ADVERTISEMENT

സ്വാദുണ്ട്, ഔഷധഗുണം വേണ്ടുവോളമുണ്ട്. ഇങ്ങനെയൊരു വിഭവമാണ് സ്ത്രീകളുടെ അറിവിലേക്കായി മുത്തശ്ശി ഇത്തവണ അവതരിപ്പിക്കുന്നത്. പ്രസവരക്ഷാ മരുന്നായി  ഉപയോഗിക്കുന്ന ചതൂപ്പ ലേഹ്യം സ്ത്രീകളുടെ ആരോഗ്യത്തിന് ഏറെ ഗുണപ്രദമെന്നു മുത്തശ്ശി സാക്ഷ്യപ്പെടുത്തുന്നു. ശതപുഷ്പമാണ് പറഞ്ഞുപഴകി ശതകുപ്പയായും ചതൂപ്പയായുമൊക്കെ മാറിയത്. 

ആവശ്യമുള്ള സാധനങ്ങൾ 

  • ചതൂപ്പ/ശതകുപ്പ – കാൽകിലോ
  • തേങ്ങ – 2 എണ്ണം
  • ശർക്കര – (കാൽക്കിലോ ശർക്കര മതിയാകും.  ഓരോരുത്തരുടെയും താൽപര്യമനുസരിച്ച് ഇതു  ക്രമീകരിക്കാം) 
  • അയമോദകം–100 ഗ്രാം

തയാറാക്കുന്ന വിധം

ശതകുപ്പയും അയമോദകവും വെള്ളത്തിലിട്ട് കുതിർത്ത് തിളിപ്പിച്ചെടുത്ത ശേഷം  നന്നായി  അരച്ചുവയ്ക്കുക (ഉണക്കിപ്പൊടിച്ചെടുത്ത് ഉപയോഗിക്കുന്നവരുമുണ്ട്). മുത്തശ്ശിക്ക് വേവിച്ച് അരയ്ക്കുന്നതാണ് ഇഷ്ടം. ഉരുളിയിൽ രണ്ട് തേങ്ങയുടെ പാലൊഴിച്ച് തിളപ്പിക്കുക. തിളച്ചു വരുമ്പോൾ ശർക്കര അതിലേക്ക് ചേർക്കാം (ശർക്കര പാനി തയാറാക്കി ചേർത്താലും മതി). ശേഷം ശതകുപ്പയും അയമോദകവും അരച്ചത്  ചേർക്കാം. നന്നായി ഇളക്കിക്കൊടുക്കുക. കയ്യെടുക്കാതെ ഇളക്കാൻ ശ്രദ്ധിക്കണം.എളുപ്പം തയാറാക്കാനായി ഒന്നോ രണ്ടോ സ്പൂൺ അരിപ്പൊടി ചേർക്കാം ( നിർബന്ധമില്ല). ശതകുപ്പയിൽ നിന്നും എണ്ണ കിനിഞ്ഞിറങ്ങുന്നതു വരെ ഇളക്കി കൊടുക്കണം. എണ്ണ കിനിഞ്ഞിറങ്ങിയാൽ ലേഹ്യം തയാറായി എന്നു മനസ്സിലാക്കാം.

ശതകുപ്പ കഴിച്ചാൽ 

  •  സ്ത്രീകളിൽ ഗുണമേന്മയുള്ള അണ്ഡോൽപാദനത്തിന് സഹായിക്കുന്നു
  •  പ്രസവ രക്ഷാമരുന്നായി ഉപയോഗിക്കാറുണ്ട്. പ്രസവശേഷം ഗർഭ പാത്രത്തിന്റെ ബലം അടക്കം ആരോഗ്യം തിരിച്ചുപിടിക്കാൻ സഹായിക്കും
  •  ഗർഭാശയ ശുദ്ധീകരണത്തിന് സഹായിക്കുന്നു. 
  •  പ്രസവരക്ഷാ മരുന്ന് എന്നതിന് അപ്പുറം അടുത്ത പ്രസവത്തിന് കൂടി ഗർഭാശയത്തെ  ഒരുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ശതകുപ്പ നൽകാറ്,. 
  •  ശതകുപ്പ ആർത്തവ സമയത്തെ വയറുവേദന ക്ഷമിപ്പിക്കുന്നതിന് ഏറെ സഹായകമാണ്. സാധാരണ ഗതിയിൽ ശതകുപ്പ തിളപ്പിച്ച വെള്ളമാണ് ഈ വയറുവേദന ക്ഷമിക്കാൻ ഉപയോഗിക്കാറ്. കരിപ്പെട്ടി ( ചക്കര)  ശതകുപ്പ ചേർത്ത് തിളിപ്പിച്ചു കുടിച്ചാൽ ആർത്തവ വയറുവേദന ക്ഷമിക്കും.  ശതകുപ്പ  അടിവയറ്റിലുണ്ടാകുന്ന ഗുൽമവായുവിന്റെ പ്രവർത്തനം സാധാരണ ഗതിയിലാക്കും.

കടപ്പാട്–

ഡോ. ആർ .ഭഗവതിയമ്മാൾ
ഹോസ്പ്പിറ്റൽ സൂപ്രണ്ട്
സീതാറാം ആയുർവേദ
സ്പെഷൽറ്റി ഹോസ്പ്പിറ്റൽ
വെളിയന്നൂർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com