ADVERTISEMENT

കോഴിമുട്ടയുടെ അഞ്ചിലൊന്ന് വലിപ്പമേ ഉള്ളെങ്കിലും പോഷക ഗുണങ്ങളിൽ ഒരു പടി മുന്നിലാണ് കാടമുട്ട. 100 ഗ്രാം കോഴിമുട്ടയുടെയും കാട മുട്ടയുടെയും ഗുണങ്ങൾ തട്ടിച്ചു നോക്കുമ്പോൾ മാംസ്യത്തിന്റെയും കൊഴുപ്പിന്റെയും കാര്യത്തിൽ വലിയ വ്യത്യാസങ്ങളില്ലെങ്കിലും ഇരുമ്പിന്റെ അംശവും  വൈറ്റമിൻ B2 (റൈബോഫ്‌ളാവിൻ) എന്നിവ ഏതാണ്ട് ഇരട്ടിയോളമുണ്ട് കാടമുട്ടയിൽ. വൈറ്റമിൻ B12 (സയനോകോബാലമിൻ) ന്റെ അളവും താരതമന്യേ കൂടുതലുള്ള കാട മുട്ടയിൽ കോളിന്റെ അളവ്  കോഴിമുട്ടയേക്കാൾ കുറവാണ്. പോഷകഗുണമുള്ള കാട മുട്ടകൾ പുഴുങ്ങിയും  സലാഡ് ആയും കറി വച്ചുമൊക്കെ  ഉപയോഗിച്ച് വരുന്നുണ്ട്. വിവിധതരം അച്ചാറുകൾ കൂട്ടി ചോറുണ്ണാൻ താൽപര്യപ്പെടുന്ന മലയാളിക്ക് പോഷക ഗുണമുള്ള കാടമുട്ട അച്ചാറും ഒന്ന് പരീക്ഷിച്ചു നോക്കാവുന്നതാണ്.

കാടമുട്ട അച്ചാറുണ്ടാക്കാൻ വേണ്ട ചേരുവകൾ:

  • നന്നായി പുഴുങ്ങി തോട് കളഞ്ഞ കാട മുട്ട - 25 എണ്ണം 
  • നല്ലെണ്ണ - 3 ടീ സ്പൂൺ 
  • കടുക് - അര ടീ സ്പൂൺ 
  • മുളക്പൊടി - 2 ടീ സ്പൂൺ 
  • മല്ലിപ്പൊടി - 1 ടീ സ്പൂൺ 
  • മഞ്ഞൾപ്പൊടി - കാൽ ടീ സ്പൂൺ 
  • കായപ്പൊടി - കാൽ ടീ സ്പൂൺ 
  • ഇഞ്ചി,  വെളുത്തുള്ളി പേസ്റ്റാക്കിയത്-ഓരോ ടീ സ്പൂൺ 
  • ഉപ്പ് -ആവശ്യത്തിന് 
  • വിനാഗിരി-1 ടീ സ്പൂൺ 
  • കറിവേപ്പില- ഒരു തണ്ട് 
  • ചെറുതായി പൊട്ടിച്ചെടുത്ത വറ്റൽ മുളക് -3 എണ്ണം 

തയാറാക്കുന്ന വിധം:

ചീന ചട്ടിയിലോ,  മൺ ചട്ടിയിലോ 3 ടീ സ്പൂൺ നല്ലെണ്ണയൊഴിച്ച് നന്നായി ചൂടാക്കിയ ശേഷം കടുക് പൊട്ടിച്ച്, കറിവേപ്പില,  വറ്റൽ മുളക് എന്നിവ ചേർത്ത് നന്നായി ഇളക്കുക.തുടർന്ന് ഇഞ്ചി,  വെളുത്തുള്ളി എന്നിവ  പേസ്റ്റാക്കിയത് ചീനച്ചട്ടിയിലിട്ട ശേഷം  മുളകുപൊടി,  മല്ലിപ്പൊടി,  മഞ്ഞൾപ്പൊടി,  കായപ്പൊടി, ഉപ്പ്  എന്നിവ ചേർത്ത് നന്നായി ഇളക്കണം. തീ കുറച്ചു വച്ച ശേഷം പച്ചക്കുത്ത് മാറുന്നത് വരെ നന്നായി വീണ്ടും  ഇളക്കണം. ഈ കൂട്ടിലേക്ക് പുഴുങ്ങിയ മുട്ട ചേർത്ത് നന്നായി യോജിപ്പിക്കുക. ഗ്രേവി ആവശ്യമുള്ളവർക്ക് അല്പം ചൂടുവെള്ളം കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്ത് എടുക്കാം. ഇനി തീയണച്ച്  അര മണിക്കൂറോളം മൂടി വയ്ക്കണം. തുടർന്ന് ചൂട് മാറിയ ശേഷം ഈർപ്പമില്ലാത്ത ഒരു ചില്ലു കുപ്പിയിൽ ഒരു സ്പൂൺ വിനാഗിരി മുകളിൽ തൂവി  അടച്ചു വച്ചു സൂക്ഷിക്കാം. അച്ചാർ ഉണ്ടാക്കിയ ദിവസം തന്നെ ഉപയോഗിക്കാമെങ്കിലും ഒരു ദിവസം അടച്ചു സൂക്ഷിച്ച ശേഷം ഉപയോഗിക്കുമ്പോൾ സ്വാദേറും.ഒരു തവണ തുറന്ന് ഉപയോഗിച്ച ശേഷം വീണ്ടും  ഉപയോഗിക്കാനായി ഫ്രിജിൽ സൂക്ഷിക്കാം.

എന്നാപ്പിന്നെ ഒന്ന് ട്രൈ ചെയ്ത് നോക്കാം അല്ലെ??

English Summary: Quail Egg Pickle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com