ADVERTISEMENT

രുചിക്കൂട്ടുകളിലെ തമ്പുരാക്കന്മാർ നീണാൾ വാഴുന്ന നാടാണ് കണ്ണൂർ. നാവിൽ അലിഞ്ഞ് ചേരുന്ന കേക്ക് മുതൽ ചെമ്പ് പൊട്ടിക്കുമ്പോൾ വായിൽ വെള്ളമൂറിപ്പിക്കുന്ന തലശ്ശേരി ദം ബിരിയാണി അടക്കമുള്ളവ കണ്ണൂർ കേരളത്തിനു നൽകിയ സമ്മാനമാണ്. ഇനി ആ സമ്മാനങ്ങളുടെ കൂട്ടത്തിൽ രണ്ട് പേരുകൾ കൂടി ചേർക്കാം. കണ്ണൂരിന്റെ സ്വന്തം കോക്ക്ടെയിലും കടി ഷേയ്ക്കും. പേര് കേൾക്കുമ്പോൾ തോന്നുന്ന ആ ജിജ്ഞാസ ചേരുവകൾ കേൾക്കുമ്പോൾ അങ്ങ് മുങ്ങിപോയ്ക്കൊള്ളും. 

shake

കോക്ക്ടെയിൽ എന്നാണ് പേരെങ്കിലും സംഭവമൊരു മോക്ക്ടെയിലാണ്. പാലും പപ്പായയും മാതള അല്ലികളും ഡ്രൈ ഫ്രൂട്സുമൊക്കെ ചേർന്ന കോക്ക്ടെയിൽ നാവിൽ രുചിമേളം തീർക്കുമെന്നുറപ്പാണ്. പണ്ട് കണ്ണൂരു മാത്രം കിട്ടിയിരുന്ന ആശാനെ ഇപ്പോൾ ‘കണ്ണൂർ സ്പെഷൽ കോക്ക്ടെയിൽ’ എന്ന പേരിൽ മറ്റു ജില്ലക്കാരും ഏറ്റെടുത്തിട്ടുണ്ട്. കടി ഷേയ്ക്കിനും ആരാധകരേറെയാണ്. ഷേയ്ക്കിനുള്ളിൽ വിവിധ ഡ്രൈ ഫ്രൂട്സുകൾ കടിക്കാൻ കിട്ടുന്നത് കൊണ്ടാണ് ‘കടി ഷേയ്ക്ക്’ എന്ന് പേര് കിട്ടിയതെന്നു പറയപ്പെടുന്നു. കണ്ണൂർ വഴി കടന്നുപോയാൽ ഇവ രണ്ടും ഒന്ന് ട്രൈ ചെയ്തു നോക്കണം. ഇനി വീട്ടിലൊന്നു ട്രൈ ചെയ്തു നോക്കണമെന്ന് ആഗ്രഹിക്കുന്നവർക്കായി ചേരുവകൾ ഇപ്രകാരം:

kannur-cocktail6

 

കോക്ക്ടെയിൽ

ചേരുവകൾ

  • കാരറ്റ്– 3 എണ്ണം
  • പപ്പായ(പഴുത്തത്)– ചെറിയ പീസ്
  • പാൽ(കട്ടയാക്കിയത്)– 500 മില്ലിലിറ്റർ
  • വാനില ഐസ്ക്രീം– 3 സ്കൂപ്പ്
  • മാതള അല്ലി– ആവശ്യത്തിന്
  • പഞ്ചസാര– ആവശ്യത്തിന്
  • കശുവണ്ടി– ഒരു പിടി
  • ബദാം– ഒരു പിടി

തയാറാക്കുന്ന വിധം

കാരറ്റ് തൊലി കളഞ്ഞ് ഇടത്തരം പീസുകളാക്കി വേവിക്കുക. തണുത്തതിനു ശേഷം മിക്സിയിൽ വേവിച്ച കാരറ്റും പഴുത്ത പപ്പായയുടെ ഒരു ഇടത്തരം കഷ്ണവും വാനില ഐസ്ക്രീമും കട്ടയാക്കിയ പാലും ചേർത്തു നന്നായി അടിച്ചെടുക്കുക. ശേഷം ഇതിലേക്ക് ആവശ്യാനുസരം മാതള അല്ലിയും കശുവണ്ടിയും ബദാമും ചേർത്ത് ഇളക്കുക. ശേഷം ഗ്ലാസുകളിൽ വിളമ്പുക.

kannur-cocktail5

കടി ഷേയ്ക്ക്

  • പാൽ(കട്ടയാക്കിയത്)– 500 മില്ലി ലിറ്റർ
  • തണുത്ത പാൽ– അര കപ്പ്
  • വാനില ഐസ്ക്രീം– 3 സ്കൂപ്പ്
  • പിസ്ത, ബദം, കശുവണ്ടി(ചെറുതായി ക്രഷ് ചെയ്തത്) – ഒരു കപ്പ്
  • പഞ്ചസാര – ആവശ്യത്തിന്

തയാറാക്കുന്ന വിധം

കട്ടയാക്കിയ പാലും തണുത്ത പാലും ഐസ്ക്രീമും പഞ്ചസാരയും ചേർത്ത് നന്നായി അടിച്ചെടുക്കുക. ഇതിനുള്ളിലേക്ക് ക്രഷ് ചെയ്തു വച്ചിരിക്കുന്ന ഡ്രൈ ഫ്രൂട്സിന്റെ മിശ്രിതം ചേർക്കുക.

English Summary : Kannur Cocktail and Kannur special drink Recipe

kannur-cocktail-02
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com