പച്ചക്കറികളിലെ രാജാവിനെ വച്ചൊരു ഹെൽത്തി വിഭവം ഉണ്ടാക്കിയാലോ?

eggplant
SHARE

പച്ചക്കറികളിലെ രാജാവ് ആരാണെന്നറിയാമോ. പർപ്പിൾ, പച്ച, വെള്ളനിറങ്ങളിൽ നീളത്തിലും ഉരുണ്ടും നമ്മുടെ അടുക്കളത്തോട്ടത്തിൽ ധാരാളമായി ഉണ്ടാകുന്ന വഴുതനങ്ങ തന്നെ.

പോഷകഗുണങ്ങളിൽ മുൻപനാണ് വഴുതനങ്ങ. ഫൈബർ, ആന്റിഓക്സിഡന്റുകൾ, പൊട്ടാസ്യം, സോഡിയം, ഫോളിക് ആസിഡ് എന്നിവയുടെ കലവറയാണ് ഇവ. കാന്‍സർ തടയാനും ശരീരഭാരം കുറയ്ക്കാനും എല്ലുകളുടെ ആരോഗ്യത്തിനും വിളർച്ച ഒഴിവാക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഓർമശക്തി നിയന്ത്രിക്കാനും വഴുതനങ്ങ മുൻപൻ തന്നെ ചർമത്തിലെ ചുളിവുകളെ അകറ്റി തിളക്കം നൽകാൻ വഴുതനങ്ങയ്ക്കു കഴിവുണ്ട്.

സാമ്പാറിൽ ചേർത്തോ മെഴുക്കു പുരട്ടിയോ തോരനായോ ആണ് നമ്മൾ വഴുതനങ്ങ തയാറാക്കാറ്. എന്നാൽ ഇതു കൊണ്ട് ഉണ്ടാക്കാവുന്ന രണ്ട് വ്യത്യസ്ത വിഭവങ്ങളുടെ രുചിക്കുറിപ്പുകൾ

വഴുതനങ്ങ റൈത്ത
1. വഴുതനങ്ങ – 250 ഗ്രാം
2. തൈര്– 1 കപ്പ്
3. മസ്റ്റാർഡ് പൗഡർ – ¼ ചെറിയ സ്പൂൺ
പച്ചമുളക് പൊടിയായി അരിഞ്ഞത് – 1 എണ്ണം
ഉപ്പ് – പാകത്തിന്
4. മല്ലിയില– അലങ്കരിക്കാൻ

പാകം െചയ്യുന്ന വിധം
∙വഴുതനങ്ങ നീളത്തിൽ കഷണങ്ങളാക്കുക.
∙ഇതു വെള്ളത്തിൽ ഇട്ടു തിളപ്പിക്കണം. വഴുതനങ്ങ മൃദുവാകുമ്പോൾ വെള്ളം ഊറ്റിക്കളഞ്ഞു വയ്ക്കണം.
∙തൈര് നന്നായി അടിച്ച് മസ്റ്റേർഡ് പൗഡറും പച്ചമുളകും ഉപ്പും ചേർത്തു യോജിപ്പിക്കുക.
∙ഇതിൽ വഴുതനങ്ങക്കഷണങ്ങൾ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കണം.
∙മല്ലിയില കൊണ്ട് അലങ്കരിച്ചു വിളമ്പാം.

വഴുതനങ്ങ ബജി
1. വഴുതനങ്ങ– 250 ഗ്രാം
2. കടലമാവ് – 1 കപ്പ്
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
മുളകുപൊടി – 2 ടീസ്പൂൺ
ഉപ്പ് – പാകത്തിന്
3. വെള്ളം – പാകത്തിന്
4. ചൂടുള്ള എണ്ണ– അൽപം
5. എണ്ണ– വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം
∙വഴുതനങ്ങ വട്ടത്തിൽ കനം കുറച്ച് അരിഞ്ഞു വയ്ക്കുക.
∙കടലമാവ്, മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ് എന്നിവ ചേരുവ യോജിപ്പിച്ച് അൽപാൽപം വെള്ളം ചേർത്തു കട്ടിയുള്ള മാവു തയാറാക്കി വയ്ക്കണം.
∙ഇതിൽ ചൂടുള്ള എണ്ണ ചേർത്തു യോജിപ്പിക്കുക.
∙വഴുതനങ്ങാക്കഷണങ്ങൾ മാവിൽ മുക്കി ചൂടായ എണ്ണയിൽ വറുത്തു കോരണം.
∙ഗ്രീൻ ചട്നിക്കോ ടുമാറ്റോ കെച്ചപ്പിനോ ഒപ്പം വിളമ്പാം.

English Summary: Surprising Health Benefits of Eggplant

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
FROM ONMANORAMA