ദിവ്യ ഔഷധം ഈ കർക്കടക കഞ്ഞി, ഭക്ഷണമാണ്; മരുന്നുമാണ്

Karkidaka Kanji Recipe
SHARE

കഞ്ഞിയെന്നു കേട്ടാൽ പുതിയ തലമുറയ്‌ക്കു രുചിക്കില്ല. പക്ഷേ, കർക്കടക മാസത്തിൽ കഞ്ഞിക്ക് ഒരു രാജകീയ ഭക്ഷണത്തിന്റെ ചേലാണ്. കഞ്ഞി കുടിക്കാത്തവരെ അതു കുടിക്കാനായി അമ്മമാർ ബോധവൽക്കരണം വരെ നടത്തുന്ന മാസം. വെറും കഞ്ഞിയല്ല, മരുന്നുകഞ്ഞിയുടെ കാര്യമാണു പറഞ്ഞത്.

സർവരോഗ മാസമാണ് കർക്കടകം. പൊതുവേ അഗ്നിബലം കുറഞ്ഞും ത്രിദോഷങ്ങൾക്കു വ്യതിയാനം സംഭവിച്ചും വർഷക്കാലത്തു ശരീരം തീരെ ദുർബലമാകുന്നു. രോഗങ്ങൾ പിടിപെടാൻ കൂടുതൽ സാധ്യതയുള്ള സമയം. അതിനാൽ ഔഷധസേവ ഒഴിച്ചുനിർത്തരുതെന്നാണ് പഴമക്കാർ പറയുന്നത്. മഴയ്‌ക്കും മറ്റും ശേഷം നാട്ടിൽ ജനങ്ങൾ ദുരിതത്തിലാകുന്നതുകൊണ്ടാണ് കർക്കടക മാസത്തെ പഞ്ഞമാസമെന്നു പറയുന്നത്. 

ഇല്ലെങ്കിലും ഉണ്ടെങ്കിലും ഒരൽപം മരുന്നുകഞ്ഞി കുടിച്ചതുകൊണ്ട് ഒരു ദോഷവും വരാനില്ല. കർക്കടകക്കഞ്ഞി ഭക്ഷണമാണ്; മരുന്നുമാണ്. കർക്കടക മാസത്തിൽ കുറഞ്ഞത് ഏഴു ദിവസമെങ്കിലും മരുന്നുകഞ്ഞി സേവിക്കണമെന്നാണ് ആയുർവേദ വിദഗ്‌ധർ പറയുന്നത്. രാവിലെയോ രാത്രിയോ ആണ് കഞ്ഞി കുടിക്കാൻ പറ്റിയ സമയം. മരുന്നുകഞ്ഞി ഉപയോഗിക്കുന്ന സമയത്ത് ആഹാരസംബന്ധിയായ കൃത്യമായ നിഷ്‌ഠകൾ ആവശ്യമാണ്. മൽസ്യമാംസാദികൾ ഉപേക്ഷിക്കണം. പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങളും അരുത്. മരുന്നുകഞ്ഞി കുടിച്ചുതുടങ്ങുന്നതിനു മൂന്നു ദിവസം മുൻപും മൂന്നു ദിവസം ശേഷവും ഈ നിഷ്‌ഠകൾ അനുഷ്‌ഠിക്കേണ്ടതാണ്.

വാതരോഗങ്ങൾക്കും പിത്താശയ രോഗങ്ങൾക്കും ഗർഭാശയ രോഗങ്ങൾക്കും ആർത്തവസംബന്ധമായ അസ്വസ്‌ഥതകൾക്കും ആയുർവേദം വിധിക്കുന്ന കർക്കടക ഔഷധമാണ് ഉലുവാക്കഞ്ഞി.

ഔഷധക്കഞ്ഞി ഉണ്ടാക്കേണ്ട വിധം:

ആവശ്യമായ സാധനങ്ങൾ

1. ചെറുപനച്ചി (അരച്ചത്)
2. കുടങ്ങൽ (ചതച്ചത്)
3. തൊട്ടാവാടി (അരച്ചത്)
4. ചങ്ങലംപരണ്ട, ചുവന്നുള്ളി (ഒരുമിച്ചു കിഴി കെട്ടി ഇടാം)
5. ഉണക്കലരി

തയാറാക്കുന്ന വിധം

ഒന്നു മുതൽ നാലു വരെ പറഞ്ഞ ഔഷധങ്ങൾ വെള്ളത്തിലിട്ടു തിളപ്പിക്കുക. ആ വെള്ളം പകുതിയാക്കി വറ്റിച്ച് ഉണക്കലരിയിട്ടു വേവിച്ചെടുക്കുക. രാവിലെയാണ് ഔഷധക്കഞ്ഞി കുടിക്കാൻ പറ്റിയത്. ഉപ്പും നെയ്യും ഉപയോഗിക്കാവുന്നതാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ ഔഷധക്കഞ്ഞിയാണ് മരുന്നുകഞ്ഞിയായി ഉപയോഗിക്കുന്നത്. ദേശങ്ങളുടെ വ്യത്യാസം അനുസരിച്ചു ചേരുവകളിലും തയാറാക്കുന്ന വിധത്തിലും നേരിയ വ്യത്യാസങ്ങളുണ്ടാവും. ഈ ചേരുവകളിൽ നിന്നു വളരെ വ്യത്യാസം മറ്റു ചില ഔഷധക്കഞ്ഞികളിൽ കാണാം.

ഉലുവാക്കഞ്ഞി ഉണ്ടാക്കുന്ന വിധം:

ആവശ്യമായ സാധനങ്ങൾ

1. കുതിർത്ത ഉലുവ പകുതി അരച്ചത്
2. ജീരകം, ചുക്ക്, വരട്ടുമഞ്ഞൾ, വെളുത്തുള്ളി, അയമോദകം, കുരുമുളക് എന്നിവ നാളികേരം കൂട്ടി അരച്ചെടുത്തത്
3. പൊടിയരി

തയാറാക്കുന്ന വിധം:

നാളികേരവും സുഗന്ധദ്രവ്യങ്ങളും ചേർത്തു ചതച്ചെടുത്ത ഔഷധമിശ്രിതത്തിന്റെ നാലിരട്ടി പൊടിയരിയും എട്ടിരട്ടി വെള്ളവും എടുക്കുക. വെള്ളം തിളപ്പിച്ചു മിശ്രിതങ്ങളിടുക. അതിനു ശേഷം ഏകദേശം വെന്തുവരുമ്പോൾ അരിയിടുക. നന്നായി വേവിച്ച് ഉപ്പും നെയ്യും കൂട്ടി ഉപയോഗിക്കാം. ഉലുവാക്കഞ്ഞി രാവിലെ കുടിക്കുകയാണ് ഉത്തമം.

English Summary : Monsoon Special food recipe from Kerala 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA