ADVERTISEMENT

വൈനില്ലാതെന്തു ക്രിസ്മസ് ആഘോഷം. ഇന്നു മുന്തിരിങ്ങ ഭരണിയിലാക്കിയാൽ ക്രിസ്മസിനു വൈൻ പൊട്ടിക്കാം. പഴകുംതോറും വീഞ്ഞിന് വീര്യമേറുമെന്നാണ് ചൊല്ല്. ചൈനയിലെ ഹെനൻ പ്രവിശ്യയിൽ നിന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയ വീഞ്ഞിന് 2000 വർഷത്തോളം പഴക്കമുണ്ടെന്നാണ് പുരാവസ്തുഗവേഷകർ പറയുന്നത്. ശവക്കല്ലറയിൽ വെങ്കല പാത്രത്തിൽ ഭദ്രമായി മുദ്ര വെച്ച നിലയിലായിരുന്നു ഇത്. ചൈനീസ് വീഞ്ഞിന്റെ ഗന്ധമാണ് ഇതിനനുഭവപ്പെട്ടതെന്ന് ഗവേഷകർ പറഞ്ഞു.  

എന്തായാലും ക്രിസ്മസിനു രുചിക്കാനുള്ള വൈൻ രുചിക്കൂട്ട് എങ്ങനെ തയാറാക്കാമെന്നു നോക്കാം

റെഡ് വൈൻ

  • കുരുവുള്ള കറുത്ത മുന്തിരി – 2 കിലോഗ്രാം
  • പഞ്ചസാര – 2 കിലോഗ്രാം
  • തിളപ്പിച്ചാറിയ വെള്ളം – മൂന്നു ലീറ്റർ
  • ഏലയ്ക്ക – 12
  • കറുവാപ്പട്ട – 5
  • ഗ്രാമ്പു – 10 
  • കഴുകി ഉണക്കിയ ഗോതമ്പ് – ഒരു പിടി
  • ബീറ്റ്റൂട്ട്– ഒരു ചെറിയ കഷണം

തയാറാക്കുന്ന വിധം

മുന്തിരി നന്നായി കഴുകിയെടുത്ത് ഉണങ്ങിയ ഭരണിയിൽ മുന്തിരിയും പഞ്ചസാരയും ഇടകലർത്തി ഇടുക.  ഗ്രാമ്പു, ഏലക്ക, കറുവാപ്പട്ട എന്നിവ ചതച്ചതും ബീറ്റ്റൂട്ടും ഗോതമ്പും ചേർത്തിളക്കുക. ഇതിൽ മൂന്നുലീറ്റർ വെള്ളം ചേർത്തു തുണികൊണ്ടു മൂടിക്കെട്ടി വയ്ക്കുക. ഒന്നിടവിട്ട ദിവസങ്ങളിൽ മൂടി തുറന്നു തടിത്തവികൊണ്ടു നന്നായി ഇളക്കണം. 25 ദിവസം കഴിഞ്ഞു പിഴിഞ്ഞ് അരിപ്പയിൽ അരിച്ചെടുത്തു കുപ്പിയിലോ അതേ ഭരണിയിലോ സൂക്ഷിക്കുക. 30 ദിവസം അനക്കാതെ സൂക്ഷിച്ചുവച്ചാൽ കൂടുതൽ നന്ന്.

വൈറ്റ് വൈൻ

  • പച്ചമുന്തിരി (മധുരമുള്ളത്) - രണ്ടര കിലോ
  • പഞ്ചസാര - ഒന്നര കിലോ
  • തിളപ്പിച്ചാറിയ വെള്ളം - ഒരു ലീറ്റർ
  • പെപ്ടിക് എൻസൈം - അര ടീസ്പൂൺ
  • യീസ്റ്റ് - അര ടീസ്പൂൺ

തയാറാക്കുന്ന വിധം

പാകമായ പച്ചനിറത്തിലുള്ള മുന്തിരി ഉപ്പുവെള്ളത്തിൽ നന്നായി കഴുകി വാരിവയ്ക്കുക. കുലയിൽനിന്ന് അടർത്തി തൊലി ചെറുതായി പൊട്ടിച്ച് പെപ്ടിക് എൻസൈം ചേർത്ത് ഒരു രാത്രി ഭരണിയിൽ മൂടിക്കെട്ടി വയ്ക്കുക. പിറ്റേന്നു കൈകൊണ്ടു നന്നായി ഉടച്ചു മുന്തിരി നീര് എടുക്കുക. തൊലിയും കുരുവും അരിച്ചു മാറ്റുക. യീസ്റ്റ് അൽപം പഞ്ചസാരയും ചെറുചൂടുവെള്ളവും ചേർത്തു ചെറിയ പാത്രത്തിൽ 10 മിനിറ്റ് മൂടിവച്ചു പതഞ്ഞു പൊങ്ങിയശേഷം ഇതിൽ ചേർക്കുക. പിന്നീടു ബാക്കി പഞ്ചസാരയും വെള്ളവും ചേർത്തിളക്കി അൽപം അയവിൽ ഭരണി മൂടിക്കെട്ടിവയ്ക്കുക. ദിവസവും കൃത്യസമയത്തു മൂടി തുറന്നു മരത്തവി കൊണ്ട് ഇളക്കുക. 25 ദിവസം കഴിഞ്ഞാൽ മറ്റൊരു പാത്രത്തിലേക്ക് അരിച്ചുമാറ്റി കുപ്പിയിലാക്കുക. രണ്ടാഴ്ചകൂടി അനക്കാതെ വച്ചാൽ സൂപ്പർ വൈനായി.

ഓർക്കാൻ

∙ വെള്ളം ഭരണിയുടെ വക്കിന്റെ ആറിഞ്ച് താഴെയെങ്കിലും നിൽക്കണം.

∙ പഞ്ചസാര കരിച്ചു ചേർത്താൽ റെഡ് വൈനിനു നല്ല നിറം കിട്ടും.

∙ ഭരണി തുണികൊണ്ട് അൽപം അയച്ചു വേണം കെട്ടാൻ.

റെസിപ്പി : സന്ധ്യാ ഗ്രേസ്

English Summary: Grape Wine, Red Wine, White Wine, Making Process and Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com