ADVERTISEMENT

ബേക്കറികളിൽ കണ്ണാടി ഭരണികളിൽ നിറച്ചുവച്ചിരിക്കുന്ന ചുവന്നു തുടുത്ത ചെറിപ്പഴങ്ങൾ നമ്മുടെ വീട്ടുമുറ്റത്തും വളർത്താം. ‘കാരിസ കരോണ്ട’ എന്നാണ് ഈ ചെടിയുടെ പേര്. അനായാസം വളരുന്ന ഈ ചെടി നിറയെ കായ്‌ച്ചുകഴിയുമ്പോൾ ഇതു ബേക്കറിയിൽ കിട്ടുന്ന ചെറിപ്പഴത്തിന്റെ രൂപത്തിലേക്കും നിറത്തിലേക്കും മാറ്റിയെടുക്കാൻ കഴിയും എന്ന പരമാർഥം പലർക്കുമറിയില്ല.

കണ്ടാൽ ഒരു ഉദ്യാനസസ്യം പോലുളള ഈ കുറ്റിച്ചെടിയുടെ കായ്‌കൾക്കു ചുവപ്പു കലർന്ന വെളളനിറമാണ്. പഴുത്തു കഴിയുമ്പോൾ നിറം കറുപ്പു കലർന്ന ചുവപ്പാകും. മുറിച്ചാൽ കറയും വരും. ജനുവരി മുതൽ പുഷ്‌പിക്കുന്ന ബേക്കറി ചെറിയിൽ കായ്‌കളുണ്ടാകുന്നത് ഏപ്രിൽ–മേയ് മുതലാണ്.

മൂത്ത പഴത്തിനു പുളിരസമാണ്. കട്ടിയുളള പുറംതൊലിയും പുളിരസവും മുറിച്ചാൽ കറയും വരുന്ന ഇതിന്റെ കായ്‌കൾ ശരിയായി പരുവപ്പെടുത്തിയെടുത്താൽ ഒന്നാംതരം ചെറിപ്പഴമാകും.

പുളിയുളള കായ്‌കൾ പഞ്ചസാര ലായനിയിലിട്ട് ബേക്കറി ചെറിയാക്കുന്ന രീതി നോക്കാം.

നന്നായി വിളഞ്ഞു പാകമായ (രണ്ടരമാസം മൂപ്പ്) കായ്‌കൾ വേണം സംസ്‌കരണത്തിനെടുക്കാൻ. കായ്‌കൾ കഴുകി വൃത്തിയാക്കി ഒരു മിനിറ്റ് തിളച്ച വെളളത്തിൽ മുക്കിവയ്‌ക്കുക. പുറംതൊലി മൃദുവാകും. മൂർച്ചയുളള സ്‌റ്റെയിൻലെസ് സ്‌റ്റീൽ കത്തികൊണ്ടു കായുടെ ഒരു വശം മാത്രം നെടുകെ കീറി വിത്തുകൾ മാറ്റുക. കായ് രണ്ടായി മുറിയരുത്. ഇനി, പുളിരസം ഇല്ലാതാക്കാൻ കായ്‌കൾ 4% ചുണ്ണാമ്പുലായനിയിൽ (40 ഗ്രാം നീറ്റുചുണ്ടാമ്പ് ഒരു ലിറ്റർ വെളളത്തിൽ കലക്കിയത്) മൂന്നുനാലു മണിക്കൂർ ഇട്ടുവയ്‌ക്കുക. ശുദ്ധജലത്തിൽ കഴുകിയെടുക്കുക.

ഇനി കായ്‌കൾക്ക് ആകർഷകമായ നിറം നൽകണം. ഇതിനു കായ്‌കൾ പഞ്ചസാരലായനിയിലിടണം. 400 ഗ്രാം പഞ്ചസാര വെളളത്തിൽ ലയിപ്പിച്ച് ഒരു ലിറ്ററാക്കി അതിൽ ഒന്നര ഗ്രാം എന്ന തോതിൽ പൊട്ടാസ്യം മെറ്റാബൈസൾഫേറ്റ് ചേർക്കുക. 100 മില്ലിഗ്രാം ഓറഞ്ച് റെഡ്, 400 മില്ലിഗ്രാം റിസ്‌പബെറി റെഡ് എന്നീ വർണവസ്‌തുക്കൾ ചേർക്കുക (ചുവപ്പുനിറം കിട്ടാൻ ‘എറിത്രോസിൽ’ ചേർക്കുന്ന പതിവുമുണ്ട്).

ഒന്നര കിലോ കായ്‌കൾക്ക് ഇത്തരത്തിൽ ഒരു ലിറ്റർ ലായനി മതി. കായ്‌കൾ ഒരു ദിവസം മുഴുവൻ ഇതിലിട്ടു വയ്‌ക്കണം.

രണ്ടാം ദിവസം കായ്‌കൾ ലായനിയിൽനിന്നു മാറ്റി അതിലേക്കു 150 ഗ്രാം പഞ്ചസാരകൂടി ചേർത്തു ചൂടാക്കുക. എന്നിട്ടു കായ്‌കൾ അതിലേക്കിടുക. ലായനിയുടെ വീര്യം കുറയുന്നതനുസരിച്ചു പഞ്ചസാരയുടെ അളവു കുറേശ്ശെ കൂട്ടണം. അങ്ങനെ ഒരു കിലോ പഞ്ചസാര ഉപയോഗിച്ചു കഴിയുമ്പോൾ ലായനിയിൽനിന്നു കായ്‌കൾ മാറ്റി അതിലേക്ക് ഒരു ഗ്രാം സിട്രിക് ആസിഡ് തരികൾകുടി ചേർത്തു തിളപ്പിക്കുക. പഴങ്ങൾ ഇതിൽ വീണ്ടും ഇട്ടുവയ്‌ക്കുക.

കുറച്ചു ദിവസം അങ്ങനെ ഇരിക്കട്ടെ. ലായനിയുടെ വീര്യം കുറയുന്നവെങ്കിൽ പഞ്ചസാര ചേർത്തുകൊടുക്കണം. ലായനിയിൽ കിടക്കുന്ന പഴത്തിന് ഉദ്ദേശിക്കുന്ന സ്വാദും നിറവുമായിക്കഴിഞ്ഞാൽ പഴങ്ങൾ വൃത്തിയുളള സ്‌ഫടികഭരണികളിലേക്കു മാറ്റാം. വീട്ടുമുറ്റത്തൊരു ബേക്കറി ചെറി നടാനും അതു നിറയെ കായ്‌പിടിക്കുമ്പോൾ ഇതുപോലെ സംസ്‌കരിച്ചെടുക്കാനും ഇനി മറക്കരുത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com