sections
MORE

പത്തില ഉപയോഗിച്ച് നല്ല സുന്ദരമായ പത്തിലക്കറിയുണ്ടാക്കാം

brought
SHARE

പത്തിലക്കറിയെന്നു കേട്ടിട്ടില്ലേ. നാട്ടിൽ സുലഭമായി കിട്ടുന്ന ചില ചെടികളുടെ ഇലകളാണു പത്തിലക്കറിയുടെ കൂട്ട്. ഏറെ ഔഷധ ഗുണമുള്ളതാണിത്. കർക്കടകത്തിൽ മാത്രം ചട്ടിയിൽ കയറുന്നതുകൊണ്ട് പണ്ടാരാണ്ടോ ഇതിനെ ‘കർക്കടകക്കറി’യെന്നും വിളിച്ചു. തഴുതാമ, ചേമ്പില, ചീര, വേലിച്ചീര, കൊടകൻ (മുത്തൽ), മൈസൂർച്ചീര, മണിത്തക്കാളിയില, മത്തയില, കുമ്പളയില, തകരയില, പയറില തുടങ്ങിയവയിൽ ഏതെങ്കിലും പത്തെണ്ണം ഉപയോഗിച്ച് നല്ല സുന്ദരമായ പത്തിലക്കറിയുണ്ടാക്കാം.

ആവശ്യമായ സാധനങ്ങൾ

  • പത്തിനം ഇലകൾ - ആവശ്യത്തിന്
  • നാളികേരം - ഒന്ന്
  • ഇഞ്ചി - 50 ഗ്രാം
  • പച്ചമുളക് - നാല്
  • കറിവേപ്പില, മഞ്ഞൾപൊടി, ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം

മേൽപറഞ്ഞ ഇലകളിൽ ഏതെങ്കിലും പത്തെണ്ണമെടുത്ത് കഴുകി വൃത്തിയാക്കുക. ഇതിൽ ചേമ്പില പോലെ ചൊറിച്ചിലുള്ള ഇലകൾ കുറച്ചേ ഉപയോഗിക്കാവൂ. തോരന് അരിയുന്നതുപോലെ ഇലകൾ കൊത്തി അരിയണം. ഇങ്ങനെ കൊത്തിയരിഞ്ഞ ഇലകൾ (ഒരു കിലോ) പച്ചമുളക്, ഇഞ്ചി, മഞ്ഞൾ, കറിവേപ്പില തുടങ്ങിയവ വഴറ്റിയ ശേഷം അതിലിടണം. പച്ചനിറം നഷ്‌ടപ്പെടാതെ വേവിക്കണം. വെന്തുവരുമ്പോൾ തേങ്ങ അരച്ചതു ചേർത്ത് ഇളക്കിയെടുക്കുക. പാകത്തിന് ഉപ്പും ചേർത്തു വാങ്ങിവയ്‌ക്കാം.

ഇനി കർക്കടക കഞ്ഞിയുടെ മറ്റൊരു വകഭേദം പരീക്ഷിച്ചാലോ. നാട്ടിൽ പല സ്‌ഥലങ്ങളിലും പ്രാദേശിക വകഭേദങ്ങളോടെയാണു കർക്കടകക്കഞ്ഞിയുണ്ടാക്കുന്നത്. അത്തരത്തിലുള്ള ഒരു പ്രാദേശിക രുചിയുടെ പ്രവാസി വകഭേദമാണ് ഇനി പറയുന്നത്. ഞവരയരിയും പച്ചമരുന്നു ചൂർണങ്ങളും ചേർത്താണ് ഇപ്പോൾ കർക്കടകക്കഞ്ഞി ഉണ്ടാക്കുന്നത്.

ഉലുവ, ജീരകം, അമുക്കുരം, ചിറ്റരത്ത, ശതകുപ്പ, ഏലത്തരി, ജാതിക്കാ, ദേവദാരം, ഗ്രാമ്പൂ, ചുക്ക്, കുരുമുളക്, തിപ്പലി, കടുക്, മഞ്ഞൾ, കരിംജീരകം, പെരുംജീരകം, തക്കോലം, കശകശ, മല്ലി, വെളുത്തുള്ളി, അയമോദകം തുടങ്ങിയ 21 വരെ ഇനം ചേരുവകൾ ഉൾപ്പെടുത്തിയാണ് ചൂർണം തയാറാക്കുന്നത്. തുടർച്ചയായി ഏഴു ദിവസമോ 14 ദിവസമോ കഞ്ഞി സേവിച്ചാലേ ഫലം ലഭിക്കൂ. എവിടെ ഇതൊക്കെ കിട്ടുമെന്നു ചോദിക്കരുത്. മിക്ക ആയുർവേദ മരുന്നുകടകളിലും ഇതൊക്കെ കിട്ടും.

കഞ്ഞി തയാറാക്കുന്ന വിധം: ഞവര അരി ആവശ്യത്തിനു വെള്ളം ചേർത്തു വേവിക്കുക. അരി വെന്തുകഴിഞ്ഞാൽ അതിലേക്ക് ഔഷധ ചൂർണം ചെറുചൂടുവെള്ളത്തിൽ കലക്കി ചേർക്കുക. പിന്നാലെ പശുവിൻ പാലോ തേങ്ങാ പാലോ ചേർത്തു കഞ്ഞി രൂപത്തിൽ വാങ്ങി വയ്‌ക്കുക. ഇതിൽ ഒരു ടീസ്‌പൂൺ ചുവന്നുള്ളി അരിഞ്ഞത് പശുവിൻ നെയ്യിൽ താളിച്ചു ചേർത്തു ചെറുചൂടോടെ രാവിലെ വെറുംവയറ്റിലോ രാത്രി അത്താഴത്തിനു പകരമായോ കഴിക്കുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA