ADVERTISEMENT

പച്ചക്കറികളും പയറും പാലും... കൂടി വന്നാൽ ഒരു അവിയൽ, ഒരു മോരുകറി ഇത്രയൊക്കെ ഉണ്ടാക്കാം. അല്ലേ? അങ്ങനെ ശീലിച്ച നമ്മളെ അദ്‌ഭുതപ്പെടുത്തിക്കളയും ഗുജറാത്തി വിഭവങ്ങൾ. വെജിറ്റേറിയനിസത്തിന്റെ ഒന്നാന്തരം ഉദാഹരണമാണവ. രുചിക്കൂട്ടിൽ പച്ചക്കറികൾക്കാണു പ്രാധാന്യം. പിന്നെ ഗോതമ്പ്, അരി, പാൽ ഇങ്ങനെ നീളുന്ന സസ്യവിഭവങ്ങളുടെ നിര വേറെയും. എരിവും പുളിയും മധുരവുമൊക്കെയായി സ്വാദിന്റെ പുതിയ പാഠങ്ങൾ നാവിൽ കുറിച്ചു തരുന്ന വിഭവങ്ങൾ.

ഗുജറാത്തിനുതന്നെ നാലുഭാഗങ്ങളിലായി പല രുചികളുണ്ട്. വടക്കൻ ഗുജറാത്ത്, കത്തിയവാഡ്, കച്ച്, തെക്കൻ ഗുജറാത്ത് എന്നിവിടങ്ങളിലായി വ്യാപിച്ചു കിടക്കുന്ന രുചിക്കൂട്ടുകളുടെ സഞ്ചയം. ഖാണ്ഡ്വിയും ശുദ്ധ ഗുജറാത്തി ഭക്ഷണമാണ്. കടലമാവും മോരും കായപ്പൊടിയും ചേർത്തു വേവിച്ച് കുഴൽവണ്ണത്തിൽ ഉരുട്ടിയെടുക്കുന്ന ഖാണ്ഡ്വി. ചേരുവകളോ തയാറാക്കുന്നതിലെ അപരിചിതത്വമോ കണ്ടു മടിക്കേണ്ട. കണ്ടും കഴിച്ചും പഴകിയ രുചികൾക്ക് ഒരു മാറ്റമാവട്ടെ. വെന്ത ചേരുവകൾ നേരിയതായി പരത്തിയ ശേഷം മുറിച്ചെടുത്തു താളിച്ച കറിവേപ്പിലയും കടുകും മീതെ വിതറിയിട്ടാൽ കാഴ്‌ചയിൽപോലും എന്തു ഭംഗിയെന്നു പറഞ്ഞുപോവും.

ഖാണ്ഡ്വി ഫുഡ് തയാറാക്കാൻ ആവശ്യമുള്ള ചേരുവകൾ

  • പുളിച്ച മോര് - രണ്ടര കപ്പ്
  • കടലപ്പൊടി - ഒരു കപ്പ്
  • ഉപ്പ് - പാകത്തിന്
  • മഞ്ഞൾപ്പൊടി - അൽപം
  • കായപ്പൊടി - ഒരു നുള്ള്
  • തേങ്ങ ചുരണ്ടിയത് - ആവശ്യത്തിന്
  • മല്ലിയില - ആവശ്യത്തിന്
  • മുളകുപൊടി - അൽപം
  • എണ്ണ - താളിക്കുന്നതിന്
  • കറിവേപ്പില - പാകത്തിന്
  • കടുക് - ആവശ്യത്തിന്

തയാറാക്കുന്ന വിധം

ചേരുവകൾ യോജിപ്പിച്ചു കട്ടിയുള്ള ചുവടുള്ള പാത്രത്തിൽ ഇട്ടു ചെറുതീയിൽ വേവിക്കുക. നന്നായി ഇളക്കുക. 20 മിനിറ്റിനുശേഷം ചൂടോടെ ചട്ടുകം കൊണ്ടു ചുരണ്ടിയെടുക്കുക. മൂന്നോ നാലോ സ്‌റ്റീൽ പ്ലേറ്റുകൾ വൃത്തിയാക്കി നേരത്തേ എടുത്തുവച്ചിരിക്കണം. ഓരോ പ്ലേറ്റും കമഴ്‌ത്തിവച്ചശേഷം പുറത്ത് എണ്ണ പുരട്ടുക. ചട്ടുകത്തിലെടുത്ത വെന്ത ചേരുവകൾ ഓരോ പ്ലേറ്റിന്റെയും പുറത്ത് നേരിയതായി പരത്തുക. നന്നായി തണുത്തശേഷം ഇത് കഷ്‌ണങ്ങളാക്കി മുറിച്ചെടുക്കുക. ഓരോന്നും റോളുകളാക്കി വയ്‌ക്കണം. ഇനി മറ്റൊരു പാത്രത്തിലേക്കു മാറ്റാം. തേങ്ങ ചുരണ്ടിയതും മല്ലിയില അരിഞ്ഞതും വിതറി അലങ്കരിക്കുക. അൽപം മുളകുപൊടി മീതെ തൂവുക. ഇനി ചൂടായ എണ്ണയിൽ കറിവേപ്പിലയും കടുകും ഇട്ടു പൊട്ടിച്ചെടുക്കുക. ഇത് എല്ലാ റോളുകളുടെയും മീതെ ഒഴിക്കുക.

English Summary: Khandvi Gluten free Indian Gujarati Snack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com