ADVERTISEMENT

തിളച്ച വെള്ളത്തിൽ ചായപ്പൊടിയിട്ട് പിന്നെയും അഞ്ചു മിനിറ്റ് തിളപ്പിച്ചിട്ടല്ലേ നമ്മളൊക്കെ ചായയുണ്ടാക്കുക. കടുപ്പം കൂടുമായിരിക്കും. പക്ഷേ, രുചിയും മണവും ഗുണവും കുറയും. തിളച്ച വെള്ളത്തിൽ ചായപ്പൊടി ഇട്ട് തീയണച്ച് ചായപ്പാത്രം അഞ്ചു മിനിറ്റ് മൂടി വയ്‌ക്കുക. അൽപാൽപമായി കടുപ്പം അരിച്ചിറങ്ങി കിട്ടുന്ന ഇതിലാണ് ഇനി പാൽ ഉൾപ്പെടെയുള്ള മറ്റു കൂട്ടുകളൊക്കെ ചേർക്കേണ്ടത്. ചായയ്‌ക്കായി എടുക്കുന്ന വെള്ളവും തേയിലപ്പൊടിയുടെ അളവും അനുപാതത്തിലായാൽ മാത്രമേ ചായ സൂപ്പറാകൂ.

200 മില്ലിഗ്രാം വെള്ളത്തിനു 5.2 ഗ്രാം ചായപ്പൊടി എന്നതാണ് ശരിയായ കണക്ക്. കടുപ്പം കൂട്ടുന്നതും കുറയ്‌ക്കുന്നതും അനുസരിച്ച് അളവിൽ വ്യത്യാസം വരാം. പാലൊഴിച്ച് ഒരുമിച്ച് ചായ തിളപ്പിക്കരുത്. തിളച്ച വെള്ളത്തിൽ തേയില ഇട്ട ശേഷം വെള്ളം വീണ്ടും തിളപ്പിച്ചാൽ ഇലയുടെ ചവർപ്പുള്ള ചായയാണ് ലഭിക്കുക. കട്ടൻ ചായ ഊറ്റിയെടുത്ത ശേഷം അതിൽ പാൽ ചേർക്കുമ്പോൾ പാൽപ്പാട വീഴാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇല്ലെങ്കിൽ ചായയ്‌ക്ക് വെണ്ണയുടെ രുചിയാണുണ്ടാകുക.

പാൽ തിളപ്പിച്ച ഉടൻ കട്ടൻചായയിൽ ചേർക്കണം. ഇല്ലെങ്കിൽ സ്വാദിൽ വ്യത്യാസമുണ്ടാകും. ഇതിനു ശേഷമേ മധുരം ചേർക്കാവൂ. നാരങ്ങ, പുതിനയില, പാൽപ്പാട അടിച്ചെടുത്ത ക്രീം തുടങ്ങി ചായയെ വ്യത്യസ്‌തമാക്കാൻ കൂട്ടുകൾ അനവധി. നാരങ്ങയും പുതിനയിലയുമൊക്കെ ദഹനം എളുപ്പമാക്കും. ഉദരസംബന്ധമായ പ്രശ്‌നങ്ങൾ ഇല്ലാതാക്കും. ഉണർവും ഉന്മേഷവും പ്രദാനം ചെയ്യുകയും ചെയ്യും.

 

ചായയിലെ വൈവിധ്യം

മസാല ടീ

  • ചായപ്പൊടി - ഒരു സ്‌പൂൺ
  • പാൽ - അര ഗ്ലാസ്
  • ഏലക്ക, കറുവാപ്പട്ട, ഗ്രാമ്പു, ജാതിപത്രി എന്നിവ ചേർത്തു പൊടിച്ചെടുത്ത ഗരം മസാല കാൽ ടീസ്‌പൂൺ
  • പഞ്ചസാര പാകത്തിന്

ഒരു കപ്പ് വെള്ളം തിളപ്പിച്ച് അതിൽ ചായപ്പൊടിയിട്ട് അഞ്ചു മിനിറ്റ് അടച്ചു വയ്‌ക്കുക. അരിച്ചെടുത്ത ചായയിൽ തിളപ്പിച്ച പാലും ഗരംമസാലയും ചേർത്ത് നന്നായി പതപ്പിച്ച് ആറ്റിയെടുക്കുക.

ലെമൺ ടീ

  • ചായപ്പൊടി ഒരു സ്‌പൂൺ
  • നാരങ്ങാ നീര് ഒരു സ്‌പൂൺ
  • പുതിനയില 10 എണ്ണം
  • പഞ്ചസാര ഒരു സ്‌പൂൺ

ഒരു കപ്പ് തിളച്ച വെള്ളത്തിൽ ചായപ്പൊടിയും പുതിനയിലയും ചേർത്ത് അടച്ചു വയ്‌ക്കുക. ഇത് അരിച്ചെടുത്ത് നാരങ്ങാ നീരും പഞ്ചസാരയും ചേർത്തു ചൂടോടെ ഉപയോഗിക്കുക.

English Summary : Tips For Making Perfect Cup of Tea

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com