ADVERTISEMENT

ഒരു ഭംഗിക്കിരിക്കട്ടെ എന്ന് ടുറ്റി ഫ്രൂട്ടിയെക്കുറിച്ച് കരുതിയാൽ തെറ്റി– നിറത്തിനും ഭംഗിക്കു മാത്രമല്ല രുചികൂട്ടാനും ഗുണം നൽകാനും ട‌ുറ്റി ഫ്രൂട്ടിക്ക് കഴിയും. ദീർഘകാലം കേടുകൂടാതെയിരിക്കാനുള്ള കഴിവ‌ും ഇവയ്ക്കുണ്ട്. 

നുറുങ്ങിയരിഞ്ഞ ഉണക്കപ്പഴങ്ങൾ പഞ്ചസാര ലായനിയിൽ വരട്ടിയെടുത്ത് അവയിൽ നിറവും മണവുമൊക്കെ ചാർത്തിയെടുത്ത ഈ ഇത്തിരിക്കുഞ്ഞൻ ഭക്ഷണമേശയിൽ എത്തിയിട്ട് ഒന്നര നൂറ്റാണ്ടായി. രുചിലോകത്തെ നക്ഷത്രക്കൂട്ടം എന്നാണ് ഇവയെ വിശേഷിപ്പിക്കാറുള്ളത്. താളത്തിൽ പറഞ്ഞുപോകാവുന്ന വെറുമൊരു കൗതുകനാമമല്ല ഇത്. ഓൾ ഫ്രൂട്ട് എന്നർഥം വരുന്ന ഇറ്റാലിയൻ വാക്കിൽ നിന്നാണ് ടൂറ്റി ഫ്രൂട്ടി  പിറന്നത്. 

150 വർഷം മുൻപു രചിക്കപ്പെട്ട ഇംഗ്ല‌ിഷ് പാചകപുസ്തകങ്ങളിലും ഇവയെപ്പറ്റി പരാമർശമുണ്ട്.  1888ൽ ന്യൂയോർക്കിൽ ഇവ കടകളിൽ വിൽപനയ്ക്ക് വച്ചിരുന്നതിനും രേഖകളുണ്ട്. 1900കളിലെ ചില ഹോട്ടൽ മെനുകളിലും ഇവ സ്ഥാനം നേടിയിട്ടുണ്ട്. 

ചെറി, ഉണക്കമുന്തിരി, പൈനാപ്പിൾ, ഈത്തപ്പഴം  തുടങ്ങിയ പഴങ്ങളാണ് ടൂറ്റി ഫ്രൂട്ടിയുണ്ടാക്കാനായി പാശ്ചാത്യരാജ്യക്കാർ പൊതുവേ ഉപയോഗിക്കുന്നത്. പല രാജ്യക്കാരും പല ആവശ്യങ്ങൾക്കായിട്ടാണ് ഇവയെ ഉപയോഗിക്കാറുള്ളത്. നെതർലൻഡ്സ്, ബൽജിയം തുടങ്ങിയ നാടുകളിൽ ഇവയൊരു ഡിസേർട്ടാണ്. ബ്രാൻഡിയിൽ കുതിർത്താണ് അമേരിക്കക്കാർ  ട‌ുറ്റി ഫ്രൂട്ടിയുണ്ടാക്കുന്നത്.

നമുക്ക് പപ്പായയാണ് ട‌ുറ്റി ഫ്രൂട്ടി. സമചതുരത്തിൽ ചെറുതായി അരിഞ്ഞെടുത്ത പഴുക്കാത്ത പപ്പ‌ായ  പഞ്ചസാര ലായനിയിൽ കുതിർത്തി അതിൽ നിറം നൽകിയാണ് നമ്മൾ ഇവ ഉണ്ടാക്കിയെടുക്കുന്നത്. 

tutti-frutti

കേക്ക്, ബ്രഡ്, ഐസ്ക്രീം, ഫലൂഡ എന്നിവ മനോഹരമാക്കുന്നതിനും രുചിയും മണവും നൽകുന്നതിനുമാണ് നാം ഈ കുഞ്ഞന്മാരെ ഒരുക്കിയെടുക്കുന്നത്. ടോപ്പിങ്സ് എന്ന നിലയിലും വിതറിക്കിടക്കുന്ന രൂപത്തിലും നാം ട‌ുറ്റി ഫ്രൂട്ടി ഉപയോഗിക്കുന്നു. ഉണക്കപ്പഴത്തിന്റെ ഗുണങ്ങൾ ഇവയ്ക്കുള്ളതിനാൽ പോഷകസമ്പുഷ്ടമാണ്.

