തലശ്ശേരി സ്പെഷൽ കോഴിക്കാലും കിഴങ്ങ് പൊരിയും

HIGHLIGHTS
  • കോഴിയുടെ കാലാണ് ഇതിൽ പ്രധാന ചേരുവയെന്ന് കരുതിയെങ്കിൽ തെറ്റി
  • മുക്കി പൊരിക്കാനുള്ള മാവ് തയാറാക്കുന്നതിലും ആവിഷ്ക്കാര സ്വാതന്ത്ര്യമുണ്ട്
snacks
ചിത്രങ്ങൾ പ്രശാന്ത് പട്ടൻ, തലശ്ശേരി
SHARE

കോഴിക്കാൽ. പേര് കേൾക്കുമ്പോൾ ഒന്നു നെറ്റിച്ചുളിക്കുമെങ്കിലും തലശ്ശേരിയിലെത്തി കോഴിക്കാൽ കഴിച്ചിട്ടുള്ളവരുടെ വായിൽ വെള്ളമൂറുമെന്നുറപ്പാണ്. ഒറ്റനോട്ടത്തിൽ കോഴിയുടെ കാൽ വറുത്തു കോരി വച്ചതു പോലെ തോന്നുമെങ്കിലും സംഭവം തലശ്ശേരിക്കാരുടെ നാലുമണിപ്പലഹാരമാണ്. ഇനി കോഴിയുടെ കാലാണ് പ്രധാന ചേരുവയെന്ന് കരുതിയെങ്കിൽ തെറ്റി. മരച്ചീനി അഥവാ കപ്പ ഉപയോഗിച്ചാണ് കോഴിക്കാൽ തയാറാക്കുന്നത്. ഇനി കോഴിക്കാൽ തയാറാക്കുന്നുണ്ടെങ്കിൽ അതേ ചേരുവകൾ ഉപയോഗിച്ച് തലശ്ശേരിക്കാരുടെ മറ്റൊരു കിടിലൻ വിഭവം കൂടി ഉണ്ടാക്കാം. കിഴങ്ങ് പൊരി അഥവാ കപ്പ പൊരി. കപ്പ അരിയുന്നതിലെ വ്യത്യാസമാണ് രണ്ടു വിഭവങ്ങളെയും വ്യത്യസ്തമാക്കുന്നത്. കോഴിക്കാൽ കോലുപോലെ നീളത്തിൽ അരിഞ്ഞെടുക്കുകയാണെങ്കിൽ കിഴങ്ങ് പൊരിക്ക് കനം കുറച്ച് സമ ചതുരാകൃതിയിലാണ് അരിയുന്നത്. കിഴങ്ങ് പൊരിക്ക് ചില ഭാഗങ്ങളിൽ കപ്പയ്ക്ക് പകരം ഉരുളക്കിഴങ്ങോ മധുരക്കിഴങ്ങോ ഉപയോഗിക്കാറുണ്ട്. രണ്ടും മാവിൽ മുക്കി പൊരിച്ചെടുത്താൽ സംഭവം റെഡി. ഇനി മുക്കി പൊരിക്കാനുള്ള മാവ് തയാറാക്കുന്നതിലും ആവിഷ്ക്കാര സ്വാതന്ത്ര്യമുണ്ട്. ചിലർ കടലമാവിനൊപ്പം അരിപ്പൊടി ചേർക്കുമ്പോൾ ചിലർ റവ മാത്രം ചേർക്കും. ഇവ രണ്ടും ചേർക്കുന്നവരുമുണ്ട്. ചിലർ മുളകുപൊടി മാത്രം ഉപയോഗിക്കുമ്പോൾ മറ്റു ചിലർ പച്ചമുള‌കും കുരുമുളക് പൊടിയും ഉപയോഗിക്കും. അതിനാൽ മാവ് തയാറാക്കുന്നതിൽ സ്വന്തം രുചിക്കൂട്ടുകൾ പരീക്ഷിക്കാം. ഇനി തലശ്ശേരിയിൽ ചെന്ന് കോഴിക്കാലും കിഴങ്ങ് പൊരിയും കഴിക്കാൻ പറ്റാത്തവർക്കായി ചേരുവ ഇപ്രകാരം:

