പർദ്ദ ബിരിയാണി, ലുക്ക് പോലെ തന്നെ രുചിയും വ്യത്യസ്തം

parda-biryani-845
SHARE

തലശ്ശേരി ബിരിയാണി, തലപ്പക്കട്ടി ബിരിയാണി കോഴിക്കോടൻ ബിരിയാണി... അങ്ങനെ ബിരിയാണി പലവിധം നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ പർദ്ദ ബിരിയാണി എന്നൊരു ഐറ്റം ഭൂരിഭാഗം ആളുകൾക്കും പുത്തൻ അറിവായിരിക്കും. എന്താണ് സംഭവം എന്നറിയാൻ ഒന്ന് ഗൂഗിൾ ചെയ്താലോ... ആഹാ എപ്പോൾ കിളി പോയി എന്ന് ചോദിച്ചാൽ മതി. കാരണം പൂരിയുടെ ഉള്ളിൽ നിന്നും പുറത്തേക്ക് ചാടുന്ന രീതിയിലുള്ള പർദ്ദ ബിരിയാണിയുടെ ചിത്രങ്ങൾ കണ്ടിട്ട് ബിരിയാണി എങ്ങനെ പൂരിയുടെ ഉള്ളിൽ കയറ്റി എന്ന് ചിന്തിക്കുന്നവർ ധാരാളമാണ്.ഒരു മറയ്ക്കുള്ളിൽ ഉള്ള ബിരിയാണി. അതുകൊണ്ടാണ് അതിനെ പർദ്ദ ബിരിയാണി എന്ന് വിളിക്കുന്നത്.  ചിന്തിച്ചു തല പുകക്കേണ്ട കാര്യമില്ല. കാഴ്ചയിൽ അല്പം കോംപ്ലിക്കേറ്റഡ് ആണെങ്കിലും മേക്കിംഗിൽ ഈസിയാണ് മറുനാടൻ സ്റ്റൈലിലുള്ള പർദ്ദ ബിരിയാണി. 

ആവശ്യമായ സാധനങ്ങൾ 

 • ബസ്മതി അരി - 3/4 കിലോഗ്രാം
 • ചിക്കൻ - 1 കിലോഗ്രാം
 • ഇഞ്ചി - 1 വലിയ കഷണം 
 • വെളുത്തുള്ളി - 8 അല്ലി 
 • മുളക് - 4
 • മല്ലി ഇല & പുതിന ഇല(അരിഞ്ഞത്) - 1/2 കപ്പ്
 • സവാള (നീളത്തിൽ അരിഞ്ഞത് )- 5-6
 • സവാള (നീളത്തിൽ അരിഞ്ഞത് )- 5 എണ്ണം(വറുക്കാൻ )
 • ചെറിയ ഉള്ളി - 20
 • തക്കാളി - 2
 • മുളക് പൊടി - 1 1/2 ടീസ്പൂൺ
 • മഞ്ഞൾ പൊടി - 1/2 ടീസ്പൂൺ
 • കുരുമുളക് പൊടി - 1/2 ടീസ്പൂൺ
 • ഗരം മസാല - 1 1/2 ടീസ്പൂൺ
 • തൈര് - 2 ടേബിൾസ്പൂൺ
 • നാരങ്ങ നീര് - 1 ടീസ്പൂൺ
 • പൈനാപ്പിൾ(അരിഞ്ഞത്) - 1/4 കപ്പ്
 • ഉപ്പ് - ആവശ്യത്തിന് 
 • നെയ്യ് 
 • എണ്ണ
 • മഞ്ഞ ഫുഡ്‌ കളർ  - 1 നുള്ള്
 • പൈനാപ്പിൾ എസൻസ് 
 • അണ്ടി പരിപ്പ് - ഒരു പിടി 
 • ഉണക്ക മുന്തിരി - ഒരു പിടി 
 • കറുവാപട്ട - 4 കഷ്ണം
 • ഗ്രാമ്പു - 5
 • ഏലയ്ക്ക - 10 എണ്ണം

മാരിനേറ്റ് ചെയ്യുന്നതിനായി 

 • മുളകുപൊടി - 1 ടീസ്പൂൺ
 • മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
 • മുട്ട - 1
 • തൈര് - 1 ടേബിൾ സ്പൂൺ
 • ഗരം മസാല - 1 ടീസ്പൂൺ
 • ഉപ്പ് – ആവശ്യത്തിന് 

