ– ആവശ്യമെങ്കിൽ ഏതാനും തുള്ളി
 • ഉപ്പ്– ഒരു നുള്ള്

∙ ഒരു ബൗളിൽ ഹെവി ക്രീമും പാലും ചേർത്തു നന്നായി അടിക്കുക. ഇതിലേക്ക് പഞ്ചസാര പൊടിച്ചതും ചേർത്ത് അലിയുന്നതുവരെ നന്നായി അടിക്കുക. നന്നായി പതഞ്ഞു വരുമ്പോൾ പെപ്പർ മിന്റ് എക്സ്ട്രാക്റ്റ്, വാനില എസൻസ്, ഉപ്പ്, ഫുഡ് കളർ എന്നിവ ചേർത്തു നന്നായി യോജിപ്പിക്കുക. ഒരു പാത്രത്തിലാക്കി അടച്ച് ഫ്രീസറിൽ മൂന്നു മണിക്കൂർ വയ്ക്കുക. പകുതി സെറ്റാകുമ്പോൾ വീണ്ടുമെടുത്തു നന്നായി അടിച്ച് മയപ്പെടുത്തുക. ഇതിലേക്കു ചോക്ലേറ്റ് ചിപ്സ് ചേർത്ത് ഇളക്കി ഫ്രീസറിൽ വച്ച് കട്ടയാക്കി തണുപ്പിച്ച് ഉപയോഗിക്കാം.

മിന്റ് കൂളർ

 • പച്ചമാങ്ങ കഷണങ്ങളാക്കിയത്ഒരു കപ്പ്
 • പഞ്ചസാര– 1/3 കപ്പ്
 • പുതിന– അരക്കപ്പ്
 • പൊടിച്ച് ഐസ്– ആവശ്യത്തിന്

∙ പഞ്ചസാരയിൽ അരക്കപ്പ് വെള്ളം ചേർത്ത് ഒരു പാനിൽ വച്ച് അലിയുന്നതുവരെ ചൂടാക്കുക. ഇതിലേക്കു പച്ചമാങ്ങ ചേർത്തു രണ്ട് മിനിറ്റ് ഇളക്കുക. തണുത്ത ശേഷം പുതിനയിലയും ചേർത്തു മിക്സിയിൽ നന്നായി അടിച്ച് ജ്യൂസാക്കുക. ഒരു പാത്രത്തിലേക്ക് ജ്യൂസ് മാറ്റി ഇതിലേക്ക് അരക്കപ്പ് പൊടിച്ച ഐസും ഒരു കപ്പ് തണുത്ത വെള്ളവും പുതിന ഇലകളും ഇട്ട് നന്നായി യോജിപ്പിച്ച ശേഷം വിളമ്പാം.

മിന്റ് സമ്മർ ചട്ണി

 • പുതിനയില അരിഞ്ഞത്– ഒരു കപ്പ്
 • മല്ലിയില അരിഞ്ഞത്–അരക്കപ്പ്
 • മാതള നാരങ്ങ അല്ലികൾ അടർത്തിയത്–ഒരു ടേബിൾ സ്പൂൺ
 • സവാള അരിഞ്ഞത്– ഒന്ന് ചെറുത്
 • നാരങ്ങാ നീര്– ഒന്നര ടേബിൾ സ്പൂൺ
 • പഞ്ചസാര–ഒരു ടേബിൾ സ്പൂൺ
 • പച്ചമുളക് ചെറുതായി അരിഞ്ഞത്–രണ്ട് ടേബിൾ സ്പൂൺ
 • ഉപ്പ്–ആവശ്യത്തിന്

∙ എല്ലാ ചേരുവകളും കുറച്ചു വെള്ളം ചേർത്തു നന്നായി അരച്ചെടുക്കുക. ചപ്പാത്തിക്കും ചോറിനും ഒപ്പം ഉപയോഗിക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA