ഉള്ളി വില കരയിക്കുന്നു; തട്ടുകടകളിൽ നിന്ന് ‘ഓംലറ്റ് ഔട്ട്...

Egg Recipes
ഫയൽ ചിത്രം
SHARE

സവാള വില കരയിക്കാൻ തുടങ്ങിയതോടെ തട്ടുകടകളിൽ അടക്കം സവാള പുറത്തേക്ക്. പൊരിച്ച ചിക്കനൊപ്പം റീത്തു പോലെ അലങ്കാരമായിക്കിടന്ന സാലഡ് സവാളയും ഓംലറ്റിനെ മനോഹരമാക്കിയ ഉള്ളിയും ഇപ്പോൾ വിഭവങ്ങളിൽ അധികം കാണാറില്ല. തട്ടുകടകളിൽ ഉൾപ്പെടെ ‘ഓംലറ്റ് ഇല്ല’ എന്ന ബോർഡ് വരെ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. പകരം ബുൾസ് ഐ കൊണ്ടു തൃപ്തിപ്പെടണം. മാസങ്ങൾക്കു മുൻപ് 20 രൂപയായിരുന്ന ഒരു കിലോ സവാളയുടെ വില അൻപതു കടന്നതോടെയാണ് തട്ടുകടകളിൽ സവാള ഉപയോഗം കുറച്ചുതുടങ്ങിയത്.

ഈ വിലയ്ക്കു സവാള വാങ്ങി ഉപയോഗിച്ചാൽ ഓംലറ്റും ഫ്രൈകളുമൊന്നും ഇപ്പോഴത്തെ വിലയ്ക്കു കൊടുക്കാനാവില്ലെന്നു തന്നെയാണു തട്ടുകടക്കാരുടെ പക്ഷം. ഉത്തരേന്ത്യയിൽ കുതിച്ചുയരുന്ന വില നിയന്ത്രിക്കുന്നതിനായി കയറ്റുമതിയിൽ നിയന്ത്രണം കൊണ്ടു വന്നെങ്കിലും മലയാളികൾക്ക് അതിന്റെ പ്രയോജനം ലഭിക്കുന്ന ലക്ഷണമില്ല. അതിനിടെയാണു വിലക്കയറ്റം കാരണം നമ്മുടെ തീൻമേശയിലെത്തുന്ന വിഭവങ്ങളിൽ നിന്നു തന്നെ സവാളയെ പാചകക്കുറിപ്പുകൾക്കു പുറത്തു നിർത്താൻ തീരുമാനിക്കേണ്ടി വന്നിരിക്കുന്നത്.

മുട്ടകൊണ്ട് സവാളയും തക്കാളിയും കുറച്ച് മൂന്ന് വിഭവങ്ങൾ തയാറാക്കിയാലോ? 

1) മുട്ട–സാലഡ്

1. മുട്ട പുഴുങ്ങിയത് –2 

(2) സവാള–1, തക്കാളി–1, കാരറ്റ് ചെറുത്–1, മല്ലിയില അരിഞ്ഞത്–1 വലിയ സ്പൂൺ, പച്ചമുളക്–2, കാപ്സികം – പകുതി. 

3. ജീരകപ്പൊടി–ഒരു നുള്ള്

(4) നാരങ്ങ നീര് – 1 ടീസ്പൂ. 5. ഉപ്പ്–പാകത്തിന്.

തയാറാക്കുന്ന വിധം

മുട്ട പുഴുങ്ങിയത് ചെറുതായി മുറിച്ചുവയ്ക്കുക. 2–ാം ചേരുവ പൊടിയായി അരിഞ്ഞ് ഒരു ബൗളിൽ ഇട്ട് ജീരകപ്പൊടിയുമായി മിക്സ് ചെയ്തുവയ്ക്കുക. വിളമ്പാൻ നേരം ഉപ്പും നാരങ്ങാ നീരുമായി യോജിപ്പിക്കുക. അവസാനം മുട്ട ചേർത്തു വിളമ്പാം.

2) ബുൾസ് ഐ ദോശ

 • ദോശമാവ് – 2 കപ്പ് 
 • സവാള കൊത്തിയരിഞ്ഞത് – 1
 • തക്കാളി കൊത്തിയരിഞ്ഞത് – 1
 • പച്ചമുളക് അരിഞ്ഞത് – 3 
 • ഉപ്പ്–പാകത്തിന്

മുട്ട–4

തയാറാക്കുന്ന വിധം

ദോശമാവ്,സവാള,തക്കാളി,പച്ചമുളക്, ഉപ്പ് എന്നിവ ഒന്നിച്ചാക്കി ഇളക്കി യോജിപ്പിക്കുക. തവ ചൂടാക്കി നെയ്യ് തൂത്ത് ഓരോ തവി മാവ് കോരിയൊഴിച്ച് ഒന്നു പരത്തിയ ശേഷം ഒരു മുട്ട പൊട്ടിച്ച് മീതെ ഒഴിക്കുക. ഒരു സ്പൂൺ നെയ്യ് ചുറ്റും ഒഴിച്ച് മൂടിവയ്ക്കുക. ചെറിയ തീയിൽ വച്ച് വേവിക്കുക. മുട്ട വേകുന്നതാണു പാകം. വേണമെങ്കിൽ മറിച്ചിട്ട് ഉണ്ണി വേവിച്ചെടുക്കാം. ബാക്കി മാവും ഇങ്ങനെ ബുൾസ് ഐ ദോശ ചുട്ടെടുക്കാം.

3) എഗ്ഗ് വൈറ്റ്–വെജ് ഓംലറ്റ്

 • മുട്ടയുടെ വെളള മാത്രം–3 
 • പച്ചമുളക് – 2
 • സവാള പൊടിയായി അരിഞ്ഞത് – 1 വലിയ സ്പൂൺ
 • കാബേജ് പൊടിയായി അരിഞ്ഞത് – 1 വലിയ സ്പൂൺ
 • കാരറ്റ് ഗ്രേറ്റ് ചെയ്തത് – 1 വലിയ സ്പൂൺ
 • തക്കാളി പൊടിയായി അരിഞ്ഞത് – 1
 • കാപ്സികം പൊടിയായി അരിഞ്ഞത്–1/4 ഭാഗം.
 • കടലമാവ്–2 സ്പൂൺ (9) പാൽ–1 സ്പൂ. 10. ഉപ്പ്–പാകത്തിന്.

തയാറാക്കുന്ന വിധം

ഒരു ബൗളിൽ ചേരുവകൾ എല്ലാം ചേർത്ത് ഒരു ഫോർക്ക് കൊണ്ട് നന്നായി അടിച്ചു പതപ്പിക്കുക. തവ ചൂടാക്കി എണ്ണ ഒഴിച്ചു മുട്ടവെള്ള–വെജ് കൂട്ട് ഒഴിച്ച് ചുറ്റിച്ച് ഓംലറ്റ് ഉണ്ടാക്കിയെടുക്കാം. മുട്ടയുടെ മഞ്ഞ ചേരാത്തതിനാൽ ഷുഗർ, കൊളസ്ട്രോൾ രോഗികൾക്കും ഇടനേരങ്ങളിലും ഈവനിങ് സ്നാക്കായും യഥേഷ്ടം കഴിക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
FROM ONMANORAMA