പുറം ഭാഗമുണ്ടാക്കാൻ 

 • മൈദ  - 2 കപ്പ്
 • പഞ്ചസാര - 1 ടീസ്പൂൺ
 • യീസ്റ്റ് - 1 ടീസ്പൂൺ
 • എണ്ണ - 1 ടീസ്പൂൺ
 • ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ആദ്യം  അര ഗ്ലാസ് ചൂട് വെള്ളത്തിൽ 1 സ്പൂൺ യീസ്റ്റും ഒരു സ്പൂൺ പഞ്ചസാരയും ചേർത്ത് നന്നായി ഇളക്കി ഒരു 5  മിനിറ്റ്  മാറ്റി വയ്ക്കുക. ഇനി മൈദ എടുത്ത് ഉപ്പും ചേർത്ത്,  യീസ്റ്റ് കലക്കി വച്ച വെള്ളം ഒഴിച്ച് കുറേശ്ശേ ചൂട് വെള്ളം ചേർത്ത് നന്നായി കുഴച്ചെടുക്കുക. ഒരു സ്പൂൺ എണ്ണയും ചേർക്കുക. ചപ്പാത്തിക്ക്‌ കുഴക്കുന്നതിനേക്കാൾ സോഫ്റ്റ് ആയി നന്നായി കുഴച്ചെടുക്കുക. ഇനി ഒരു ബൗൾ എടുത്ത് ഉള്ളിൽ എണ്ണ തേക്കുക, എന്നിട്ട് കുഴച്ച് വച്ച മാവ് അതിൽ അടച്ച് വയ്ക്കുക. കുറഞ്ഞത് 1 മണിക്കൂർ എങ്കിലും വയ്ക്കണം. 

ഇനി നമുക്ക് ബിരിയാണി തയാറാക്കാം. അതിനായി ആദ്യം ചിക്കൻ മാരിനേറ്റ് ചെയ്ത് വയ്ക്കാം.അതിനായി മുകളിൽ പറഞ്ഞ പൊടികൾ എല്ലാം നന്നായി മിക്സ്  ചെയ്ത് ചിക്കൻ കഷ്ണങ്ങളിൽ തേച്ചു പിടിപ്പിച്ചു ഫ്രിജിൽ വയ്ക്കുക. ചുരുങ്ങിയത് 20 മിനിറ്റ് എങ്കിലും വയ്ക്കണം.

ബസ്മതി റൈസ് നന്നായി കഴുകി 20  മിനിറ്റ്  കുതിർക്കാൻ വയ്ക്കുക. എന്നിട്ട് പട്ട, ഏലയ്ക്ക, ഗ്രാമ്പു, ഉപ്പ് എന്നിവ ചേർത്ത് ഒരു മുക്കാൽ വേവിൽ  വേവിച്ച് എടുക്കുക. നാരങ്ങാ നീരും നെയ്യും അവസാനം ചേർക്കുക. ഇത് ചോറ് തമ്മിൽ ഒട്ടാതിരിക്കാൻ വേണ്ടിയാണ്, ശേഷം  ചോറ് വാർത്ത് വയ്ക്കുക. 

ഇനി അരിഞ്ഞു വച്ച സവാളയും അണ്ടി പരിപ്പും കിസ്മിസും വറുത്ത് മാറ്റി വയ്ക്കുക. ഇനി  ഫ്രിജിൽ വച്ച് മാരിനേറ്റ്  ചെയ്ത ചിക്കൻ വറുത്ത് എടുക്കാം.

ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ചെറിയ ഉള്ളിയും പുതിന ഇലയും മല്ലിയിലയും കൂടെ ഒന്ന് ചതച്ചെടുക്കുക. ഇനി ഒരു വലിയ പാൻ  ചൂടാക്കി എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചതച്ചെടുത്ത ഈ മിശ്രിതം ബ്രൗൺ നിറം ആകുന്നത് വരെ ഇളക്കുക. പിന്നെ നീളത്തിൽ അരിഞ്ഞ സവാള ചേർത്തു വഴറ്റുക.നന്നായി വഴറ്റി കഴിഞ്ഞാൽ പൊടികൾ ചേർക്കാം. മുളകുപൊടി, മഞ്ഞൾപ്പൊടി, ഗരം മസാല എന്നിവ ചേർത്ത് ഇളക്കുക. പച്ച മണം മാറിയതിനു ശേഷം, തക്കാളി അരിഞ്ഞു ചേർക്കണം. എന്നിട്ട് നന്നായി വീണ്ടും വഴറ്റുക. ഇനി തൈര് ചേർത്ത് ഇളക്കുക. പൈനാപ്പിൾ അരിഞ്ഞ് വച്ചതും ചേർക്കുക. ഇനി നമുക്കു ഫ്രൈ ചെയ്തു വച്ച ചിക്കൻ ചേർക്കാം. ഒരൽപം ചൂട് വെള്ളം  ചേർത്ത് ചിക്കൻ സോഫ്റ്റ് ആകുന്നത് വരെ പാചകം ചെയ്യാം. അങ്ങനെ ബിരിയാണി മസാല തയാർ.