ട‌ുറ്റി ഫ്രൂട്ടി വീട്ടിലുണ്ടാക്കാം

ചേരുവകൾ

  • പപ്പായ, 
  • വനില എസൻസ്, 
  • അംഗീകൃത ഫുഡ് കളറുകൾ, 
  • പഞ്ചസാര.

തയാറാക്കുന്ന വിധം

പഴുക്കാത്തതും എന്നാൽ വിളഞ്ഞതുമായ പപ്പായ നന്നായി കഴുകിയെടുക്കുക. കറ കളയാനായി കത്തിയുപയോഗിച്ച് ആഴത്തിലല്ലാത്ത 1–2 വരകൾ പപ്പായയുടെ മുകളിൽനിന്ന് താഴേക്ക്  ഇടുക.  അതിനുശേഷം പുറംതൊലി ഒരു പീലർ ഉപയോഗിച്ച് ചെത്തി കളയുക. പപ്പായ പല കഷണങ്ങളാക്കിയെടുക്കുക. കുരുവും ഉള്ളിലെ പാടയും കളയുക. വെള്ളത്തിൽ  ഈ കഷണങ്ങൾ കഴുകിയെടുക്കുക. കറ നന്നായി പോയെന്ന് ഉറപ്പാക്കിയശേഷം ഇവയെ ചെറിയ കുഞ്ഞൻ ചതുരക്കഷണങ്ങളാക്കുക. തിളച്ചു തുടങ്ങുന്ന വെള്ളത്തിലേക്ക് ഈ പപ്പായ ക്യൂബുകൾ ഇടുക. 2–3 മിനിറ്റുകൾ തിളപ്പിക്കുക. 

തീ അണച്ചശേഷം 5 മിനിറ്റ് അടച്ചുവയ്ക്കുക. അതിനുശേഷം വെള്ളം ഉൗറ്റിയെടുക്കണം.   പഞ്ചസാര ഈ വെള്ളത്തിലിട്ട് തിളപ്പിക്കണം. ഇതിലേക്ക് പപ്പായ കഷണങ്ങളിടുക. ഇവ മധുരം പിടിക്കുന്നതുവരെ തിളപ്പിക്കണം. പിന്നെ തീ അണയ്ക്കാം. ഇതിലേക്ക് 2–3 തുള്ളി വന‌ില എസൻസ് ചേർക്കണം. ലഭ്യമായ കളറുകളുടെ എണ്ണം അനുസരിച്ച് പാത്രങ്ങളിൽ ഒന്നോ രണ്ടോ നുള്ള് അനുവദനീയ കളർ ചേർക്കാം. ആവശ്യമായ പപ്പായ കഷണങ്ങൾ ഓരോ പാത്രങ്ങളിലും ഇട്ട് നന്നായി ഇളക്കുക. 

10 മണിക്കൂറോള‌ം അനക്കാതെ വയ്ക്കണം. അതിനുശേഷം ഇവ  അരിപ്പയിലേക്ക‌ു മാറ്റാം. ഇവയിൽ  തങ്ങിനിൽക്കുന്ന ജലാംശം വലിച്ചെടുക്കാൻ കോട്ടൺ തുണിയിൽ നിരത്തിവയ്ക്കണം. പരസ്പരം ഒട്ടാത്ത രീത‌ിയിൽ നന്നായി ഉണങ്ങിയതിനുശേഷം ഇവ കുപ്പികളിലേക്ക് മാറ്റി സൂക്ഷിക്കാം.

English Summary: Tutti Frutti Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com