ഇനി സദ്യയ്ക്ക് തൊട്ടുകൂട്ടാൻ മത്തങ്ങ അച്ചാറും! ഹിറ്റായി പുതിയ ഐറ്റം

SHARE

കറികൾ എത്രയുണ്ടെങ്കിലും തൊട്ടുകൂട്ടാൻ ഒരു അച്ചാർ ഇല്ലെങ്കിൽ എന്തോ ഒരു കുറവ് പോലെയാണ് പല ഭക്ഷണപ്രിയർക്കും. പല തരത്തിലുള്ള അച്ചാറുകളുണ്ടെങ്കിലും മാങ്ങ, നാരങ്ങ അച്ചാറുകൾക്കാണ് എപ്പോഴും ആരാധകർ കൂടുതലുള്ളത്. സദ്യയ്ക്കും മുൻപന്തിയിൽ ഈ രണ്ടു തരം അച്ചാറുകൾ തന്നെ. എന്നാൽ, ആ ഗണത്തിലേക്ക് പുതിയൊരു സ്വാദ് കൂടി പരിചയപ്പെടുത്തുകയാണ് തൃശൂരിലെ കാറ്ററിങ് ഗഡീസ്. മത്തങ്ങ അച്ചാറാണ് ഇവരുടെ സ്പെഷൽ. ചാലക്കുടി, വാസുപുരം, വരന്തരപ്പിള്ളി പ്രദേശങ്ങളിൽ വിവിധ സദ്യകൾക്ക് ഭക്ഷണമുണ്ടാക്കുന്ന വരന്തരപ്പിള്ളി സ്വദേശി കുരിയാക്കു തോമസ് പങ്കുവച്ച സ്പെഷൽ റസിപ്പി മനോരമ ഓൺലൈനിൽ. 

'സദ്യയ്ക്ക് മത്തങ്ങ അച്ചാർ സൂപ്പറാ'

മത്തങ്ങ അച്ചാർ വിളമ്പിയതിന്റെ അനുഭവം പാചകക്കാരനായ കുരിയാക്കു തോമസിന്റെ വാക്കുകളിൽ: "നാരങ്ങ അച്ചാറും മാങ്ങ അച്ചാറും കഴിച്ച് ആളോള് മടുത്തു. അപ്പഴാണ് വേറെ വല്ല ഐറ്റംസ് കയ്യിലുണ്ടോന്ന് കാറ്ററിങ്ങിന് ചെന്നപ്പോൾ അവിടുത്തെ വീട്ടുകാര് ചോദിച്ചത്. കുമ്പളങ്ങയും മത്തങ്ങയും വച്ചൊക്കെ നമ്മള് പായസം ചെയ്യാറ്ണ്ട്. അപ്പോ പിന്നെ, അതേ ഐറ്റം കൊണ്ട് അച്ചാറ് ഉണ്ടാക്കിയാലോ എന്നായി. എന്തു വച്ചും അച്ചാറ് ഉണ്ടാക്കാലോ! അങ്ങനെയാണ് മത്തങ്ങ അച്ചാറ്‍ ഉണ്ടാക്ക്യേ! സദ്യയ്ക്ക് വിളമ്പിയപ്പോ എല്ലാവർക്കും ഇഷ്ടായി. 'നിങ്ങടെ ആ വെറൈറ്റി അച്ചാറ് തന്നേ' എന്ന് പറഞ്ഞ് ആളോള് ചോദിച്ച് വാങ്ങി കഴിക്കലായി. ഇപ്പോൾ ഒരുപാട് വീടുകളിൽ നിന്നു വരെ ഓർഡർ കിട്ടണുണ്ട്. സംഗതി മത്തങ്ങ ആയതോണ്ടാണ് ആൾക്കാർക്ക് ഇത്ര രസം. നല്ല മൂത്ത ചെറുമത്തനാണ് അച്ചാറിടാൻ ഉപയോഗിക്കാറ്. പിന്നെ, നമ്മള് ഒരു വെറൈറ്റിക്ക് കുറച്ച് ഡ്രൈ ഫ്ൂട്സും ചേർക്കും. എരിവിനൊപ്പം കുറച്ച് മധുരം കൂടി ചേരുമ്പോൾ സംഗതി പൊളിയാണ്.

ദിങ്ങനെ ഉണ്ടാക്കാം

നല്ല മൂത്ത ചെറുമത്തൻ തൊലി കളഞ്ഞ് ചെറുതായി അരിയുക. അതിൽ പാകത്തിന് ഉപ്പും വിനാഗിരിയും പുരട്ടി 30 മിനിറ്റ് വയ്ക്കുക. അച്ചാറുണ്ടാക്കാനുള്ള ചേരുവകൾ ഇവയാണ്.

pickle-pumpkin-recipe
മത്തങ്ങാ അച്ചാർ

ചേരുവകൾ

 • ഉലുവ– 1 ടീസ്പൂൺ
 • കടുക്– 1 ടീസ്പൂൺ
 • വറ്റൽ മുളക്– 10 എണ്ണം
 • വെളുത്തുള്ളി– 1/2 കപ്പ്
 • ഇഞ്ചി – ഒരു വലിയ കഷണം (പൊടിയായി അരിഞ്ഞത്)
 • പച്ചമുളക്– 4 എണ്ണം (പൊടിയായി അരിഞ്ഞത്)
 • ഡ്രൈ ഫ്രൂട്ട്സ് – 1 കപ്പ്
 • കറിവേപ്പില– ആവശ്യത്തിന്
 • മഞ്ഞൾപ്പൊടി– 2 ടീസ്പൂണ്‍
 • കാശ്മീരി മുളകുപൊടി– 4 ടേബിൾസ്പൂണ്‍
 • മല്ലിപ്പൊടി– 2 ടേബിൾസ്പൂണ്‍
 • കായപ്പൊടി– 1 ടീസ്പൂണ്‍
 • വിനാഗിരി– 1 കപ്പ്
 • വെളിച്ചെണ്ണ– 1 കപ്പ്
 • ഉപ്പ്– ആവശ്യത്തിന്

തയാറാക്കുന്ന വിധം

ആദ്യം ചട്ടി അടുപ്പത്ത് വച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിക്കുക. അതിലേക്ക് ഉലുവയും കടുകും ചേർത്ത് പൊട്ടിക്കുക. ശേഷം, വറ്റൽമുളക്, വെളുത്തുള്ളി, ഇഞ്ചി, കറിവേപ്പില എന്നിവ ചേർത്തു മൂപ്പിക്കുക. നന്നായി മൂത്തു വരുമ്പോൾ, അതിലേക്ക് മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി, പച്ചമുളക്, കായപ്പൊടി എന്നിവ ചേർക്കുക. നന്നായി ഇളക്കി യോജിപ്പിക്കുക. അതിലേക്ക് ഉപ്പും വിനാഗിരിയും പുരട്ടി വച്ചിരിക്കുന്ന മത്തങ്ങ ചേർത്തിളക്കുക. പാകത്തിന് ഉപ്പ് ചേർക്കണം. ഇതിലേക്ക് വിനാഗിരി ഒഴിക്കാം. അതിനുശേഷം, ഡ്രൈ ഫ്രൂട്സ് ചേർത്ത് ഒരു മിനിറ്റ് വേവിച്ചതിനു ശേഷം വാങ്ങി വയ്ക്കാം. ചൂടാറിയ ശേഷം കുപ്പിയിലാക്കി സൂക്ഷിക്കാം.

English Summary: Pumpkin Pickle

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
FROM ONMANORAMA