തണുത്തൊരു കോക്ക്ടെയിൽ രുചിച്ച് ഇഷ്ടം തുറന്നുപറഞ്ഞാലോ?

HIGHLIGHTS
  • പ്രണയ ദിനത്തിന്റെ തീവ്രത ശരിക്കുമറിയുക ഇഷ്ടം തുറന്നുപറയാനാവാതെ നടക്കുന്നവരാണ്
  • ഏതു കഠിനഹൃദയനെയും ഹൃദയയെയും തരളിതമാക്കുന്ന പ്രണയത്തിന്റെ രണ്ട് രുചിക്കൂട്ട്
drinks-valentines-day
Image Credit : Anastasiya Kargapolova / Shutterstock.com
SHARE

ഉള്ളിലാളുന്ന കവിത പോലെയാണ് പ്രണയം. മനസ്സിൽ നീറ്റലായി പടരുന്ന പ്രണയം. പാതി പറഞ്ഞതും പറയാതെ പോയതുമായ പ്രണയം. പ്രണയിച്ചുനടക്കുന്ന ഇണക്കുരുവികൾക്ക് വാലന്റൈൻസ് ഡേ ആഘോഷിച്ചാഘോഷിച്ചു തേഞ്ഞുതീർന്നതാവാം. പക്ഷേ, പ്രണയ ദിനത്തിന്റെ തീവ്രത ശരിക്കുമറിയുക ഇഷ്ടം തുറന്നുപറയാനാവാതെ നടക്കുന്നവരാണ്.

മുനിഞ്ഞുപെയ്യുന്ന നിലാവുപോലെ പ്രണയം. തൊട്ടറിയാവുന്നത്. പക്ഷേ അറിഞ്ഞിട്ടും അറിയാത്തതായി ഭാവിക്കുന്നവർ. അവർക്ക് തങ്ങളുടെ പ്രണയം തുറന്നു പറയാനുള്ള ദിവസം. ആ പ്രണയം സ്വീകരിക്കപ്പെടുമോ നിരാകരിക്കപ്പെടുമോ എന്ന ആശങ്ക. മനസ്സ് ഭൂമിയിൽനിന്ന് ഉയരുകയും വായുവിൽ പിടികിട്ടാതെ ഒഴുകി നടക്കുകയും ചെയ്യുന്ന അവസ്ഥ.

അപ്പോൾ വാലന്റൈൻസ് കേക്ക് മുറിക്കാനോ ചോക്കലേറ്റ് പങ്കുവയ്ക്കാനോ കഴിയുമോ? ഇല്ല. പക്ഷേ, മനസ്സിലുള്ളതെല്ലാം തുറന്നു പറഞ്ഞ് അവന്റേയോ അവളുടേയോ കണ്ണിലേക്കു നോക്കിയിരുന്ന‌ു തണുത്തൊരു കോക്ക്ടെയിൽ രുചിക്കുമ്പോൾ മനസൊന്നു തണുക്കും. ശ്വാസം ഉള്ളോട്ടുവലിച്ച‌ു കണ്ണടച്ച് ആ തണുപ്പറിയാം. മനസ്സിനു താനേ ഉണർവു വരും. വേണ്ടെന്നുവച്ചാലും പ്രണയം സ്വീകരിക്കപ്പെടും.

ഏതു കഠിനഹൃദയനെയും ഹൃദയയെയും തരളിതമാക്കുന്ന പശ്ചാത്തലം. കണ്ണിൽ കണ്ണിൽ നോക്കിയിരുന്ന‌ു പതുക്കെ വിരലുകൊണ്ട് അളന്നുമുറിച്ച് നാവിൽതൊടുമ്പോൾ ഹൃദയത്തിൽ അലയടിക്കണം പ്രണയത്തിന്റെ രുചിക്കൂട്ട്. പ്രണയദിനത്തിനു രുചിയും ലളിതമായിരിക്കണം. ലളിതം സുന്ദരം എന്നാണല്ലോ.

പ്രണയം തുറന്നുപറയുമ്പോൾ നുകരാൻ പറ്റിയ രണ്ട് ഡ്രിങ്കുകൾ ഇതാ.

കാരറ്റ് കോക്ക്ടെയിൽ ജ്യൂസ്

കാരറ്റ്, ബീറ്റ്റൂട്ട് എന്നിവ ഒരെണ്ണം വീതവും ഒരു പകുതി ആപ്പിളുമെടുത്ത് നന്നായി കഴുകി, തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങൾ ആക്കിയതും, അരസ്പൂൺ നാരങ്ങ നീരും, ആവശ്യത്തിനു പഞ്ചസാരയും, ഒരു കപ്പ് തണുത്ത വെള്ളവും ചേർത്ത് മിക്സിയിൽ നന്നായി അടിച്ചെടുക്കുക.

ജ്യൂസ് ഒരു അരിപ്പയിൽ ഒഴിച്ച് ഒരു സ്പൂൺ കൊണ്ട് നന്നായി ഇളക്കി അരിച്ചെടുക്കുക.

ഗൂസ്ബെറി റെഡ് ജ്യൂസ്

നാലോ അഞ്ചോ നെല്ലിക്ക നന്നായി കഴുകി, കുരു കളഞ്ഞ്, ചെറുതായി അരിഞ്ഞ് എടുക്കുക.

നെല്ലിക്ക അരിഞ്ഞതും അര സ്പൂൺ നാരങ്ങ നീരും, ആറു കറുത്ത മുന്തിരിയും, നാലു സ്പൂൺ പഞ്ചസാരയും, ചെറിയ കഷ്ണം ഇഞ്ചിയും എടുക്കുക. മൂന്നു കപ്പ് തണുത്ത വെള്ളമോ സോഡയോ ഒഴിച്ച് മിക്സിയിൽ ഇട്ടു നന്നായി അരച്ചു എടുക്കുക.

അരിച്ചു എടുത്ത് കുടിക്കാം.

English Summary : Easy Valentine's Day Drinks 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

റെക്കോർഡിലേക്ക് കണ്ണുനട്ട് ഇത്തിരിക്കുഞ്ഞൻ പൈനാപ്പിൾ

MORE VIDEOS
FROM ONMANORAMA