ഇനി നമുക്കു പർദ്ദ ബിരിയാണി തയാറാക്കാം. അതിനായി കുഴി ഉള്ള ഒരു പരന്ന പാത്രം എടുക്കുക. എന്നിട്ട് നേരത്തെ കുഴച്ച് വച്ച മൈദ എടുത്ത് നന്നായി പരത്തി എടുക്കുക, എടുത്ത് വച്ച പാത്രത്തിന്റെ വലിപ്പം അനുസരിച്ചു വേണം പരത്താൻ. അതിൽ ബിരിയാണി റൈസ് ഇടുക. ഈ മൈദാ മിശ്രിതം കൊണ്ട് തന്നെ അത്  വക്കാൻ ഉള്ളതാണ്.അതിനാണ് പർദ്ദ ബിരിയാണി എന്ന് പറയുന്നത്. ഒരു മറയ്ക്കുള്ളിൽ ഉള്ള ബിരിയാണി. അതുകൊണ്ടാണ് അതിനെ പർദ്ദ ബിരിയാണി എന്ന് ചിലർ വിളിക്കുന്നത്. 

അപ്പോൾ കുഴച്ചു വച്ച മാവ് എടുക്കാം, അത് നന്നായി പൊങ്ങി വന്നിട്ടുണ്ടാകും.ഇനി നമുക്കു അത് അല്പം മൈദ പൊടി ചേർത്തു നന്നായി പരത്തി എടുക്കണം.ഇനി നമുക്കു കുഴി ഉള്ള പാനിൽ നെയ്‌ , അല്ലെങ്കിൽ എണ്ണ തേയ്ക്കുക, എന്നിട്ട് അല്പം എള്ള് വിതറുക.ഇനി നമുക്കു പരത്തി വച്ച മൈദ എടുത്ത് നന്നായി ഇറക്കി വക്കുക.അതിലേക്കു ഇനി നമുക്കു ദം ഇടാം.ആദ്യം കുറച്ചു ചോർ ഇടുക, പിന്നെ  ചിക്കനും മസാലയും വറുത്ത അണ്ടി പരപ്പും കിസ്മിസും മല്ലി യിലയും ചേർക്കുക. പിന്നെയും ഇതുപോലെ തന്നെ ആവർത്തിക്കുക. ചോറും  ചിക്കൻ മസാലയും ലയർ പോലെയായിരിക്കും.

അൽപം മഞ്ഞ ഫുഡ്‌ കളർ  കുറച്ച് വെള്ളത്തിൽ കലക്കി തളിക്കുക.പൈനാപ്പിൾ എസൻസും ചേർക്കുക. അല്പം നെയ്യും വേണമെങ്കിൽ ചേർക്കാം.ഇനി ആ മൈദ വച്ചു നല്ലതുപോലെ മൂടുക.ഇനി അടുപ്പത്തു കുറഞ്ഞ തീയിൽ 10 മിനിറ്റ് അടച്ചു വച്ചു ചൂടാക്കുക. 10 മിനിറ്റഅ കഴിഞ്ഞ് മറ്റൊരു പാൻ  എടുത്ത് അതിലേക് മറിച്ചു ഇട്ട്, ഒരു 10  മിനിറ്റ്  കൂടെ ചെറിയ തീയിൽ ചൂടാക്കുക. വേണമെങ്കിൽ അല്പം വെണ്ണ പുറത്ത് തേച്ചു  കൊടുത്താൽ ഒരു തിളക്കം  കിട്ടും. ഇപ്പോൾ നമ്മുടെ പർദ്ദ ബിരിയാണി തയാറായി. ഇനി നമുക്ക് ഒരു പ്ലേറ്റിലേക്ക് മാറ്റി ഒരു കത്തി എടുത്ത് കേക്ക് സ്ലൈസ് ആക്കി  മുറിക്കുന്നത് പോലെ പുറം കവർ മാത്രം മുറിക്കുക, ഉള്ളിലേക്ക് കത്തി ഇറക്കണമെന്നില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA