ADVERTISEMENT

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ചു ഹൃദ്രോഗം കഴിഞ്ഞാല്‍ ഏറ്റവും അധികം ആളുകൾക്കുണ്ടാകുന്ന രോഗമാണ് എല്ലിന്റെ തേയ്മാനം (ഓസ്റ്റിയോ പെറോസിസ്). എല്ലുതേയ്മാനം തടയാൻ കുട്ടിക്കാലം മുതലുള്ള പോഷകസമ്പന്നമായ ഭക്ഷണം അത്യാവശ്യമാണ്. ധാരാളം കാൽസ്യം, ജീവകം ‘ഡി’, പാൽ, ഇലക്കറികൾ, പഴങ്ങൾ, നല്ല പ്രോട്ടീനുള്ള ഭക്ഷണം, വെയിൽ കൊള്ളുകയോ കടൽമത്സ്യങ്ങൾ ധാരാളം കഴിക്കുകയോ ചെയ്യുക എന്നതു പിൽക്കാലത്തെ എല്ലിന്റെ ആരോഗ്യത്തെ നിയന്ത്രിക്കുന്നു. മത്സ്യ എണ്ണകൾ, മുട്ടയുടെ മഞ്ഞ, പാൽ, വെണ്ണ, നെയ്യ് എന്നിവയാണു വിറ്റാമിൻ ‘ഡി’ യുടെ ഏറ്റവും നല്ല ഉറവിടങ്ങൾ. എല്ലിനെ ശക്തിപ്പെടുത്തുന്ന മുട്ടറോസ്റ്റ് രുചിക്കൂട്ട് പരിചയപ്പെടാം.

മുട്ട റോസ്റ്റ്

ചേരുവകൾ

  • കോഴിമുട്ട –രണ്ടെണ്ണം
  • സവാള –ഒരെണ്ണം
  • തക്കാളി –ഒരു ചെറുത്
  • ഇഞ്ചി –ഒരു കഷണം
  • പച്ചമുളക് –ഒരെണ്ണം
  • കറിവേപ്പില –ഒരു തണ്ട്
  • വെളുത്തുള്ളി –രണ്ട് അല്ലി
  • ഗരം മസാല –അര ടീസ്പൂൺ
  • മുളകുപൊടി –ഒരു ടീസ്പൂണ്‍
  • മല്ലിപ്പൊടി –ഒരു ടീസ്പൂൺ
  • മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
  • എണ്ണ –ഒരു ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം

സവാള കനം കുറച്ചു നീളത്തിൽ അരിയുക. തക്കാളി, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവയും അരി‍ഞ്ഞെടുക്കുക. ഒരു കുഴിയുള്ള പാത്രത്തിൽ എണ്ണ ഒഴിച്ചു ചൂടാകുമ്പോൾ സവാള, തക്കാളി, ഉള്ളി, ഇഞ്ചി, പച്ചമുളക് എന്നിവയെല്ലാം വഴറ്റുക. മഞ്ഞൾപ്പൊടി, മുളകുപൊടി, ഗരം മസാലപ്പൊടി എന്നിവയും ചെറിയതീയിൽ വഴറ്റുക. അരക്കപ്പു വെള്ളവും ഉപ്പും ചേർത്തു പുഴുങ്ങിയ മുട്ട അതിലേക്കു മുറിച്ചിടുക. അരപ്പ് കുറുകിത്തുടങ്ങുമ്പോള്‍ തീയിൽ നിന്നിറക്കി ഉപയോഗിക്കുക.

English Summary: Egg Roast 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com