നല്ല സ്വയമ്പൻ താറാവ് കറി, മുളകുപൊടിയില്ലാതെ റെഡിയാക്കാം

Duck Curry Recipe
SHARE

മഴ നല്ലപോലെ ചൊരിയുമ്പോൾ ചിറ്റൂരിലേക്കോ കടമക്കുടിയിലേക്കോ പോകണം. നല്ലൊരു താറാവിനെ വാങ്ങണം. എന്നിട്ടതിനെ വൃത്തിയാക്കിയെടുക്കണം. ആവശ്യാനുസരണം വലിപ്പമുള്ള കഷണങ്ങളാക്കി, നാടൻ ചേരുവകൾ ചേർത്തു സ്വയമ്പൻ കൂട്ടാനുണ്ടാക്കണം. അന്നേരം അതിൽനിന്ന് രുചിയുള്ള ആവിയുയരും. അതൊന്നു മൂക്കിലേക്കു വലിച്ചു കയറ്റുമ്പോഴേക്ക‌ു ജലദോഷം തീരംവിട്ടതായി തോന്നും. 

അതുകഴിഞ്ഞ് റേന്ത പിടിപ്പിച്ച നൈസ് അപ്പമോ തൊട്ടാൽ അലിയുന്ന ചൂടുപുട്ടോ റൊട്ടിയോ കൂട്ടി താറാവുകറിയിൽ ഒരുപിടി പിടിക്കണം. മഴയത്ത്, തണുപ്പത്ത്, കാറ്റുവീശുമ്പോൾ  കുരുമുളകു പൊടിയുന്ന, ഇഞ്ചി കിനിയുന്ന, വെന്തുപാകമായ താറാവുകഷണങ്ങളും ചാറുംകൂടി കഴിക്കുമ്പോഴുള്ള സുഖമുണ്ടല്ലോ, അതു കഴിച്ചുതന്നെ അറിയണം. 

ഇനി, നല്ലപോലെ മഴ ചൊരിയുമ്പോൾ താറാവിനെത്തേടി ദ്വീപസമൂഹങ്ങളിലേക്കുള്ള ആ പോക്കുണ്ടല്ലോ, അതു  സാധിക്കാത്തവർക്ക് നഗരമധ്യത്തിൽത്തന്നെ പരിഹാരമുണ്ട്. കലൂർ കതൃക്കടവിലെ സെന്റ് ഫ്രാൻസിസ് ചർച്ച് റോഡിലെ ഒരു വീട്ടമ്മ താറാവുകറി അനുഭവം ഒരുക്കിവയ്ക്കുന്നുണ്ട്. അനു റോഷിത് എന്ന വീട്ടമ്മ ഭർത്താവ് റോഷിത് സെബാസ്റ്റ്യനുമൊത്ത് വീട്ടിൽത്തന്നെ ഭക്ഷണശാല തുറന്നിരിക്കുകയാണ്. മാസ്റ്റേഴ്സ് കഫെ. എല്ലാം വീട്ടുരുചി. എന്നുപറയുമ്പോൾ അതു വെറും ഹോംലി മീൽസ് അല്ല. ചിക്കൻ സാതേയ് മുതൽ മുളകുപൊടി ചേർക്കാത്ത താറാവുകറിവരെയുണ്ട്. വ്യത്യസ്തതയിൽ വെടിക്കെട്ടായി സവാളവടയും ബീഫ് റോസ്റ്റുമുണ്ട്. എല്ലാം അനുവിന്റെ കൈപ്പുണ്യം. താറാവുകറിക്കൊപ്പം പുട്ടും ഊണും എല്ലാം കിട്ടും.

മുളകുപൊടിയില്ലാത്ത താറാവുകറി തയാറാക്കാം

ചേരുവകൾ

 • താറാവ്: 2 എണ്ണം (3–4 കിഗ്രാം) കഷണങ്ങളാക്കിയത്.
 • സവാള: 5 എണ്ണം, നീളത്തിൽ അരിഞ്ഞത്
 • പച്ചമുളക്: 9 
 • ഇഞ്ചി: ഒന്നര ഇ‍ഞ്ച് കഷണം
 • വെളുത്തുള്ളി: 3 അല്ലി
 • വേപ്പില: 4 തണ്ട്
 • മഞ്ഞൾപ്പൊടി: അര ടീസ്പൂൺ
 • കുരുമുളകുപൊടി:  2.5 ടേബിൾ സ്പൂൺ
 • തേങ്ങാപ്പാൽ: ഒന്നാം പാൽ ഒന്നരക്കപ്പ്
 • രണ്ടാം പാൽ 2 കപ്പ്
 • വിനാഗിരി: ഒരു ടീസ്പൂൺ
 • വെളിച്ചെണ്ണ: 3 ടേബിൾ സ്പൂൺ
 • ഉപ്പ്: ആവശ്യത്തിന്

തയാറാക്കുന്നവിധം

മൺചട്ടിയിൽ (പ്രഷർ കുക്കറിലും ചെയ്യാം) വെളിച്ചെണ്ണ ഒഴിച്ചു ചൂടാകുമ്പോൾ സവാള, പച്ചമുളക്, ഇഞ്ചി, വേപ്പില, വെളുത്തുള്ളി എന്നിവ ഉപ്പു ചേർത്തു നന്നായി വഴറ്റുക. കുറുക്കുപരുവമാകണം. അതിലേക്ക് മഞ്ഞൾപ്പൊടി, കുരുമുളകുപൊടി എന്നിവ ചേർക്കുക. നന്നായി ഇളക്കി, പച്ചമണം മാറുമ്പോൾ താറാവുകഷണങ്ങൾ ഇടുക. 2 മിനിറ്റ് ഇളക്കിയശേഷം രണ്ടാം പാൽ ഒഴിച്ചു വേവിക്കുക. കുക്കറിലാണു പാചകമെങ്കിൽ ഒരു വിസിൽ മതിയാകും. ചാറുകുറുകിക്കഴിയുമ്പോൾ ഒന്നാം പാൽ ഒഴിക്കണം. ഉപ്പുനോക്കി, ചാറിന്റെ കൊഴുപ്പു പരിശോധിച്ച് പാത്രം അടച്ചുവയ്ക്കണം. പിന്നെ, ചൂടോടെ വിളമ്പണം.

താറാവിന്റേതായ തനതു മണം തീരെ പിടിക്കാത്തവർക്ക്: മണം മാറ്റാൻ, രണ്ടാം പാൽ ഒഴിക്കുന്നതിനു മുൻപ് ഒരു ടീസ്പൂൺ വിനാഗിരി ചേർക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
FROM ONMANORAMA