ADVERTISEMENT

പായസ മധുരമില്ലാത്ത ആഘോഷങ്ങളില്ല നമുക്ക്. ഓണക്കാലത്തിന്റെ ഗ്രാമീണ ലാളിത്യമില്ലാതാവുമ്പോഴും ഓണവിഭവങ്ങളുടെ രുചിയിൽ മലയാളികൾക്കു വിട്ടുവീഴ്ചയില്ല. കാലമെത്ര കഴിഞ്ഞാലും അമ്മയുണ്ടാക്കി തന്ന അതേ രുചിയെ പിന്തുടരുന്നു നമ്മൾ. ഓണസദ്യയിൽ മധുരം നിറയ്ക്കാൻ വ്യത്യസ്തമായ പായസ രുചികൾ. ചുവടുകട്ടിയുള്ള പാത്രങ്ങളാണ് പായസമുണ്ടാക്കാൻ നല്ലത്. പായസത്തിൽ ചേർക്കുന്ന അരിയും അടയും നന്നായി വെന്തുകിട്ടണം. പരിപ്പു കൊണ്ടുള്ള പായസത്തിനു വേവ് പക്ഷേ, പാകമായിരിക്കണം. ഏതു പായസത്തിനും നല്ല ക്ഷമ വേണം. നന്നായി കുറുകി കിട്ടിയില്ലെങ്കിൽ പായസമാവില്ല. തേങ്ങാപാൽ ഒഴിക്കുന്ന പായങ്ങളിൽ ഒന്നാം പാൽ അധികം തിളയ്ക്കാതിരിക്കാനും ശ്രദ്ധിക്കണം. 

ഉണക്കലരി പായസം

ആവശ്യമുള്ള സാധനങ്ങൾ

  • ഉണക്കലരി -300 ഗ്രാം
  • ശർക്കര -750ഗ്രാം
  • തേങ്ങ -3 (ഒന്നാം പാലും രണ്ടാം പാലും)
  • ചുക്കുപൊടി - 1 ടി സ്പൂൺ
  • ഏലക്കാപ്പൊടി 1/2 ടി സ്പൂൺ
  • നെയ്യ് 50 ഗ്രാം
  • അണ്ടിപ്പരിപ്പ്- 50 ഗ്രാം

ഉണക്കലരി നന്നായി കഴുകിയെടുക്കുക. 1 ലീറ്റർ വെള്ളത്തിൽ അരി നന്നായി വേവിച്ചെടുക്കുക. ഇതിലേക്ക് ശർക്കര ഉരുക്കിയൊഴിക്കുക. പകുതി നെയ്യ് ചേർത്തു കൊടുക്കാം. നന്നായി തിളയ്ക്കുമ്പോൾ രണ്ടാം പാലും കുറുകി കഴിയുമ്പോൾ ഒന്നാം പാലും ചേർക്കാം. അണ്ടിപ്പരിപ്പ് നെയ്യിൽ വറുത്തു ചേർക്കാം.

പൈനാപ്പിൾ പായസം

  • പൈനാപ്പിൾ–  1 കപ്പ് ചെറുതായി മുറിച്ചത്
  • ശർക്കര പാനി–  ഒന്നര കപ്പ്
  • തേങ്ങ -2 (ഒന്നാം പാലും രണ്ടാം പാലും)
  • നെയ്യ് 50 ഗ്രാം
  • അണ്ടിപ്പരിപ്പ്- 50 ഗ്രാം

പൈനാപ്പിൾ വേവിച്ചെടുക്കുക. ഇതിലേക്ക് ശർക്കര പാനിയും നെയ്യും ചേർത്തു കൊടുക്കാം. നന്നായി തിളയ്ക്കുമ്പോൾ രണ്ടാം പാലും കുറുകി കഴിയുമ്പോൾ ഒന്നാം പാലും ചേർക്കാം. അണ്ടിപ്പരിപ്പ് നെയ്യിൽ വറുത്തു ചേർക്കാം. പഞ്ചസാര, പശുവിൻ പാൽ എന്നിവ ചേർത്തും ഈ പായസം തയാറാക്കാം. 

ചേനപ്പായസം

  • ചേന 250 ഗ്രാം 
  • ശർക്കര–  1/2 കിലോ ഗ്രാം 
  • തേങ്ങ‌ാപ്പാൽ – 2 തേങ്ങയുടെ ഒന്നാം പാൽ, രണ്ടാം പാൽ 
  • ഏലക്കാപ്പൊടി – 1/2 ടി സ്പൂൺ
  • ചുക്ക് പൊടി– അര ടീ സ്പൂൺ 
  • നെയ്യ് – 50 ഗ്രാം

ചേന കഴുകി വൃത്തിയാക്കി ചെറുതായി മുറിക്കുക.  ഒരു ല‌ീറ്റർ വെള്ളത്തിൽ അൽപം മഞ്ഞൾപ്പൊടിയും നെയ്യും ഒഴിച്ച് ചേന വേവിച്ച് എടുക്കുക. ഇതിലേക്ക് ശർക്കര പാനി ചേർത്ത് നന്നായി കുറുക്കുക. തുടർന്ന് രണ്ടാം പാൽ ചേർക്കാം. ഇത് യോജിച്ചു കുറുകുമ്പോൾ ഒന്നാം പാൽ ചേർക്കാം. ശേഷം ഏലക്കായ പൊടിയും ചുക്കു പൊടിയും ചേർക്കുക. അണ്ടിപ്പരിപ്പോ തേങ്ങാക്കൊത്തോ നെയ്യിൽ വറുത്തു ചേർക്കാം.

കാരറ്റ് പായസം

  • കാരറ്റ്– ചിരകിയെടുത്തത്– 300 ഗ്രാം.
  • പഞ്ചസാര– 500 ഗ്രാം
  • പാൽ –2 ലീറ്റർ
  • ഏലക്കാപ്പൊടി – 1/2 ടി സ്പൂൺ
  • നെയ്യ് – 20 ഗ്രാം

പായസം ഉണ്ടാക്കുന്നതിനു ഒരുപാടു നേരം മുൻപ് കാരറ്റ് ചിരകി വയ്ക്കരുത്. കാരറ്റ് ചിരകിയെടുത്തു നെയ്യിൽ അൽപനേരം വരട്ടിയെടുക്കുക. തുടർന്ന് ഇതിലേക്കു പാൽ ചേർക്കാം. കാരറ്റ് വെന്ത ശേഷം പാൽ കുറുകിത്തുടങ്ങുമ്പോൾ പഞ്ചസാര ചേർക്കാം. നന്നായി കുറുകി തുടങ്ങുമ്പോൾ ഏലക്കായ പൊടിച്ചത് ചേർക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com