കുട്ടികൾക്കു കൊടുക്കാം രുചികരമായ അവൽ മിൽക്ക്

Aval Milk
SHARE

ഭക്ഷണം കഴിക്കാൻ മടിയുള്ള കുട്ടികൾ സ്വാദിഷ്ഠമായ ഈ അവൽ മിൽക്ക് തയാറാക്കി കൊടുക്കു. എളുപ്പത്തിൽ രുചികരമായി തയാറാക്കാവുന്ന വിഭവമാണിത്. അവൽമിൽക്ക് കുടിച്ചാൽ രണ്ടുണ്ട് കാര്യം. ഒരു ഗ്ലാസ് അകത്തു ചെന്നാൽ ദാഹം മാറും, പിന്നെ നാലഞ്ചു മണിക്കൂർ നേരത്തേക്ക് വിശക്കുകയുമില്ല. അത്ര ഹെവിയാണ് കക്ഷി.

ചേരുവകൾ

  • അവൽ – ഒരു കപ്പ്
  • പാൽ – രണ്ട് വലിയ കപ്പ്
  • പഞ്ചസാര – അരക്കപ്പ്
  • ഏലയ്ക്ക ചതച്ചത് – രണ്ട്
  • കശുവണ്ടി  – പത്ത്
  • ഉണക്കമുന്തിരി – പത്ത്
  • നെയ്യ് – രണ്ട് വലിയ സ്പൂൺ
  • വെള്ളം – ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

അവൽ കഴുകി വാരി വയ്ക്കുക. ഇനി ചുവടു കട്ടിയുള്ള പാത്രത്തിൽ നെയ്യ് ഒഴിച്ച് കശുവണ്ടിയും ഉണക്കമുന്തിരിയും മൂപ്പിച്ചു മാറ്റി വയ്ക്കണം. അതേ പാത്രത്തിൽ പാൽ ഒഴിച്ച്, ചെറുതായി തിളയ്ക്കാൻ തുടങ്ങുമ്പോൾ അവൽ ചേർത്ത് ഇളക്കണം. പഞ്ചസാരയും ഏലയ്ക്കയും കൂടി ചേർക്കാം. അവൽ വേവുമ്പോൾ കശുവണ്ടിയും ഉണക്കമുന്തിരിയും ചേർക്കണം. 

തനിനാടൻ കോഴിക്കോടൻ അവൽമിൽക്കിന്റെ രുചിക്കൂട്ട്

കൊറിക്കുന്ന കപ്പലണ്ടി അഥവാ കടലയും ബദാം, കശുവണ്ടി തുടങ്ങിയ ആർഭാടങ്ങളും കൂട്ടി മിക്സീലിട്ട് ഒന്നു കറക്കിയെടുക്കാം. രണ്ടു മൂന്നു കദളിപ്പഴമോ കോഴിക്കോട്ടുകാരുടെ പ്രിയപ്പെട്ട മൈസൂർപ്പൂവൻപഴമോ തൊലികളഞ്ഞ് ചെറുതായി അരിഞ്ഞ് എടുക്കുക. അത്യാവശ്യം മധുരത്തിന് പഞ്ചസാര ഇടുക. തവിടുപോവാത്ത ചുവന്ന അവൽ ചെറുതായി വറുത്തെടുക്കുക. ഇതെല്ലാംകൂടി ഒരു ഗ്ലാസിലേക്കിട്ട് ആവശ്യത്തിന് പാലും ഒഴിച്ച് സ്പൂണും കൊണ്ട് നന്നായി അടിച്ചു ചേർക്കുക. കോഴിക്കോട്ടുകാരുടെ തനിനാടൻ ഐറ്റമായ അവൽമിൽക് റെഡി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
FROM ONMANORAMA