kizhangu-pori

കപ്പ– അര കിലോ

കപ്പ തൊലി കളഞ്ഞ് വൃത്തിയാക്കിയതിന് ശേഷം നന്നായി കഴുകിയെടുക്കുക. രണ്ടായി മുറിച്ച് രണ്ട് മിനിറ്റോളം ഉപ്പിട്ട തിളച്ച വെള്ളത്തിൽ വേവിക്കുക. കപ്പ എളുപ്പത്തിൽ അരിഞ്ഞെടുക്കാനും ഉപ്പ് കപ്പയിൽ പിടിക്കുന്നതിനുമായിട്ടാണിത്. ശേഷം കപ്പയിലെ വെള്ളം വാലാനായിട്ട് അരിപ്പയിൽ മാറ്റി വയ്ക്കുക. കപ്പയിലെ വെള്ളം വാർന്ന്, തണുത്തതിന് ശേഷം അരിഞ്ഞെടുക്കുക. കോഴിക്കാലിന് കോലു പോലെ അൽപം വീതിയിലും കിഴങ്ങ് പൊരിക്ക് കനം കുറച്ച് സമചതുരാകൃതിയിലുമാണ് അരിയേണ്ടത്. തിളപ്പിക്കുമ്പോൾ കപ്പ വെന്തു പോകാതിരിക്കാൻ ശ്രദ്ധിക്കുക. ഇനി കപ്പ വെന്തുപോകുമെന്ന് പേടിയുള്ളവർക്ക് കപ്പ അരിഞ്ഞതിനു ശേഷം അര മണിക്കൂറോളം ഉപ്പിട്ട വെള്ളത്തിൽ കപ്പ മുക്കി വയ്ക്കുക. വെള്ളം വാർന്നതിന് ശേഷം അരിയുക.

മാവിനുള്ള ചേരുവകൾ

∙ ഇഞ്ചി, വെള്ളുത്തുള്ളി, പച്ചമുളക് ചതച്ചത്– 4 ടീ സ്പൂൺ
∙ കശ്മീരി മുളകുപൊടി– ഒരു ടീ സ്പൂൺ
∙ മുളകുപൊടി– കാൽ ടീ സ്പൂൺ
∙ മഞ്ഞൾപ്പൊടി– കാൽ ടീ സ്പൂൺ
∙ ഗരം മസാല– കാൽ ടീ സ്പൂൺ
∙ കടലമാവ്– 4 ടേബിൾ സ്പൂൺ
∙ അരിപ്പൊടി– 2 ടേബിൾ സ്പൂൺ
∙ റവ– ഒരു ടേബിൾ സ്പൂൺ
∙ പെരുംജീരകം പൊടിച്ചത്– കാൽ ടീ സ്പൂൺ
∙ കായം– ഒരു നുള്ള്
∙ കറിവേപ്പില– ആവശ്യത്തിന്
∙ വെളിച്ചെണ്ണ– വറുക്കാൻ ആവശ്യത്തിന്
∙ ഉപ്പ്– ആവശ്യത്തിന്
∙ വെള്ളം– ആവശ്യത്തിന്

തയാറാക്കുന്ന വിധം

kozhikkal

∙ മേൽപറഞ്ഞ ചേരുവകൾ എല്ലാം വെള്ളം ചേർത്ത് നന്നായി കുഴച്ചെടുക്കുക. അരിഞ്ഞു വച്ച കപ്പയിൽ മാവ് പറ്റിച്ചേരുന്ന വിധത്തിലാവണം മാവ് തയാറാക്കാൻ.  റവ ചേർത്തതിനാൽ വെള്ളം ആവശ്യത്തിന് മാത്രം ചേർക്കുക. ശേഷം എണ്ണയിൽ വറുത്ത് കോരുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിങ്ങൾ എപ്പോഴും ഒരുമിച്ചാണോ? ചിരിപ്പിച്ച് സജിയേട്ടനും അസിസ്റ്റന്റും | Jan E Man | Manorama Online

MORE VIDEOS
FROM ONMANORAMA