sections
MORE

എന്തിനോടും ഏതിനോടും കോട്ടയംകാർ പറയും ‘പിടിച്ചു വൈനിട്ടു കളയും!’

wine-grape
ഉണക്കമുന്തിരി, റംബൂട്ടാൻ,ജാതിക്ക,മുന്തിരി, മൾബറി, റോസാപ്പൂവ്, ബീറ്റ്റൂട്ട്, ചാമ്പയ്ക്ക വൈനുകൾ
SHARE

ആരൊക്കെ എന്നാ ഒക്കെ പറഞ്ഞാലും കോട്ടയംകാർ വൈനിടും. ഡിസംബർ മാസത്തിൽ വീടിനു മുന്നിൽ നക്ഷത്രം തൂക്കുന്നതുപോലെയൊരു ആചാരമാണത്. മുന്തിരി വൃത്തിയായി കഴുകി നല്ല വെള്ളത്തുണിയിൽ തുടച്ചെടുത്ത്  ഓഫ് വൈറ്റിൽ മഞ്ഞ ബോർഡറുള്ള  ഭരണിയിലാക്കി തിളപ്പിച്ചാറിയ വെള്ളമൊഴിച്ച്  പഞ്ചസാരയിട്ട് മീതെ ധാന്യക്കൂട്ടുകൾ വിതറി തുണികൊണ്ടു മൂടിക്കെട്ടി അടുക്കളയുടെ മൂലയ്ക്ക് ആരും തട്ടാതെയും മുട്ടാതെയും ഒതുക്കി വയ്ക്കുന്നതു തന്നെ ഒരു ചടങ്ങാണ്. ആ ഭരണി ഇങ്ങനെ ചുമ്മാ മൂലയ്ക്ക് ഇരിക്കുകയൊന്നുമല്ല. ഭരണിക്കുള്ളിലെന്ന പോലെ ഓരോ ദിവസവും അത് ആ വീട്ടിലും നിറയ്ക്കുന്നത് ക്രിസ്മസ് ലഹരിയാണ്. 

  വൈനെന്നു പറയുമ്പോൾ മുന്തിരി മാത്രമല്ല പുളിക്കുന്നത്. ജാതിക്ക, ചാമ്പയ്ക്ക, കാരറ്റ് തുടങ്ങി പാളയംകോടൻ പഴം വരെ ഉപയോഗിച്ച് വൈനിടും കോട്ടയംകാർ. രണ്ടോ മൂന്നോ കിലോ ഇട്ടുവച്ചാൽ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും കേക്കിനൊപ്പം ഓരോ കുപ്പി സമ്മാനവും കൊടുക്കാം. വൈനിടീൽ ചടങ്ങ് കാണാൻ വീട്ടിലെ കൊച്ചു തലകളെല്ലാം ചുറ്റും നിരക്കുന്നതു കൊണ്ട് മൂടി തുറന്നു നോക്കാനുള്ള കൗതുകവും കൂടും. നട്ട ചെടി കിളുത്തോ എന്നു പറിച്ചു നോക്കുന്നതു പോലെയൊരു ആകാംക്ഷ. അമ്മേ വൈൻ റെഡിയായോ എന്ന് ചോദിച്ച് കെട്ടഴിക്കാൻ വരുന്ന പിള്ളേരെ ഓടിക്കാൻ ‘ആകുമ്പോ തരും ഇടയ്ക്കിടെ അടുക്കള കാണാൻ വരേണ്ട’ എന്ന് എഴുതി ഒട്ടിക്കേണ്ടി വരുന്നു പല അമ്മമാർക്കും.  

  21–ാം പക്കം മൂടിയഴിച്ച് തടിത്തവികൊണ്ടിളക്കി, കരിച്ച പഞ്ചസാര ചേർത്തിളക്കി പിറ്റേന്ന് കെട്ടഴിക്കുമ്പോൾ കാണാം പിങ്ക് വൈനിനെ നല്ല റെഡ് വൈനാക്കുന്ന മാജിക്. ക്രിസ്മസ് രാവിൽ പാതിരാ കുർബാന കഴിഞ്ഞു വന്ന് പ്ലം കേക്ക് മുറിച്ച് ചില്ലു ഗ്ലാസിൽ വൈൻ പകർന്ന് പതിയെ കുടിച്ചിറക്കുമ്പോഴല്ലേ ക്രിസ്മസ് ചിയേഴ്സിലേക്കു നേരം പുലരുന്നത്. 

ആൽക്കഹോൾ ഇല്ലാത്ത വൈൻ വീട്ടിൽ ഉണ്ടാക്കാമെന്ന് എക്സൈസ് പറഞ്ഞിട്ടുണ്ട്. സമയം വൈകിയിട്ടില്ല. ഇതാ വീട്ടിലുണ്ടാക്കാം ഉഗ്രൻ മുന്തിരി വൈൻ...

വേണ്ടത്

  • കറുത്ത മുന്തിരി– 1 കിലോ 
  • തിളപ്പിച്ചാറിയ വെള്ളം 
  • പഞ്ചസാര– മുക്കാൽ കിലോ 
  • യീസ്റ്റ്– അര ടീസ്പൂൺ 
  • ഗ്രാമ്പൂ– 10 എണ്ണം
  • കറുവാപ്പട്ട– 3 എണ്ണം
  • ഗോതമ്പ് കഴുകിയത്– ഒരു പിടി

ചെയ്യേണ്ടത്

മുന്തിരി ഞെട്ടു കളഞ്ഞ് കഴുകി തുണിയിൽ തുടച്ചെടുക്കുക. ഭരണിയിൽ മുന്തിരിയിട്ട് അതിനു മീതെ മുന്തിരി മുങ്ങിക്കിടക്കും വിധം വെള്ളമൊഴിക്കുക. ഇതിനു മീതെ പഞ്ചസാര ഇടുക. ഗ്രാമ്പൂ, കറുവാപ്പട്ട എന്നിവ ചെറുതായി ചതച്ചിടുക. ഇതിനു മീതെ ഗോതമ്പ് ഇടുക. ചിരട്ടത്തവി കൊണ്ട് നന്നായി ഇളക്കി തുണി കൊണ്ടു മൂടിക്കെട്ടിവയ്ക്കുക. 21–ാം ദിവസം സ്റ്റീൽ പാത്രത്തിൽ  അൽപം  പഞ്ചസാര കരിച്ച് അതിൽ അൽപം വെള്ളം ഒഴിച്ചു തിളപ്പിച്ച് തണുത്തു കഴിയുമ്പോൾ ഇതിൽ ചേർത്തിളക്കുക. പിറ്റേന്ന് കൈകൊണ്ട് ഞെരടി വൈൻ അരിച്ചെടുക്കുക.

English Summary: Non Alcoholic Grape Wine Recipe 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
FROM ONMANORAMA